മസ്കത്ത്: ഇസ്‍ലാമിക രാജ്യങ്ങളിലെ ഹജ്ജ് കാര്യാലയങ്ങളുടെ പ്രാദേശിക വിഭാഗത്തിൽ, തീർഥാടകർക്ക് മികച്ച സേവനം നൽകിയതിനുള്ള ‘ലബ്ബൈത്തും’ പുരസ്കാരത്തിലെ വെള്ളി മെഡൽ ഒമാൻ ഹജ്ജ് മിഷൻ സ്വന്തമാക്കി. ഹജ്ജ് തീർഥാടന വേളയിൽ ഒമാനി തീർഥാടകർക്കായി ഒരുക്കിയ സംയോജിത സേവനങ്ങൾ, സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കൽ, ഔദ്യോഗിക നിയമങ്ങൾ പാലിക്കൽ, തീർഥാടകരുടെ മൊത്തത്തിലുള്ള സംതൃപ്തി എന്നിവ മുൻനിർത്തിയാണ് ഒമാന്റെ മികച്ച പ്രകടനത്തിനുള്ള ഈ അംഗീകാരം.
ഹജ്ജ് ഓഫിസുകൾക്കിടയിൽ ആരോഗ്യകരമായ മത്സരം വളർത്താനും തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമായി സൗദി അറേബ്യയുടെ ഹജ്ജ്-ഉംറ മന്ത്രാലയമാണ് ‘ലബ്ബൈത്തും’ പുരസ്കാരങ്ങൾ നൽകിവരുന്നത്. പ്രവർത്തനക്ഷമത, ഫീൽഡ് സേവനങ്ങളുടെ ഗുണനിലവാരം, മാർഗനിർദ്ദേശങ്ങളും ബോധവൽകരണ ശ്രമങ്ങളും, തീർഥാടകരുടെ യാത്രാ സൗകര്യങ്ങളുടെ മാനേജ്‌മെന്റ്, ആരോഗ്യ-നിയമപരമായ ആവശ്യകങ്ങൾ പാലിക്കൽ എന്നിവയുൾപ്പെടെയുള്ള പ്രധാന സൂചകങ്ങളിൽ മികച്ച നേട്ടം കൈവരിച്ചതിനെ തുടർന്നാണ് ഒമാൻ ഹജ്ജ് മിഷൻ ഈ നേട്ടത്തിന് അർഹരായത്.
തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും അവരുടെ ആത്മീയ യാത്ര കൂടുതൽ സഫലമാക്കുന്നതിനും സഹായിച്ച നിരവധി ഗുണപരമായ പദ്ധതികൾ നടപ്പാക്കിയതിനും മിഷൻ പ്രശംസ നേടി. തീർഥാടകർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിൽ ഒമാൻ പുലർത്തുന്ന തുടർച്ചയായ ശ്രമങ്ങൾക്ക് അടിവരയിടുന്നതാണ് ഈ പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.