മസ്കത്ത്: മേഖലയിൽ പല രാജ്യങ്ങളും വ്യോമ പാത അടച്ചതിനാൽ ഒമാനിൽനിന്നും തിരിച്ചുമുള്ള ചില വിമാന സർവിസുകൾ നിർത്തിവെച്ചിട്ടുണ്ട്. ചില രാജ്യങ്ങളിലെ വ്യോമപാതകൾ അടച്ചിട്ട സാഹചര്യത്തിൽ, ബന്ധപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രതിരിക്കുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ എയർലൈൻസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു. സർവീസുകളിൽ വൈകാനോ സമയക്രമത്തിൽ മാറ്റംവരാനോ സാധ്യതയുള്ളതിനാൽ യാത്രക്കാർ യാത്രാസംബന്ധമായ പുതുക്കിയ വിവരങ്ങൾ ഉറപ്പുവരുത്തണമെന്നും അധികൃതർ വ്യക്തമാക്കി.
മേഖലയിലെ പുതിയ സാഹചര്യങ്ങളെ തുടർന്ന് ബഗ്ദാദിലേക്കും ബഗ്ദാദിൽ നിന്നുമുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഒമാൻ എയർ അറിയിച്ചു. മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവിസുകൾ നിലവിൽ നിശ്ചിത സമയക്രമപ്രകാരം തുടരുന്നുവെന്നും ആവശ്യമായിടത്ത് സംഘർഷ പ്രദേശങ്ങളിൽ നിന്ന് ദൂരെയുള്ള വ്യോമപാതകൾ ഉപയോഗിക്കുന്നതായും അധികൃതർ വ്യക്തമാക്കി. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് സർവീസ് നില പരിശോധിക്കണമെന്ന് കമ്പനി നിർദേശിച്ചു.
സലാം എയര്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 24 മണിക്കൂര്‍ നേരത്തേക്ക് റദ്ദാക്കി. സുരക്ഷക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിതെന്നും സലാം എയര്‍ അറിയിച്ചു. മസിറ ദ്വീപിലേക്കുള്ള സലാം എയർ സര്‍വീസുകളും താൽക്കാലികമായി നിര്‍ത്തിവെച്ചു.
ഇന്ത്യയിൽ നിന്നും ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ പ്രധാന വിമാന കമ്പനികൾ നിർത്തിവെച്ചിട്ടുണ്ട്. ഇൻഡിഗോയും എയർ ഇന്ത്യയുമാണ് നിലവിൽ വിമാനസർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്. യു.എ.ഇ, ബഹ്റൈൻ, സൗദി അറേബ്യയുടെ ചില ഭാഗങ്ങൾ, ഇറാഖ്, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകളാണ് താൽക്കാലികമായി റദ്ദാക്കയിരിക്കുന്നത്.
മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യത്തിൽ അവിടേക്കുള്ള മുഴുവൻ വിമാനസർവീസുകളും റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. മിഡിൽ ഈസ്റ്റിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യയും അറിയിച്ചു.
എയർ ഇന്ത്യ എക്സ്പ്രസും സർവീസ് റദ്ദാക്കിയിട്ടുണ്ട്. എയർ ഫ്രാൻസ്, വിസ് എയർ, ലുഫ്താൻസ, പോളിസ്റ്റ് എയർലൈൻ, തുടങ്ങിയ വിമാനകമ്പനികളെല്ലാം സർവീസ് റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് നോക്കി മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന് വിമാന കമ്പനികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.