ഇന്ത്യയിൽ നടന്ന ‘ഡിജിറ്റൽ ഇന്നൊവേഷൻ’ മത്സരത്തിൽ
പങ്കെടുത്ത ഒമാനി കമ്പനി ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നു
മസ്കത്ത്: ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യയിൽ നടന്ന ഡിജിറ്റൽ മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങളുടെ മത്സരത്തിൽ രണ്ട് ഒമാനി കമ്പനികളും പങ്കെടുത്തു. 29 രാജ്യങ്ങളിൽനിന്നുള്ള 115 സ്റ്റാർട്ടപ്പുകൾക്കിടയിലാണ് ‘ഡിജിറ്റൽ ഇന്നൊവേഷൻ’ മത്സരത്തിൽ ഒമാനി കമ്പനികൾ ഇടംപിടിച്ചത്. വളർന്നുവരുന്ന ഒമാനി ടെക്നോളജി കമ്പനികളെ ലോകതലത്തിൽ പരിചയപ്പെടുത്തുകയും ദേശീയ സമ്പദ്വ്യവസ്ഥക്ക് ഈ മേഖലയുടെ സംഭാവന പരമാവധി വർധിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുകയുമാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് കമ്പനികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയത്. റഹൽ, എച്ച് 2 സോളാർ-ഒ എന്നിങ്ങനെ രണ്ട് കമ്പനികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച വരെ നടന്ന ജി20 ഡിജിറ്റൽ ഇന്നൊവേഷൻ അലയൻസ് സമ്മേളനത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്. ലോകമെമ്പാടും ഡിജിറ്റൽ സൊല്യൂഷനുകൾ നൽകുന്ന വളർന്നുവരുന്ന കമ്പനികൾ പരിപാടിയിൽ പങ്കെടുത്തു.
2018ൽ സ്ഥാപിതമായ റഹൽ കമ്പനി, ഡേറ്റ മാനേജ്മെന്റ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐ.ടി ടെക്നോളജി റിസോഴ്സിങ്, സോഫ്റ്റ്വെയർ എൻജിനീയറിങ് എന്നീ മേഖലകളിലാണ് സേവനങ്ങളും ഉൽപന്നങ്ങളും വാഗ്ദാനം ചെയ്യുന്നത്. എച്ച് 2 സോളാർ-ഒ കമ്പനി സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ഹരിത സമ്പദ്വ്യവസ്ഥ രൂപപ്പെടുത്തുന്നതിന് ആവശ്യമായ സേവനങ്ങളാണ് പരിചയപ്പെടുത്തുന്നത്. പ്രാദേശിക കാർഷിക സ്രോതസ്സുകളിൽനിന്ന് ഉരുത്തിരിഞ്ഞ ജൈവ ഇന്ധനങ്ങളുടെ വികസനവും ഉൽപാദനവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിപുലമായ ഉൽപന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. മത്സരത്തിൽ ഇരു കമ്പനികളുടെയും അവതരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.