മഴ വീണ മണ്ണിലേക്ക് അതിജീവനത്തിന്റെ വിത്തുകൾ; വിവിധ ഗവർണറേറ്റുകളിലായി ലക്ഷക്കണക്കിന് വിത്തുകൾ നട്ട് പരിസ്ഥിതി അതോറിറ്റി

മസ്കത്ത്: ഒരാഴ്ചയിലേറെ കനത്തു പെയ്ത മഴയിൽ വെളളം നിറഞ്ഞ മണ്ണിടങ്ങളിൽ നാളെയുടെ അതിജീവനത്തിനായി ലക്ഷക്കണക്കിന് വിത്തുകൾ വിതച്ച് ഒമാൻ പരിസ്ഥിതി അതോറിറ്റി. തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, വടക്കൻ ശർഖിയ്യ, ദോഫാർ, ബുറൈമി തുടങ്ങിയ ഗവർണറേറ്റുകളിലാണ് സന്നദ്ധ സംഘങ്ങളുടെ കൂടി സഹായത്തോടെ ദശലക്ഷക്കണക്കിന് വിത്തുകൾ നട്ടത്. സമീപകാലത്ത് മഴ ലഭിച്ചതിനെ തുടർന്ന് ഭൂഗർഭ ജല ശേഖരമുള്ളതിനാൽ വിത്തുകൾ മുളക്കാനുള്ള സാധ്യത പ്രയോജനപ്പെടുത്താനാണ് ഇപ്പോൾ വിത്തുകൾ നടുന്നത്.

ഒമാനിലെ പരിസ്ഥിതി അതോറിറ്റി 2020 ൽ ആരംഭിച്ച പദ്ധതിയാണ് ‘നാഷണൽ ഇനിഷ്യേറ്റീവ് ഫോർ പ്ലാന്റിങ് 10 മില്യൺ വൈൽഡ് ട്രീസ്‌’. 2030 നുള്ളിൽ ഒമാനിലുടനീളം നാടൻ മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതാണ് ഈ ദൗത്യം.

പ്രതിവർഷം ഒരു മില്യൺ മരങ്ങൾ എന്ന കണക്കിലാണ് ഇതിന്റെ പ്രവർത്തനം ലക്ഷ്യമിടുന്നത്. സുൽത്താനേറ്റിന്റെ ഹരിത വിസ്തൃതി വർധിപ്പിക്കുക, മരുഭൂമിവൽക്കരണം തടയുക, ജൈവവൈവിധ്യം സംരക്ഷിക്കുക, കാർബൺ ബഹിർഗമനം കുറച്ച് അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം ഉറപ്പാക്കുക, നശിച്ചുപോയ മേച്ചിൽപ്പുറങ്ങളെയും സ്വാഭാവിക വനമേഖലകളെയും പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്.

ഒമാനിലെ കാലാവസ്ഥക്ക് അനുയോജ്യമായ തദ്ദേശീയമായ കാട്ടുചെടികളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. സിദർ, ഗഫ്, സമർ, ഷുവ, അലാൽ, സലാം, അർത തുടങ്ങിയവ ഇതിൽ പ്രധാനമാണ്. പെട്രോളിയം ഡെവലപ്‌മെന്റ് ഒമാൻ (പി.ഡി.ഒ) പോലുള്ള സർക്കാർ സ്ഥാപനങ്ങളും, മസ്കത്ത് മുനിസിപ്പാലിറ്റി തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. കൂടാതെ, ഒമാനിലെ വിവിധ സ്വകാര്യ കമ്പനികളും ഇതിനായി ധനസഹായവും സന്നദ്ധസേവനവും നൽകുന്നുണ്ട്.

 

പരിസ്ഥിതിവത്കരണ പദ്ധതിയുടെ ഭാഗമായി ദോഫാർ ഗവർണറേറ്റിൽ വിത്തുകൾ നടുന്നു (ഇടത്ത്), ബുറൈമിയിൽ വനിതകളുടെ സംഘം വൃക്ഷവിത്തുകൾ നടുന്നു (മധ്യത്തിൽ), വടക്കൻ ശർഖിയ്യ ഗവർണറേറ്റിൽ വിത്തുകൾ നടുന്നു

തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖ് വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ ഏകദേശം എട്ടു ലക്ഷം സിദ്ര്‍, ഗാഫ് മരങ്ങളുടെ വിത്തുകൾ നട്ടു. 10 മില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ദേശീയ പദ്ധതിയുടെ ഭാഗമായാണ് വിത്തു നടീൽ പരിപടി നടത്തിയത്. ദോഫാർ ഗവർണറേറ്റിൽ പ്രാദേശിക വൃക്ഷങ്ങളുടെ വിത്തുകൾ മലനിരകളിൽ വിതറുന്ന പരിസ്ഥിതി കാമ്പയിൻ ആറാം വർഷവും തുടരുകയാണ്. ഏപ്രിൽ ഒന്നു മുതൽ ഒമ്പതു വരെ വിത്ത് നടീൽ പരിപാടി തുടരും. പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കാമ്പയിനിൽ മിർബാത്ത്, താഖ, സലാല, റഖ്യുത്, ദൽഖുത് എന്നീ വിലായത്തുകളിലാണ് വിത്തുകൾ നടുന്നത്.

വടക്കൻ ശർഖിയ ഗവർണറേറ്റിലെ ദമാ, അൽ തായീൻ വിലായത്തുകളിൽ സമർ, സിദ്ര്‍ മരങ്ങളുടെ 15 ലക്ഷത്തിലധികം വിത്തുകൾ നട്ടുപിടിപ്പിക്കുന്ന കാമ്പയിൻ നടപ്പാക്കി. മേഖലയിൽ ഇത്തവണ ലഭിച്ച കനത്ത മഴയും വാദികളിലെ ജലപ്രവാഹവും പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ബുറൈമിയിൽ പത്തു ലക്ഷം പ്രാദേശിക വൃക്ഷവിത്തുകൾ നട്ടുപിടിപ്പിക്കുന്ന കാമ്പയിനും തുടക്കമായി.

Tags:    
News Summary - Environment Authority plants lakhs of seeds in various governorates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.