അഡ്വ. ആർ മധുസൂദനൻ
ഈ അടുത്ത സമയത്തു സോഷ്യൽ മീഡിയയിൽ പ്രവാസികളുടെ പ്രവാസത്തിനു മുന്നേ നാട്ടിൽ ഉണ്ടായിരുന്ന സേവിങ്സ് ബാങ്ക്സ് അക്കൗണ്ട് ഉൾപ്പടെയുള്ള അക്കൗണ്ടുകൾ എൻ.ആർ.ഒ (നോൺ റസിഡന്റ് ഓർഡിനറി ) ആയി മാറ്റേണ്ടതിനെപ്പറ്റിയുള്ള വിഡിയോകൾ കണ്ടു നിരവധി പ്രവാസികൾ എന്നെ ബന്ധപ്പെട്ടിരുന്നു. നേരത്തെ എഴുതിയിട്ടുള്ളതാണെങ്കിലും വായനക്കാരുടെ അഭ്യർത്ഥന മാനിച്ചു ഒന്നുകൂടി വിശദമാക്കാം.
ധാരാളം തെറ്റിദ്ധാരണ പരത്തുന്ന, പ്രവാസികളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ് ആയിരുന്നു എനിക്കും അയച്ചു കിട്ടിയത്. ചിലതൊക്കെ സത്യമാണെങ്കിലും പറയുന്നതിനൊരു രീതിയുണ്ട്. ലൈഫ് ഇൻഷുറൻസ് ഏജന്റ് ‘നിങ്ങൾ മരിച്ചാൽ നിങ്ങളുടെ ഭാര്യക്ക് 10 ലക്ഷം കിട്ടും’ എന്ന് പറഞ്ഞാൽ, സത്യമതാണെങ്കിൽ കൂടി ആർക്കാണത് ഇഷ്ടപ്പെടുക ? പലപ്പോഴും ഭാഗികമായ അറിവുകൾ വെച്ച് ചെയ്യുന്ന ഇത്തരം വിഡിയോകൾ ധാരാളം ആളുകളിലേക്ക് ഷെയർ ചെയ്യപ്പെടുന്നു എന്നതാണ് വാസ്തവം. മറ്റു രാജ്യങ്ങളിൽ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകൾ ചെയ്യുന്നത് കുറ്റകരമാണ്. മതിയായ യോഗ്യതകൾ അതതു മേഖകളിൽ ഇല്ലാത്തവർ വിഡിയോകൾ ചെയ്താൽ ശിക്ഷിക്കപ്പെടും.
ഇന്ത്യയിൽ താമസം വിട്ട് വിദേശത്ത് സ്ഥിരതാമസം/ജോലിക്കു വേണി പോയാൽ നേടിയാൽ (എൻ.ആർ.ഐ ആയി മാറിയാൽ), നാട്ടിലെ നിലവിലുള്ള സാധാരണ /മറ്റു ഡെപ്പോസിറ്റു അക്കൗണ്ടുകൾ എൻ.ആർ.ഒ (Non-Resident Ordinary) അക്കൗണ്ടായി മാറ്റുന്നത് നിർബന്ധമാണ്. ഇത് റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ) വിദേശനാണയ നിയമങ്ങളായ ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മന്റ് ആക്റ്റ് (ഫെമ) പ്രകാരം നിർദ്ദേശിച്ചിരിക്കുന്നതാണ്. വിദേശ രാജ്യത്തു എത്തിയാൽ നിങ്ങൾ നാട്ടിലെ ബാങ്കിൽ ഒരു എൻ.ആർ.ഇ അക്കൗണ്ട് തുടങ്ങണം. വിദേശത്തു നിന്നുള്ള പണം മേൽപ്പറഞ്ഞ എൻ.ആർ.ഇ അക്കൗണ്ടിലേക്കു അയക്കണം. പലരും ഇത് ചെയ്യുന്നില്ല. അറിവില്ലായ്മയും ചിലപ്പോൾ മടിയുമാണ് കാരണം മേൽപറഞ്ഞ കാര്യങ്ങൾക്കു ആധാരമായുള്ളത്.
സ്ഥിരമായി നാട്ടിലേക്കു മടങ്ങുമ്പോഴും നിങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ട്. നാട്ടിലേക്കു സ്ഥിരമായി മടങ്ങുമ്പോൾ നിലവിലെ എൻ.ആർ.ഇ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുകയോ അല്ലെങ്കിൽ അത് സാധാരണ അക്കൗണ്ട് ആയി മാറ്റുകയോ വേണം. ഇതും കർശനമാണ്. അതുകൊണ്ടു നാട്ടിലേക്കു സ്ഥിര താമസത്തിനു പോകുന്നവർ ഇക്കാര്യം ബാങ്കിനെ രേഖാ മൂലം അറിയിക്കുക.
നിങ്ങൾ പ്രവാസി ആണെങ്കിൽ വിദേശത്തുള്ള ശമ്പളം തുടങ്ങിയ വരുമാനത്തിന് ഇന്ത്യയിൽ ആദായ നികുതി കൊടുക്കേണ്ട. എന്നാൽ നാട്ടിലുള്ള വരുമാനം ആദായനികുതിക്കു വിധേയമാണ്.(കഴിഞ്ഞ ലക്കത്തിൽ ഇതിനെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട് ). പ്രവാസികൾക്ക് നാട്ടിൽ പെൻഷൻ, വീട്ടു വാടക, എൻ.ആർ.ഇ അല്ലാത്ത നിക്ഷേപങ്ങളുടെ വരുമാനം, ഡിവിഡന്റ് , ക്യാപിറ്റൽ ഗൈൻ, എന്നീ വരുമാനങ്ങൾ ഉണ്ടാകാം. ഈ വരുമാന ങ്ങൾ നാട്ടിലെ എൻ.ആർ.ഒ അക്കൗണ്ടിൽ വേണം വരവുവെക്കാൻ. കാരണം ഈ വരുമാനങ്ങൾക്കു ടി.ഡി.എസ് അതായതു ഉത്ഭവസ്ഥാനത്തു തന്നെ നികുതി പിടിക്കണം എന്നാണ് ആദായനികുതി വകുപ്പിന്റെ നിയമം. നിങ്ങൾക്ക് ആദായനികുതിക്കു വിധേയമായ വരുമാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത് ബാധകമാണ്. ഉദാഹരണമായി, നിങ്ങൾക്ക് ബാങ്കിലെ എൻ.ആർ.ഇ അല്ലാത്ത ഒരു എഫ്.ഡിയുടെ വരുമാനം മാസം 10000 രൂപ ഉണ്ടെന്നിരിക്കട്ടെ. നിലവിലെ നിയമം അനുസരിച്ചു 3120 രൂപ (30 ശതമാനം ടി.ഡി.എസും നാലു ശതമാനം സെസും ചേർത്ത് 31.20 ശതമാനം ടി.ഡി.എസ് ബാങ്ക് പിടിക്കും). പല പ്രവാസികൾക്കും കെ.എസ്.എഫ്.ഇയിൽ പ്രവാസി ചിട്ടിയുടെ തുക സ്ഥിര നിക്ഷേപമായി ഉണ്ട്. ഇതിനും 31.2 ശതമാനം ടി.ഡി.എസ് ബാധകമാണ്. വാടക, ക്യാപിറ്റൽ ഗൈൻ ഇവക്കു വേറെയാണ് നിരക്കുകൾ. പിടിച്ച ടി.ഡി.എസ് തിരികെ കിട്ടാൻ വർഷത്തിന്റെ അവസാനം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യണം.
മുകളിൽ പറഞ്ഞതുപോലെ പ്രവാസത്തിലേക്കു വരുമ്പോഴും പ്രവാസം കഴിഞ്ഞു സ്ഥിര താമസത്തിനായി നാട്ടിലേക്കു പോകുമ്പോഴും നിങ്ങളുടെ നിലവിലെ അക്കൗണ്ടിന്റെ സ്റ്റാറ്റസ് മാറ്റണം. ബാങ്കിനെ അറിയിച്ചു അവർ ആവശ്യപ്പെടുന്ന രേഖകൾ കൊടുത്താൽ ബാങ്ക് ഇത് ചെയ്തുകൊള്ളും. ഇങ്ങനെ ചെയ്യാത്തത് നേരെത്തെ പറഞ്ഞ ഫെമ/ആദായനികുതി വകുപ്പുകളുടെ ലംഘനമാണ്. അതുകൊണ്ടു പിടിക്കപ്പെട്ടാൽ വലിയ പിഴ ഒടുക്കേണ്ടി വരും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, പാൻ, ആധാർ കാർഡുകൾ ഇവ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതുകൊണ്ട് വരും കാലങ്ങളിൽ ഇത് കണ്ടുപിടിക്കാൻ വളരെ എളുപ്പമാണ്. നിലവിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എങ്കിലും വരും കാലങ്ങളിൽ ഇത് പരിശോധിക്കപ്പെടാം. പ്രവാസികൾക്ക് യാതൊരു ചിലവുമില്ലാത്ത ഒരു കാര്യമാണിത്. അതുകൊണ്ടു നാട്ടിലെ ബാങ്കുമായി ബന്ധപ്പെട്ടു ഇക്കാര്യങ്ങൾ ചെയ്തു പിഴ ഒടുക്കുന്നതിൽ നിന്നും ഒഴിവാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.