ദർബത്ത് ഹട്ട്സ്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ വാദി ദർബത്തിന്റെ ശാന്തമായ സൗന്ദര്യത്തെ കൂടുതൽ ആകർഷകമാക്കുന്ന വിനോദസഞ്ചാര പദ്ധതിയായി ദർബത്ത് ഹട്ട്സ് മാറുന്നു. വാദിയുടെ തീരത്ത് സന്ദർശകർക്കായി സൗകര്യപ്രദമാർന്ന ഇരിപ്പിടങ്ങളൊരുക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കുടിലുകളുടെ (ഹട്ട്) മാതൃകയിലുള്ള ഇരിപ്പിടങ്ങളാണ് നിർമിക്കുക. പ്രകൃതിദത്ത ചുറ്റുപാടുകളുമായി ഇടകലരുന്ന രീതിയിൽ സ്വകാര്യത നിലനിർത്തിക്കൊണ്ടാണ് ഓരോ ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുള്ളത്. ഒരു കൂട്ടം ഒമാനി യുവാക്കളുടെ ആശയമാണ് ഈ പദ്ധതിയെന്ന പ്രത്യേകതയുമിതിനുണ്ട്.
വാദി ദർബത്ത് ആസ്വദിക്കാൻ കുടുംബങ്ങൾക്കും വ്യക്തികൾക്കും ആളൊഴിഞ്ഞ ഇടങ്ങൾ നൽകുന്നതിലാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ മൂന്ന് ഹട്ടുകളാണ് ഉണ്ടായിരുന്നത്. സന്ദർശകരുടെ സീസണായതോടെ ഹട്ടുകളുടെ എണ്ണം ഒമ്പതാക്കാനാണ് പദ്ധതി. സുസ്ഥിരത കണക്കിലെടുത്ത് പരിസ്ഥിതിയിൽ ആഘാതങ്ങളൊന്നും സൃഷ്ടിക്കാത്ത രീതിയിലാണ് ഈ ഹട്ടുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും സന്ദർശകർ എത്തുന്നത്. സീസണായതോടെ ഇവിടേക്ക് സന്ദർശകരുടെ ഒഴുക്കാണ്. ദർബത്ത് ഹട്ട്സ് സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതോടൊപ്പം ഒമാനികളായ യുവാക്കൾക്ക് സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
സൗകര്യപ്രദമായ ബുക്കിങ്ങും കുറഞ്ഞ ചെലവും പദ്ധതിയുടെ ജനപ്രീതിക്ക് ആക്കംകൂട്ടി. ഒമാനിലെ സുസ്ഥിര ടൂറിസം വികസനത്തിനുള്ള സാധ്യതകളെ അടിവരയിടുന്ന ഈ പദ്ധതി വിജയിച്ചതോടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ രീതി ആവിഷ്കരിക്കാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.