മസ്കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച അവധി ആഭ്യന്തര വിനോദ സഞ്ചാര മേഖലക്ക് കൂടുതൽ ഉണർവേകും. ഇത്തവണ വാരാന്ത്യ അവധി ദിനം ഉൾപ്പെടെ അഞ്ചുദിവസം മാത്രമാണ് പെരുന്നാളിനോടനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. പലരും ഒമ്പത് ദിവസത്തെ അവധിയൊക്കെ പ്രതീക്ഷിച്ച് വിദേശയാത്രയൊക്കെ ആസൂത്രണം ചെയ്തിരിക്കുകയായിരുന്നു.
കോവിഡിന്റെ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനാൽ വിദേശത്തേക്കുള്ള യാത്ര പതിന്മടങ്ങ് കൂടേണ്ടതാണ്. എന്നാൽ, കുറഞ്ഞ അവധി ദിനങ്ങൾ ഇത്തരം യാത്രകളിൽനിന്ന് പലരെയും പിന്നോട്ടടുപ്പിക്കുകയാണ്. അതേസമയം, ഇത് ആഭ്യന്തര ടൂറിസം രംഗത്ത് കൂടുതൽ അവസരങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ടൂറിസം മേഖലയിലുള്ളവർ പറയുന്നത്. വിദേശയാത്ര മാറ്റിവെച്ചവർ നല്ലൊരു ശതമാനവും പെരുന്നാൾ അവധി ദിനങ്ങളിൽ സലാലയടക്കം രാജ്യത്തെ വിവിധങ്ങളായ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ എത്തും. ഇത് കോവിഡിന്റെ പിടയിലമർന്ന വിനോദ സഞ്ചാരമേഖലയുടെ ഉണർവിന് വഴിവെക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ വർഷത്തെ പെരുന്നാൾ ആഘോഷം ഇറാനിലായിരുന്നു. ഇത്തവണ തുർക്കിയയിലേക്ക് പോകണമെന്നാണ് കരുതിയിരുന്നതെന്ന് ബാങ്ക് ജീവനക്കാരനായ അഹമ്മദ് അൽ തൗഖി ഈദ് അൽ അദ്ഹി പറഞ്ഞു. ഇന്ത്യയെയും തുർക്കിയയെയും പോലുള്ള വൈവിധ്യപൂർണമായ രാജ്യങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ സന്ദർശിക്കുക അസാധ്യമാണ്. അതുകൊണ്ടുതന്നെ തുർക്കിയ യാത്ര റദ്ദാക്കി ഇത്തവണ കുടുംബത്തോടൊപ്പം സലാലയിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരനായ ആകാശ് കുമാർ മുംബൈയിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ, കുറഞ്ഞ ദിവസത്തിനുമാത്രം 500 റിയാൽ മുടക്കി മുംബൈയിലേക്ക് പോകുന്നത് നഷ്ടമാണ്. അതിനാൽ ഇത്തവണ സലാലയിലേക്ക് പോകാനാണ് ഇദ്ദേഹവും പദ്ധതിയിട്ടിരിക്കുന്നത്.
ഇത്തരത്തിൽ നിരവധി ആളുകളാണ് വിദേശയാത്രകൾ മാറ്റി രാജ്യത്തെ ബീച്ചുകളിലേക്കും ലോങ് ഡ്രൈവിനും മറ്റുമായി ഒരുങ്ങിയിരിക്കുന്നത്. ചിലർ കുടുംബവുമായുള്ള ഒത്തുചേരലുകളും ബാർബിക്യൂ പോലുള്ള വിനോദ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
അതേസമയം, പ്രവാസി മലയാളികളിൽ നല്ലൊരു ശതമാനം ആളുകളുടെ പെരുന്നാൾ ആഘോഷം ഇത്തവണ നാട്ടിലാണ്. രാജ്യത്ത് വേനലവധി ആരംഭിച്ചതോടെ ഭൂരിഭാഗം ആളുകളും നേരത്തെതന്നെ നാടുപിടിച്ചിരുന്നു. കോവിഡ് നിഴലിലമർന്നതിനാൽ കഴിഞ്ഞ രണ്ടുവർഷവും നാട്ടിൽപോകാൻ കഴിയാത്തവരായിരുന്നു ഇവരിൽ ഭൂരിഭാഗംപേരും. പെരുന്നാൾ അവധി മുന്നിൽക്കണ്ട് ദുബൈ അടക്കമുള്ള വിദേശയാത്രക്കായി നിരവധിപേർ ബന്ധപ്പെട്ടിരുന്നെന്ന് മസ്കത്തിലെ ട്രാവൽ ഏജന്റ് പറഞ്ഞു. എന്നാൽ, ഹ്രസ്വ അവധിയും ഉയർന്ന വിമാനനിരക്കും കാരണം പലരെയും ഇവിടെ തന്നെ തങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.