സുഹാർ: പശ്ചിമേഷ്യയിൽ ഉണ്ടായ യുദ്ധ അന്തരീക്ഷം വെടിനിർത്തലോടെ അയവ് വന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുണ്ടായ പ്രയാസങ്ങൾ കുറഞ്ഞില്ല. അവധിക്കാലം ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സീസൺ കാലമാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ വിദേശ രാജ്യങ്ങളിലേക്ക് സന്ദർശകർ പോകുന്നതും സ്വന്തം രാജ്യത്തേക്ക് പ്രവാസികളും വരുന്ന സീസണാണ്. വിവിധ രാജ്യങ്ങളിലേക്ക് ചികിത്സക്കായി പോകുന്നവരും യാത്രക്കായി തെരഞ്ഞെടുക്കുന്ന മാസങ്ങളിലാണ് യുദ്ധത്തിന്റെ അന്തരീക്ഷം കടന്നുവന്നത്.
നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ യാത്ര ചെയ്യാൻ വിമാനത്താവളത്തിൽ എത്തിയവരും അടുത്ത ദിവസം യാത്ര പുറപ്പെടേണ്ടവർക്കുമാണ് വിമാനം റദ്ദ് ചെയ്തതിന്റെ പ്രയാസം അനുഭവിക്കാൻ വിധി ഉണ്ടായത്. ആകാശ പാത ചില രാജ്യങ്ങൾ അടച്ചതുകാരണം വിമാനം പറപ്പിക്കാൻ കഴിയാതെ വന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പിന്നീട് ടിക്കറ്റ് എടുത്ത ട്രാവൽ ഏജന്റിനെ വിളിച്ചു പകരം സംവിധാനം ഒരുക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു.
ടിക്കറ്റ് തുക മടക്കി നൽകുകയോ പകരം മറ്റൊരു ദിവസത്തേക്ക് യാത്ര തരപ്പെടുത്തി നൽകുകയോ ചെയ്യാം എന്നാണ് വിമാന അധികൃതർ അറിയിച്ചത്. പക്ഷേ വിമാന കമ്പനിയുമായി ബന്ധപ്പെടാനോ മെയിൽ അയച്ചതിന്റെ മറുപടിയൊ ലഭിക്കുന്നില്ല എന്നാണ് ട്രാവൽ ഏജന്റുമാർ പറയുന്നത്. ജി.സി.സിയിൽ മുഴുവനായും വിദേശ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവിസ് ആണ് ക്യാൻസൽ ആയത്. അതുകൊണ്ടുതന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമയമെടുക്കും എന്നാണ് വിമാന കമ്പനി പറയുന്നത്.
ഇതൊന്നും യാത്രക്കാർക്ക് ബാധകമല്ല അവർക്ക് എത്രയും പെട്ടെന്ന് നാട്ടിൽ എത്തണം. അതിന് ട്രാവൽ ഏജന്റ് വഴി ഉണ്ടാക്കണം. വിമാനം റദ്ദുചെയ്തത് അറിയാതെ എയർപോർട്ടിൽ എത്തിയതിന്റെയും തിരിച്ചു വന്നതിന്റെയും ടാക്സി തുക ട്രാവൽ ഏജന്റ് നൽകണം എന്ന് പറഞ്ഞു ബഹളം വെക്കുന്നവരുമുണ്ട്. നിരവധി പേർക്ക് ടിക്കറ്റ് മാറ്റി നൽകുന്നതിനാൽ, മൂന്നോ നാലോ ദിവസം കൊണ്ട് മാത്രമേ ഇതൊക്കെ പരിഹരിക്കാനാകൂ എന്നാണ് ട്രാവൽ മേഖലയിലുള്ളവർ ഗൾഫ് മാധ്യമത്തോട് പറഞ്ഞത്.
ചികിത്സക്കും, കല്യാണത്തിനും, മരണാന്തര ചടങ്ങുകൾക്ക് പോകുന്നവരും കുട്ടികളുടെ അഡ്മിഷന് പോകുന്നവരും ഇതിൽപെടും. ഇവരുടെ രോഷം മുഴുവൻ തീർക്കുന്നത് ട്രാവൽ ഏജന്റിനോടാണ്. വ്യോമപാത അടക്കുന്നത് നിങ്ങൾ അറിയണം എന്നാണ് ചിലരുടെ പക്ഷം. ഒരു ടിക്കറ്റിൽ രണ്ടോ മൂന്നോ റിയാൽ മാത്രമാണ് സർവിസ് ചാർജ് കിട്ടുക അതിനുവേണ്ടി ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. കൃത്യമായി ഒരു മറുപടി പറയാൻ കഴിയുന്നില്ല.
വിമാന കമ്പനി കൃത്യമായി മറുപടി നൽകുന്നില്ല എന്നതിന്റെ കാരണം പ്രതിസന്ധി കാലത്ത് യാത്ര ചെയ്യാൻ കഴിയാതെ വന്നവരുടെ എണ്ണം ആയിരക്കണക്കാണ്. അവരുടെ യാത്ര സാഹചര്യം ഒരുക്കണം അതുകൊണ്ടുതന്നെ കാത്തിരിക്കുക എന്നാണ് വിമാന കമ്പനി പറയുന്നത്.
വിദേശരാജ്യങ്ങളിൽ നിരവധി പാക്കേജുകൾ കുറഞ്ഞ ചിലവിൽ ലഭിക്കുന്ന ഘട്ടത്തിൽ ആളുകൾ അവിടങ്ങളിലേക്ക് സഞ്ചരിക്കാൻ യുദ്ധ അന്തരീക്ഷം കാരണം തയാറായില്ല. അസർബൈജാൻ, തായ്ലൻഡ്, ജോർജിയ, ഹങ്കറി, തുർക്കിയ, റുമെനിയ അങ്ങനെ കാലാവസ്ഥ അനുകൂലമായ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ തയാറായവർ പോലും യാത്ര വേണ്ടെന്നുവെച്ചു. നല്ല സീസൺ സമയം ഇങ്ങനെ ഇല്ലാതാവുന്നതിന്റെ ആശങ്ക മറച്ചു വെക്കുന്നില്ല ട്രാവൽ മേഖലയിലുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.