പ്രമേഹപരിശോധന കാമ്പയിനിലെ ഗിന്നസ് വേൾഡ് റെക്കോർഡ് രേഖ ബദർ അൽ സമ
ഹോസ്പിറ്റൽ ഗ്രൂപ്പ് മാനേജ്മെന്റ് ഗിന്നസ് പ്രതിനിധിയിൽനിന്ന് ഏറ്റുവാങ്ങുന്നു
മസ്കത്ത്: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ഒമാൻ ആരോഗ്യമന്ത്രാലയവും ബദർ അൽ സമ ഹോസ്പിറ്റൽ ഗ്രൂപ്പും ചേർന്ന് നടത്തിയ ദേശീയതല സൗജന്യ പ്രമേഹപരിശോധന കാമ്പയിൻ ഗിന്നസ് വേൾഡ് റെക്കോഡ് നേടി. 24 മണിക്കൂറിനുള്ളിൽ 12,714 പരിശോധന നടത്തിയ ദുബൈ ആസ്ഥാനമായ ആശുപത്രിയുടെ മുൻ റെക്കോർഡ് വെറും അഞ്ചുമണിക്കൂർ 18 മിനിറ്റിലാണ് മറികടന്നത്.
കാമ്പയിനിൽ 24 മണിക്കൂറിനിടെ 30,799 പരിശോധനകൾ പൂർത്തിയാക്കി.
ബദർ അൽ സമയുടെ 14 ശാഖകൾ ഉൾപ്പെടെ മാളുകൾ, സൂപ്പർമാർക്കറ്റുകൾ, പാർക്കുകൾ, കമ്യൂണിറ്റി സെന്ററുകൾ, പൊതുപരിപാടി വേദികൾ തുടങ്ങി ഒമാനിലെ 120 ലൊക്കേഷനുകളിലായി 600 അംഗ മെഡിക്കൽ സംഘമാണ് പരിശോധനകൾ നടത്തിയത്.
പരിശോധനയിൽ പങ്കെടുത്തവരിൽ 1397 പേർ ഹൈ റിസ്ക് കാറ്റഗറിയിലും 8165 പേർ മോഡറേറ്റ് റിസ്ക് കാറ്റഗറിയിലും 21,237 പേർലോ റിസ്ക് വിഭാഗങ്ങളിലും ഉൾപ്പെട്ടവരായിരുന്നു. ഇന്റർനാഷനൽ ഡയബറ്റീസ് ഫെഡറേഷൻ ചോദ്യാവലിയും ബ്ലഡ് ഷുഗർ പരിശോധനയും അടിസ്ഥാനമാക്കിയാണ് റിസ്ക് വിലയിരുത്തൽ.
മിതവും ഉയർന്നും റിസ്കിൽപ്പെട്ട എല്ലാവർക്കും കൂടുതൽ മെഡിക്കൽ പരിശോധന നിർദേശിച്ചു. ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം ഒമാനിലെ ആരോഗ്യരംഗത്തിനും രാജ്യത്തിനും അഭിമാനകരമാണെന്ന് സംഘാടകർ വ്യക്തമാക്കി.
30,799 പൗരന്മാരും പ്രവാസികളും പങ്കെടുത്തത് മുൻകരുതൽ പരിശോധനകളുടെ ആവശ്യകത സംബന്ധിച്ച സാമൂഹിക ബോധവളർച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ജനറൽ ഡോ. മുഹന്ന ബിൻ നാസർ അൽ മുസൽഹി പറഞ്ഞു.
മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലതീഫ്, മാനേജിങ് ഡയറക്ടർ ഡോ. പി.എ. മുഹമ്മദ്, എക്സി. ഡയറക്ടർമാരായ മൊയ്തീൻ ബിലാൽ, ഫിറാസത്ത് ഹസൻ തുടങ്ങിയവരും ഇതുസംബന്ധിച്ച വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.