‘ചന്ദ്രതുണ്ടിൽ പൊൻപിറ കണ്ടൊരു
റമദാൻ നോമ്പ് മുതൽ
ശവ്വാലിൻ പിറ കാണും വരെയും
താറാവീഹ് നമസ്കാരം’...
ബിച്ചു തിരുമലയുടെ ഈ പാട്ടിന്റെ വരികളിലുള്ള റമദാൻ നോമ്പും, ശവ്വാൽ നിലാവും, തറാവീഹ് നമസ്കാരവുമെല്ലാം കണ്ടും, കേട്ടും വളർന്ന ഒരു മലപ്പുറംകാരനായ എന്റെ നോമ്പോർമകൾക്ക് എന്റെ പ്രായത്തോളം തന്നെ പഴക്കമുണ്ട്. മതമൈത്രിക്ക് പേര് കേട്ട ജില്ലക്കാരനായതിൽ അങ്ങനെ എടുത്ത് പറയാൻ തന്നെ തെല്ലൊരു അഭിമാനവുമുണ്ട്. ഞങ്ങൾ അങ്ങനെയാണ് അവിടെ കഴിയുന്നത്. അയൽവീട്ടിലെ തന്തക്കുട്ടിക്കായുടെ വീടും ഞങ്ങളും അങ്ങനെയായിരുന്നു. അവിടെനിന്നാണ് എന്റെ നോമ്പ് അറിവുകളുടെ തുടക്കം. റമദാനിൽ ഖുർആൻ ഓത്തും, അല്ലാഹുവിനോട് ഭക്തി നിറഞ്ഞ പ്രാർഥനകളുമായി കഴിയുന്ന അവിടുത്തെ ഉമ്മയാണ് മനസ്സിൽ തെളിയുന്ന ആദ്യത്തെ റമദാൻ ചന്ദ്രിക. പരിശുദ്ധ മാസത്തിൽ മനസ്സും ശരീരവും സംശുദ്ധി വരുത്തി ദാന ധർമങ്ങൾക്ക് കൂടുതൽ മുൻഗണന നൽകി ജീവിക്കുന്ന എന്റെ കൂട്ടുകാരൻ ബഷീറിന്റെ ഉമ്മയാണത്. ഇസ്ലാം വിശ്വാസത്തിന്റെ ജീവിത പാഠശാലയായിരുന്നു ആ കുടുംബം.
ജീവിതത്തിലാദ്യമായി തരിക്കഞ്ഞിയുടെയും, നൈസ് പത്തിരിയും, കോഴിക്കറിയും തുടങ്ങിയ നോമ്പുതുറ വിഭവങ്ങളുടെയും രുചി അറിഞ്ഞു തുടങ്ങിയതും അവരുടെ വീട്ടിൽനിന്ന് തന്നെയാണ്. കുറച്ചു വർഷങ്ങൾക്കുശേഷം അവർ അവിടെനിന്ന് പാലക്കാട് ജില്ലയിലേക്ക് താമസം മാറി. അധികം വൈകാതെ ഞങ്ങളും താമസം മാറി. അവിടെയും അടുത്ത വീടും മുസ്ലിം കൂട്ടുകുടുംബമായിരുന്നു ഒരു വല്ല്യുമ്മയും മക്കളും അവരുടെ മക്കളുമായി കഴിഞ്ഞ കാലം ഒരുപാട് നല്ല ഓർമകൾ സമ്മാനിച്ച നാളുകളായിരുന്നു. നോമ്പ് കാലത്ത് അവിടെ ഉണ്ടാക്കുന്ന എല്ലാം ഞങ്ങളുടെ വീട്ടിലെത്തും. അത് കൂടാതെയുള്ള വിശേഷ ദിവസങ്ങളിൽ ഞങ്ങൾക്കെല്ലാം ഭക്ഷണം അവിടെയായിരിക്കും
നാട്ടിൽ ജോലി ചെയ്യുന്ന സമയത്ത് സ്ഥാപനത്തിന്റെ പിറകിലെ വീട്ടിലും ഒരു വല്ല്യുമ്മ ഉണ്ടായിരുന്നു. അവിടെനിന്നും നോമ്പിന്റെ പലഹാരങ്ങളും പാനീയങ്ങളും തരുമായിരുന്നു. എല്ലായിടത്തും നോമ്പ് സ്നേഹം വെച്ച് വിളമ്പുന്ന ഒരു പ്രാർഥന തന്നെയായിരുന്നു. എന്റെ അടുത്ത സുഹൃത്തായ ഇബ്രാഹിമും കൂട്ടുകാരെയെല്ലാം വീട്ടിലേക്ക് നോമ്പ് തുറക്കാൻ മുടങ്ങാതെ വിളിക്കുമായിരുന്നു. അങ്ങനെ നാട്ടിലെ നോമ്പോർമകൾ പറഞ്ഞാൽ തീരില്ല.
പ്രവാസം തുടങ്ങിയിട്ട് 28 വർഷത്തോളമായി, മുസന്ദം ഗവർണറേറ്റിലെ ഖസബെന്ന ശാന്തസുന്ദരമായി ഈ പ്രദേശത്ത് ഒട്ടേറെ നോമ്പ് തുറകളിൽ പങ്കെടുക്കാനും, സംഘടനകളുടെ ഭാഗമായിരുന്ന സമയത്തെല്ലാം ഇഫ്താറുകൾ സംഘടിപ്പിക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കായി ഞങ്ങളുടെ വില്ലയിൽ ഇഫ്താർ നടത്താനും, അവരോടൊപ്പം ചേർന്ന് നോമ്പെടുക്കാനും, അവരുടെ കൂടെ നോമ്പ് തുറക്കാനും കഴിഞ്ഞത് ജീവിതത്തിലെ പുണ്യവും, ഭാഗ്യവുമായി ഞാൻ മനസ്സിലാക്കുന്നു.
യഥാർഥ മത വിശ്വാസി എല്ലാവരെയും സ്നേഹിക്കാനും സഹോദര തുല്യരായി കാണാനും കഴിയുന്നവരായിരിക്കണം. റമദാനിൽ അടുത്ത ഒമാനി വീടുകളിൽനിന്ന് ഭക്ഷണപാനീയങ്ങൾ കൊണ്ടുതരാറുണ്ട്. ദൈവത്തോടൊപ്പമായിരിക്കാൻ ഉപവസിക്കുന്നവർ മനുഷ്യബന്ധങ്ങൾക്ക് കൂടുതൽ കരുതലും, സ്നേഹവും നൽകുന്നു. അതോടെ, പരിപാവനവും പരിശുദ്ധവുമായ ഈ പുണ്യമാസം നോമ്പും, നോമ്പ് തുറയും മാത്രമായി അവസാനിക്കാത്തത് അതുകൊണ്ടാണ്. ഊഷ്മളമായ സ്നേഹബന്ധങ്ങൾ ഉപവാസത്തിലൂടെ തളിർക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.