മസ്കത്ത്: രണ്ടോ അതിൽ കുറവോ അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് വേനൽക്കാലത്ത് 15 ശതമാനം വൈദ്യുതി നിരക്കിളവ് നൽകാനുള്ള തീരുമാനത്തെ ജനങ്ങൾ സ്വാഗതം ചെയ്തു.
ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് നിരക്കിളവ് നിർദേശം നൽകിയത്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വേനലിന്‍റെ തുടക്കത്തിൽതന്നെ നല്ല ചൂടാണ് അനുഭവപ്പെടുന്നത്. വരുംദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്. ചൂട് കനത്ത് തുടങ്ങിയതോടെ പല വീടുകളിലും ഓഫിസുകളിലും ദിവസത്തിന്‍റെ സിംഹഭാഗവും എയർകണ്ടീഷൻ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് ജനങ്ങളുടെ കീശ കീറുന്ന ഉയർന്ന വൈദ്യുതി ബില്ലിലേക്കായിരിക്കും കൊണ്ടെത്തിക്കുക.
ചെറിയ രണ്ട് കുട്ടികളുള്ളതിനാൽ ദിവസം മുഴുവൻ എ.സി പ്രവർത്തിക്കേണ്ട സ്ഥിതിയാണ് തനിക്കുള്ളതെന്ന് അമീറാത്തിൽ താമസിക്കുന്ന ഒമാൻ പൗരനായ മുഹ്‌സിൻ പറഞ്ഞു.
ഇത് വൈദ്യുതി ബില്ലിനെ എങ്ങനെ ബാധിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിനാൽ, നിരക്കിളവ് എന്നെപോലുള്ള പലർക്കും ആശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചൂട് കൂടിയതോടെ പലരും സായാഹ്ന ഷോപ്പിങ്ങൊക്കെ ഒഴിവാക്കി വീട്ടിൽതന്നെ കഴിയുകയാണ്. ഇത് വീടുകളിൽ വൈദ്യുതി ഉപഭോഗനിരക്ക് ഉയർത്തുന്നുണ്ട്. കനത്ത ചൂടിൽ വീട്ടിൽതന്നെ കഴിയേണ്ട സാഹചര്യമാണുള്ളത്. ഇങ്ങനെ വീട്ടിൽ കഴിയുന്നവർക്ക് വൈദ്യുതി നിരക്കിലെ ഇളവ് ഗുണകരമാകുമെന്ന് സുഹാറിൽ താമസിക്കുന്ന ഇന്ത്യൻപൗരനായ ദിനേശ് പറഞ്ഞു.
സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ജൂൺ ഒന്നിലെ റിപ്പോർട്ട് പ്രകാരം ഹൈമ, മർമുൾ, തുംറൈത്ത് എന്നിവയുൾപ്പെടെ നിരവധി പട്ടണങ്ങളിലും നഗരങ്ങളിലും 41 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബുറൈമി, ഫഹൂദ്, റുസ്താഖ്, സമൈൽ, ആദം, ബഹ്‌ല എന്നിവിടങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ് ചൂടും രേഖപ്പെടുത്തി. സീബ്, അമീറാത്ത്, യാങ്കുൾ, മുദൈബി എന്നിവിടങ്ങളിൽ പകൽ താപനില 39 ഡിഗ്രിവരെയായിരുന്നു പല ദിനങ്ങളിലും ചൂട്. ദാഹിറ ഗവർണറേറ്റിന്റെ തലസ്ഥാനമായ ഇബ്രിയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 42 ഡിഗ്രി രേഖപ്പെടുത്തിയത്.
കൂടുതൽ സബ്‌സിഡികൾക്കായി അഭ്യർഥിക്കുമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ബോർഡ് അംഗവും ഇക്കണോമിക് സ്റ്റഡി മേധാവിയുമായ ഡോ. അഹമ്മദ് അൽ ഹൂതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.