ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് വിൻഡ്‌സർ കൊട്ടാരത്തിൽ ഒരുക്കിയ ഔദ്യോഗിക വിരുന്നിൽ ചാൾസ് രാജാവിനൊപ്പം

പ്രവാചക വചനം അറബിയിൽ മൊഴിഞ്ഞ് ചാൾസ് രാജാവ്; വിൻഡ്‌സർ കൊട്ടാരത്തിൽ ഇത് അപൂർവ നിമഷം!

മസ്കത്ത്/ലണ്ടൻ: ഒമാൻ ജനതയുടെ ഉൽകൃഷ്ടമായ സ്വഭാവമഹിമയെയും സമാധാനാന്തരീക്ഷത്തെയും പ്രകീർത്തിക്കാൻ പ്രവാചകൻ മുഹമ്മദ് നബിയുടെ വചനം (ഹദീസ്) ഉദ്ധരിച്ച് ബ്രിട്ടനിലെ ചാൾസ് രാജാവ്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ യു.കെ സന്ദർശനത്തോടനുബന്ധിച്ച് വിൻഡ്‌സർ കൊട്ടാരത്തിൽ ഒരുക്കിയ ഔദ്യോഗിക വിരുന്നിലാണ് ചാൾസ് രാജാവ് അപൂർവ പ്രസംഗം നടത്തിയത്.

പ്രസംഗത്തിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ വചനം അറബിയിലാണ് ചാൾസ് രാജാവ് മൊഴിഞ്ഞത്. ഒമാൻ ജനതയുടെ സഹിഷ്ണുതയെയും ഉദാരമനസ്കതയെയും അടയാളപ്പെടുത്താൻ, ‘നിങ്ങൾ ഒമാനിലെ ജനങ്ങളുടെ അടുത്തേക്കാണ് പോയിരുന്നതെങ്കിൽ അവർ നിങ്ങളെ ചീത്തവിളിക്കുകയോ അടിക്കുകയോ ചെയ്യുമായിരുന്നില്ല’ എന്ന പ്രവാചക വചനമാണ് ചാൾസ് രാജാവ് ഉദ്ധരിച്ചത്.

മേഖലയിൽ സമാധാനവും സന്തുലിതാവസ്ഥയും നിലനിർത്താൻ ഒമാൻ സ്വീകരിക്കുന്ന നയതന്ത്രപരമായ നിലപാടുകളെയും മധ്യസ്ഥശ്രമങ്ങളെയും അദ്ദേഹം തന്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു. ബ്രിട്ടനും ഒമാനും തമ്മിലുള്ള ദീർഘകാലത്തെ സൗഹൃദം പരസ്പരവിശ്വാസത്തിലും നയതന്ത്ര തത്വങ്ങളിലും അധിഷ്ഠിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒമാനിലെ ജനതയെ പുകഴ്ത്തിയ മുഹമ്മദ് നബിയുടെ വചനത്തിന് പ്രവാചക ചരിത്രത്തിൽ രേഖപ്പെടുത്തിയ ഒരു സംഭവമാണ് ആധാരം. പ്രവാചകൻ മുഹമ്മദ് നബി ഒരു ഗോത്രത്തിലേക്ക് തന്റെ ഒരു ദൂതനെ അയച്ചിരുന്നു. എന്നാൽ, ആ ഗോത്രക്കാർ ദൂതനോട് വളരെ ക്രൂരമായാണ് പെരുമാറിയത്. അവർ അദ്ദേഹത്തെ അപമാനിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു.

മർദ്ദനമേറ്റ ദൂതൻ സങ്കടത്തോടെ പ്രവാചകന്റെ അടുക്കൽ മടങ്ങിയെത്തി ദുരനുഭവം വിവരിച്ചു. ദൂതന്റെ സങ്കടം കേട്ട പ്രവാചകൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണ് ഒമാൻ ജനതയുടെ ചരിത്രപരമായ സൽസ്വഭാവത്തിന് സാക്ഷ്യമായി മാറിയത്. ‘നീ ഒമാനിലെ ജനങ്ങളുടെ അടുത്തേക്കാണ് പോയിരുന്നതെങ്കിൽ, അവർ നിന്നെ ചീത്തവിളിക്കുകയോ തല്ലുകയോ ചെയ്യുമായിരുന്നില്ല.’ - ഇതായിരുന്നു ആ വചനം.

അറേബ്യൻ ഉപദ്വീപിലെ മറ്റു പല ഗോത്രങ്ങളും അപരിചിതരോടും ദൂതന്മാരോടും പരുക്കനായി പെരുമാറിയപ്പോൾ, ഒമാനിലെ ജനങ്ങൾ നൂറ്റാണ്ടുകളായി സമാധാനപ്രിയരും അതിഥികളെ ആദരിക്കുന്നവരുമാണെന്നത് പ്രവാചകന്റെ വാക്കുകളിൽ തെളിയുന്നു. ഒമാൻ ജനതയുടെ സഹിഷ്ണുതയെയും മാന്യതയെയും വ്യക്തമാക്കുന്ന ഈ പ്രവാചക വചനം ഇന്നും മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുന്ന സഞ്ചാരികളെ സ്വീകരിക്കാനായി വലിയ അക്ഷരങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ ചരിത്ര പശ്ചാത്തലം മുൻനിർത്തിയാണ് ഒമാൻ സുൽത്താന് നൽകിയ വിരുന്നിൽ ചാൾസ് രാജാവ് ഈ വചനം ഉദ്ധരിച്ചത്. അറേബ്യൻ ഉപദ്വീപിലെ സംഘർഷ സാഹചര്യത്തിനിടയിൽ സമാധാനത്തിനായി ഒമാൻ തുടർച്ചയായി നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ ഈ പാരമ്പര്യത്തിന്റെ തുടർച്ചയാണ്. ഫലസ്തീൻ വിഷയത്തിലും അമേരിക്ക-ഇറാൻ വിഷയത്തിലും ഒമാന്റെ നയതന്ത്ര നിലപാടുകൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

Tags:    
News Summary - King Charles Recites Prophetic Tradition in Arabic; A Rare Moment at Windsor Castle!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.