സൈനികശക്തിയേക്കാൾ കരുത്ത് സംഭാഷണത്തിന്; സമാധാനത്തിനും നയതന്ത്രത്തിനും ഊന്നൽ നൽകി സുൽത്താൻ ഹൈതം
മസ്കത്ത്: ലോകത്ത് സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ സൈനികശക്തിയേക്കാൾ സംഭാഷണത്തിനും നയതന്ത്രത്തിനുമാണ് പ്രാധാന്യമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. ബ്രിട്ടൻ സന്ദർശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വിൻഡ്‌സർ കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവ് ഒരുക്കിയ ഔദ്യോഗിക വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലും സംഭാഷണം, പരസ്പര ധാരണ, സമാധാനം എന്നിവയിലൂന്നിയുള്ള സ്വതന്ത്ര നിലപാടാണ് ഒമാൻ സ്വീകരിക്കുന്നത്. മറ്റുള്ളവരെ കേൾക്കാൻ തയാറാകുന്നതാണ് വിവേകപൂർണമായ നേതൃത്വത്തിന്റെ അടയാളം. സൈനികശക്തിയിലൂടെ നേടാനാകാത്ത കരുത്ത് മറ്റുള്ളവരെ കേൾക്കുന്നതിലൂടെ ഒമാൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സുൽത്താൻ വ്യക്തമാക്കി. രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും പരസ്പരം അടുപ്പിക്കാനും നയതന്ത്ര ചർച്ചകളും നിരന്തര പരിശ്രമങ്ങളും അനിവാര്യമാണ്. സമാധാനപരമായ പരിഹാരങ്ങൾ തേടുന്നതാണ് ഒമാന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.
ഒമാനും ബ്രിട്ടനും തമ്മിലുള്ള രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള സൗഹൃദബന്ധവും സുൽത്താൻ അനുസ്മരിച്ചു. 1800ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച സൗഹൃദ ഉടമ്പടി ഇന്നും ബന്ധത്തിന്റെ അടിത്തറയായി തുടരുകയാണ്. കാലങ്ങളായി നിരവധി പ്രതിസന്ധികളെ അതിജീവിച്ച സൗഹൃദം കൂടുതൽ ശക്തമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.പ്രതിരോധം, വിദ്യാഭ്യാസം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ട്. തലമുറകളായി ഒമാനിലെയും ബ്രിട്ടനിലെയും സൈനിക ഉദ്യോഗസ്ഥർ സംയുക്ത പരിശീലനങ്ങളിലും സേവനങ്ങളിലും പങ്കാളികളായിട്ടുണ്ട്. ബ്രിട്ടനിലെ പ്രമുഖ സൈനിക അക്കാദമികളിൽനിന്ന് ഒമാനി ഉദ്യോഗസ്ഥർ പരിശീലനം നേടിയതും ഇരു രാജ്യങ്ങൾക്കുമിടയിലെ പരസ്പര വിശ്വാസം വർധിപ്പിക്കുന്നതാണ്.
ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒമാനി വിദ്യാർഥികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതായും സുൽത്താൻ ചൂണ്ടിക്കാട്ടി. ഒമാനിൽ കൂടുതൽ ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള സാധ്യതകളും അദ്ദേഹം സൂചിപ്പിച്ചു. ഒമാനിലെ ഏറ്റവും വലിയ വിദേശ നേരിട്ടുള്ള നിക്ഷേപ സ്രോതസ്സാണ് ബ്രിട്ടനെന്നും പതിറ്റാണ്ടുകളായി രാജ്യത്തിന്റെ പ്രധാന വ്യാപാര പങ്കാളികളിലൊന്നാണെന്നും സുൽത്താൻ ചൂണ്ടിക്കാട്ടി. യുവജനക്ഷേമം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ ചാൾസ് രാജാവ് നടത്തുന്ന പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും വരുംതലമുറകളിലും തുടരുമെന്ന പ്രത്യാശ പ്രകടിപ്പിച്ചാണ് സുൽത്താൻ പ്രസംഗം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.