ദൈമാനിയാത്ത് ദ്വീപിന്റെ വിവിധ കാഴ്ചകൾ 

പ്രകൃതി കാഴ്ചകളൊരുക്കി ദൈമാനിയാത്ത് ദ്വീപ്

 

മസ്കത്ത്: ഒമാനിലെ പ്രധാന സമുദ്ര സംരക്ഷിത മേഖലകളിലൊന്നായ ദൈമാനിയാത്ത് ദ്വീപിലെ പ്രകൃതി സംരക്ഷണകേന്ദ്രത്തിൽ സഞ്ചാരികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞവർഷം ദ്വീപ് സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണം 1,36,549 ആയി. 2024-ലെ 1,05,686 പേരാണ് സന്ദർശകരായെത്തിയത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. വർഷാവർഷം സഞ്ചാരികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന ഒമാനിൽ ഇക്കോ-ടൂറിസത്തിന്റെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നു.

 

ദൈമാനിയാത്ത് ദ്വീപിലെ ഡൈവിങ്ങിനിടെ പകർത്തിയ വർണ മൽസ്യങ്ങൾ (ഇടത്ത്), ദ്വീപിൽ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങ ളോടൊപ്പം കടൽപ്പക്ഷികൾ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ദ്വീപ് സന്ദർശനത്തിനെത്തുന്നതായി പരിസ്ഥിതി അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഫ്രാൻസ്, ഇറ്റലി, ജർമനി, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുറമെ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരും വലിയ തോതിൽ എത്തി. സ്വദേശികളുടെയും സാന്നിധ്യം എടുത്തുപറയത്തക്കതാണ്. പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് ദൈമാനിയാത്ത് ദ്വീപുകൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ടെന്ന് പ്രകൃതി സംരക്ഷണ വിഭാഗം മേധാവി സഹ്‌റ ഖലഫ് അൽ ഷുറൈഖി ഒമാൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു. ടുറിസ്റ്റുകളുടെ സന്ദർശനങ്ങളെ പരിസ്ഥിതി നിയന്ത്രണങ്ങൾ പാലിച്ച് ക്രമീകരിക്കൽ, സമുദ്ര ആവാസവ്യവസ്ഥകൾ സംരക്ഷിക്കാൻ നിരീക്ഷണവും സുരക്ഷയും ശക്തിപ്പെടുത്തൽ, സന്ദർശകർക്കായി ബോധവൽക്കരണ പരിപാടികൾ നടപ്പാക്കൽ, പവിഴപ്പുറ്റുകൾ, കടലാമകൾ, ദേശാടന പക്ഷികൾ എന്നിവയുടെ ജൈവ വൈവിധ്യം ശാസ്ത്രീയമായി നിരീക്ഷിക്കൽ എന്നിവ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ അതോറിറ്റി നടപ്പാക്കുന്നുണ്ടെന്ന് അവർ വിശദീകരിച്ചു. തിളങ്ങുന്ന ജലവും സമൃദ്ധമായ സമുദ്രജീവജാലവും ദൈമാനിയാത്ത് ദ്വീപുകളുടെ പ്രധാന ആകർഷണങ്ങളാണ്. വ്യത്യസ്ത ഇനങ്ങളിലുള്ള മീനുകളും പവിഴപ്പുറ്റുകളും ഉൾപ്പെടുന്ന സമ്പന്നമായ സമുദ്രജീവിതം ഇവിടെ സന്ദർശകർക്ക് കാണാം. ഒമാനിലെ പ്രധാന കടലാമ പ്രജനനകേന്ദ്രങ്ങളിലൊന്നായ ഈ ദ്വീപുകൾ, ഡൈവിംഗിനും നീന്തലിനും അനുയോജ്യമായ സാഹചര്യവും നൽകുന്നു. ഒമാന്റെ സമുദ്ര പരിസ്ഥിതിയുടെ സ്വാഭാവിക സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന ഇവ, സൂറ്റി ഫാൽക്കൺ പക്ഷികളുടെ മുട്ടയിടൽ കേന്ദ്രവുമാണ്.

പരിസ്ഥിതി സംരക്ഷണവും സുസ്ഥിര ടൂറിസവും സന്തുലിതപ്പെടുത്താനുള്ള നടപടികൾ തുടർച്ചയായി നടപ്പാക്കുന്നുണ്ടെന്നും സഹ്‌റ ഖലഫ് അൽ ഷുറൈഖി പറഞ്ഞു. പരിസ്ഥിതി ബോധവൽക്കരണത്തിനായി ആരംഭിച്ച ശ്രദ്ധേയ പദ്ധതികളിലൊന്നാണ് ദൈമാനിയാത്ത് ദ്വീപുകളിലെ അണ്ടർവാട്ടർ മ്യൂസിയം. സമുദ്രജീവ വൈവിധ്യത്തിന്റെ പ്രാധാന്യം സന്ദർശകർക്ക് പരിചയപ്പെടുത്തുന്ന പ്രത്യേക പഠനാനുഭവം ഇത് നൽകുന്നുണ്ട്. സന്ദർശകാനുഭവം മെച്ചപ്പെടുത്താനും ഒമാന്റെ സമുദ്ര പരിസ്ഥിതിയുടെ മൂല്യം ബോധ്യപ്പെടുത്താനും ശ്രമങ്ങൾ തുടരുകയാണെന്നും അവർ വ്യക്തമാക്കി. മസ്കത്തിൽനിന്ന് ഏകദേശം ഒരു മണിക്കൂറോളം ബോട്ടിൽ സഞ്ചരിച്ചാൽ ദൈമാനിയാത്ത് ദ്വീപിലെത്താം.

Tags:    
News Summary - Daimaniyat Island offers natural sights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.