കഴിഞ്ഞ ദിവസം തുറന്ന ദുകം വിമാനത്താവളം- റാസ് മർകസ് ഇരട്ടപ്പാത
മസ്കത്ത്: ദുകം വിമാനത്താവള റൗണ്ട്എബൗട്ടിനെ റാസ് മർകസിലെ ഒമാൻ ടാങ്ക് ടെർമിനൽ കമ്പനിയുടെ ക്രൂഡ് ഓയിൽ സംഭരണ ടാങ്കുകളുമായി ബന്ധിപ്പിക്കുന്ന ഇരട്ടപ്പാത തുറന്നു. മൊത്തം 51 കിലോമീറ്ററിലധികം നീളമാണ് പാതക്കുള്ളത്. ഇത് ദഹർ ഗ്രാമത്തിലേക്കുള്ള റോഡുമായും സലാലയിലേക്കുള്ള തന്ത്രപ്രധാനമായ റോഡുമായും ബന്ധിപ്പിക്കുന്നു. ഈ സംയോജനം സുപ്രധാന സൗകര്യങ്ങളുടെ കണക്ടിവിറ്റി വർധിപ്പിക്കുകയും ദുകം പ്രത്യേക സാമ്പത്തിക മേഖലയുടെ തെക്കൻ ഭാഗത്തുള്ള വിവിധ തന്ത്രപ്രധാനമായ പദ്ധതികൾക്ക് സേവനം നൽകുകയും ചെയ്യും.
57.6 ദശലക്ഷം റിയാൽ ചെലവിലാണ് പദ്ധതി യാഥാർഥ്യമാക്കിതെന്ന് ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ സാങ്കേതിക കാര്യ വകുപ്പിന്റെ ഡയറക്ടർ എൻജിനീയർ അബ്ദുല്ല ബിൻ സലേം അൽ-ഹകമാനി പറഞ്ഞു. ദുകമിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ ഗുണപരമായ കുതിച്ചുചാട്ടമാണ് റോഡിന്റെ ഉദ്ഘാടനം. പ്രധാന ഗതാഗതം സുഗമമാക്കുന്നതിനാലും വിമാനത്താവളത്തെ ഊർജ്ജ, വ്യാവസായിക പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനാലും നിക്ഷേപകർക്ക് സോണിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നതിനാലും ഇതിന് വളരെ അധികം പ്രാധാന്യമുണ്ട്. ഏറ്റവും ഉയർന്ന ആഗോള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചും ഷെഡ്യൂൾ ചെയ്ത സമയപരിധിക്കുള്ളിലും പദ്ധതി നടപ്പിലാക്കിയെന്നും, സാമ്പത്തിക, ലോജിസ്റ്റിക് പ്രവർത്തനങ്ങൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം നൽകുന്നതിനുള്ള ശക്തമായ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഊർജം, പെട്രോകെമിക്കൽ, സപ്പോർട്ട് സർവിസ് മേഖലകളിലെ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള മൂലക്കല്ലായ ലോജിസ്റ്റിക്സ് വിതരണ ശൃംഖലകളെ പിന്തുണക്കുന്നതും ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ പ്രാദേശിക, അന്തർദേശീയ മത്സരശേഷി ശക്തിപ്പെടുത്തുന്നതിന് ഇരട്ടപാത സഹായകമാകുമെന്ന് അൽ-ഹകമാനി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.