മസ്കത്ത്: ഒമാനിലെ ദോഫാർ തീരത്തിന് സമീപമുള്ള ഹല്ലാനിയാത്ത് ദ്വീപുകളിലെ അൽ ഖിബ്‍ലിയ ദ്വീപിനടുത്ത് പാറയിടുക്കിൽ കുടുങ്ങിയ ‘കരോലിൻ ബെസെംഗി’ എന്ന എണ്ണക്കപ്പലിൽ നിന്നുള്ള ചോർച്ച തടയാൻ ഒമാൻ ഗതാഗത മന്ത്രാലയം നടപടികൾ ഊർജിതമാക്കി. ഏകദേശം എട്ടു ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ ബാരൽ അസംസ്‌കൃത എണ്ണയുമായി സഞ്ചരിച്ചിരുന്ന ‘കരോലിൻ ബെസെംഗി’ എന്ന ഭീമൻ എണ്ണക്കപ്പലിൽ കഴിഞ്ഞ ജൂണിൽ യമൻ തീരത്തിനടുത്തുവെച്ച് ശക്തമായ സ്ഫോടനമുണ്ടാകുകയും ജലം കപ്പലിനുള്ളിലേക്ക് കയറുകയും ചെയ്താണ് അപകടത്തിൽപെട്ടത്. തുടർന്ന് നിയന്ത്രണം വിട്ട കപ്പൽ ജൂൺ 30-ഓടെ ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ ഉൾപ്പെടുന്ന അൽ ഹല്ലാനിയാത്ത് ദ്വീപ് സമൂഹത്തിലെ ‘അൽ ഖിബ്‍ലിയ്യ’ ദ്വീപിന് സമീപം അടിത്തട്ടിൽ ഇടിച്ചുനിൽക്കുകയായിരുന്നു.
400 ചതുരശ്ര കിലോമീറ്ററിൽ പടർന്ന് എണ്ണപ്പാട
പരിസ്ഥിതി മലിനീകരണത്തിന്റെ ആഘാതം കുറക്കാൻ പരിസ്ഥിതി അതോറിറ്റി, ബ്രിട്ടീഷ് മാരിടൈം റിസ്ക് കമ്പനിയായ ആംബ്രി, അന്താരാഷ്ട്ര വിദഗ്ധർ എന്നിവരുമായി ചേർന്നാണ് മന്ത്രാലയം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. ആഴ്ചകളായി കടലിൽ തങ്ങിനിൽക്കുന്ന കപ്പലിൽ നിന്നുള്ള ഇന്ധനച്ചോർച്ച ശക്തമായ മൺസൂൺ കാറ്റും കടൽക്ഷോഭവും കാരണം അതിവേഗം ഒമാന്റെ തീരങ്ങളിലേക്ക് വ്യാപിച്ച നിലയിലാണ്.
കടലിൽ ഏകദേശം 400 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശത്ത് ഈ എണ്ണപ്പാട പടർന്നിട്ടുണ്ട്. നിലവിലെ നിരീക്ഷണങ്ങൾ പ്രകാരം റാസ് മദ്‌റക മേഖലയിൽ മാത്രം 40 കിലോമീറ്ററോളം നീളത്തിൽ തീരപ്രദേശം എണ്ണമലിനീകരണത്തിന്റെ പിടിയിലാണ്. മൺസൂൺ കാറ്റിന്റെ ഗതിക്കനുസരിച്ച് മസീറ ദ്വീപിന്റെ തെക്കൻ തീരങ്ങളിലേക്ക് കൂടി എണ്ണപ്പാട പടരാൻ സാധ്യതയുണ്ടെന്ന് സാറ്റലൈറ്റ് ചിത്രങ്ങളും ആധുനിക മോഡലിങ് സംവിധാനങ്ങളും വിശകലനം ചെയ്ത് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികൂലമായി ഖരീഫിലെ കടൽക്ഷോഭം
ദോഫാറിൽ ഖരീഫ് (മൺസൂൺ) സീസണായതിനാൽ കടുത്ത കാലാവസ്ഥയും കടൽക്ഷോഭവുമാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് ഏറ്റവും വലിയ തടസ്സം സൃഷ്ടിക്കുന്നത്. മണിക്കൂറിൽ 40 നോട്ട്സ് വേഗതയിൽ വീശുന്ന ശക്തമായ കാറ്റും നാല് മീറ്ററോളം ഉയരുന്ന കനത്ത തിരമാലകളും കാരണം കപ്പലിനടുത്തേക്ക് മറ്റ് ബോട്ടുകൾക്കോ രക്ഷാപ്രവർത്തകർക്കോ കടൽമാർഗം അടുക്കാൻ സാധിക്കുന്നില്ലെന്ന് മാരിടൈം അഫയേഴ്സ് ഡയറക്ടർ ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ റവാഹി വ്യക്തമാക്കി.
കൂടാതെ, കപ്പൽ കുടുങ്ങിക്കിടക്കുന്ന പ്രദേശം ആഴം കുറഞ്ഞതും പാറക്കെട്ടുകൾ നിറഞ്ഞതുമാണ്. കപ്പൽ ഇപ്പോൾ ഒരു വശത്തേക്ക് 17 ഡിഗ്രിയോളം ചരിഞ്ഞ നിലയിലാണുള്ളത്. ഇതിന്റെ ഒരു വശത്തേക്ക് കടൽവെള്ളം ഇരച്ചുകയറിയിട്ടുമുണ്ട്. കപ്പലിന്റെ ഡെക്കിൽ എണ്ണയും വെള്ളവും കലർന്നു കിടക്കുന്നതും കനത്ത കാറ്റും കപ്പലിലെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടതും പ്രതിസന്ധി വർധിപ്പിക്കുന്നു.
വ്യോമമാർഗം രക്ഷാപ്രവർത്തനത്തിന് ശ്രമം
കടൽമാർഗം കപ്പലിനടുത്തേക്കുള്ള യാത്ര അസാധ്യമായതിനാൽ, അത്യാധുനിക ഉപകരണങ്ങളും ജനറേറ്ററുകളും അന്താരാഷ്ട്ര വിദഗ്ധരെയും കപ്പലിന്റെ ഡെക്കിലേക്ക് എത്തിക്കാൻ ഒമാൻ അധികൃതർ വ്യോമസേനയുടെ സഹായമാണ് തേടിയിരിക്കുന്നത്. കപ്പലിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനും ഗ്യാസ്, ഓക്സിജൻ അളവുകൾ പരിശോധിക്കാനും സാങ്കേതിക സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
നിലവിലെ ചോർച്ചയുടെ തോത് കുറക്കാൻ തകരാർ സംഭവിക്കാത്ത മറ്റ് ടാങ്കുകളിലേക്ക് കപ്പലിനകത്തു വെച്ചുതന്നെ എണ്ണ മാറ്റുന്നതിനുള്ള സാധ്യതകൾ വിദഗ്ധർ പരിശോധിച്ചുവരികയാണ്. കടൽ ശാന്തമാകുന്നതോടെ കപ്പലിലെ മുഴുവൻ എണ്ണയും മറ്റൊരു സുരക്ഷിതമായ കപ്പലിലേക്ക് മാറ്റാനാണ് പദ്ധതി. ഇതിനായി കപ്പലിന് ചുറ്റുമുള്ള കടലിന്റെ ആഴവും വഴികളും കണ്ടെത്താൻ പ്രത്യേക ഹൈഡ്രോഗ്രാഫിക് സർവേയും ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് ഘട്ടം ഘട്ടമായി മാത്രമേ തുടർന്നുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകൂവെന്ന് മന്ത്രാലയം അറിയിച്ചു.
അത്യപൂർവ കടലാമകളുടെയും വൈവിധ്യമാർന്ന സമുദ്രജീവികളുടെയും ആവാസകേന്ദ്രമായ ഹല്ലാനിയാത്ത് നാചുറൽ മറൈൻ റിസർവിനെ ഈ ദുരന്തം ദോഷകരമായി ബാധിക്കാതിരിക്കാൻ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകൾ കേന്ദ്രീകരിച്ചാണ് നിലവിൽ പ്രതിരോധ സജ്ജീകരണങ്ങൾ ഒരുക്കുന്നത്. തീരപ്രദേശങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള എണ്ണയോ മറ്റ് മലിനവസ്തുക്കളോ നേരിട്ട് കൈകാര്യം ചെയ്യാൻ ശ്രമിക്കരുതെന്നും, ഇത്തരം പ്രതിഭാസങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ വിവരം അറിയിക്കണമെന്നും മത്സ്യത്തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഒമാൻ പരിസ്ഥിതി അതോറിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.