സന്ദർശകരെ ആകർഷിച്ച് ഫലജ് അൽ ദാരിസ്

മസ്കത്ത്: വിനോദസഞ്ചാരികൾക്ക് ഏറെ കൗതുകങ്ങൾ സമ്മാനിക്കുന്ന നിസ്വ വിലായത്തിലെ പ്രധാന ആകർഷണമാണ് ഫലജ് അൽ ദാരിസ്. ഒമാനിലെ ഏറ്റവും നീളം കൂടിയ ഫലജ് കൂടിയാണിത്. 1992ൽ യുനെസ്കോ പൗരാണിക പട്ടികയിൽ ഇടംപിടിച്ച നാലു ഫലജുകളിൽ പ്രധാനപ്പെട്ടതാണ് ഫലജ് അൽ ദാരിസ്. അൽ ദാരിസും അതിനോടനുബന്ധിച്ചുള്ള ചെറിയ പാർക്കും സന്ദർശിക്കാനാണ് വിനോദ സഞ്ചാരികൾ എത്തുന്നത്. ഈ ഫലജിന് 2500 ലധികം വർഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.

പത്തു മീറ്ററോളം ആഴമുള്ള കുഴിയിൽനിന്ന് പൊട്ടി ഒഴുകുന്ന ഭൂഗർഭ ജലം ചെറിയ കനാലുകൾ വഴി വിവിധ ഭൂപ്രദേശങ്ങളിലേക്ക് തിരിച്ചുവിടുകയും കിലോ മീറ്ററുകളോളം സ്ഥലത്ത് ജലസേചനം നടത്തുകയും ചെയ്യുന്ന രീതിയാണിത്. എന്നാൽ വളരെ വേഗത്തിൽ നടക്കുന്ന നഗരവത്കരണവും മലിനജല വ്യാപനവും ഇത്തരം ഫലജുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജബൽ അഖ്ദറിന്‍റെ ചരിവുകളിലൊന്നായ അൽ അബ്യദിൽനിന്നാണ് അൽ ദാരിസ് ഉദ്ഭവിക്കുന്നത്. നിസ്വ നഗരത്തിൽനിന്ന് ആറ് കിലോമീറ്റർ അകലെയാണിത്. ഫലജ് ദാരിസിന് രണ്ട് ശാഖകളുണ്ട്. വലിയ ശാഖക്ക് 2750 മീറ്റർ ദൈർഘ്യവും ചെറിയ ശാഖക്ക് 1950 മീറ്റർ ദൈർഘ്യവുമുണ്ട്. 82 ഇടങ്ങളിൽ വെള്ളം തിരിച്ചുവിടാനുള്ള സംവിധാനമുണ്ട്. ഈ ഫലജ് വഴി 200 ഹെക്ടർ സ്ഥലത്ത് കൃഷി നടത്താൻ പറ്റും.

ഇസ്ലാമിക കാലഘട്ടത്തിന് മുമ്പാണ് ഫലജുകൾ വിശാല അടിസ്ഥാനത്തിൽ നിർമിച്ചതെന്ന് കണക്കാക്കുന്നു. ഒമാൻ വരണ്ട പ്രദേശമായതിനാൽ കുടിക്കാനും കാർഷിക ആവശ്യങ്ങൾക്കും ജലം ലഭിക്കുന്നതിന് ഏറെ പ്രയാസം അനുഭവപ്പെട്ടിരുന്നു. ഇതിന് പരിഹാരമായാണ് അനുയോജ്യമായ മേഖലകളിൽ കിണർ കുഴിച്ച് കനാലുകൾ വഴി വെള്ളം എത്തിക്കാനുള്ള സംവിധാനം ആരംഭിച്ചത്. ഉയർന്ന പ്രദേശങ്ങളിലാണ് ഇത്തരം ജല സ്രോതസ്സുകൾ നിർമിക്കുന്നത്. വർഷം മുഴുവൻ ജലം ലഭിക്കുന്നവയാണ് ദാവുദി ഫലജ്.

ഫലജുകൾക്ക് ഒമാനി ജീവിതരീതിയുമായി അടുത്ത ബന്ധമാണുള്ളത്. പുരാതന കാലം മുതൽ ഇവരുടെ ജീവിതം ഫലജുമായി കെട്ടുപിണഞ്ഞുള്ളതാണ്. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കാർഷിക ആവശ്യങ്ങൾക്കും ഫലജുകളെയാണ് ആശ്രയിക്കുന്നത്. ഒമാനിലെ 4112 ഫലജുകളിൽ 3017 ഫലജുകൾ ഇപ്പോഴും നിലവിലുണ്ട്. ഇത് ഉപയോഗപ്പെടുത്തി 17,600 ഹെക്ടർ സ്ഥലത്താണ് കൃഷി നടത്തുന്നത്. ഒമാനിലെ മൊത്തം കൃഷി ഇടങ്ങളുടെ പകുതിയാണിത്. നിസ്വയിലെ ബിർക്കത്തുൽ മൗസിലെ അൽ ഖത്മീൻ, ഇസ്കി വിലായത്തിലെ അൽ മാലികി എന്നിവ ഒമാനിലെ പ്രധാന ഫലജുകളാണ്. ചില ഫലജുകൾക്ക് 16 കിലോമീറ്ററോളം നീളമുണ്ട്. 

Tags:    
News Summary - Falaj Al Daris attracts visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.