മസ്കത്ത്: രുചി വൈവിധ്യങ്ങളുടെ നറുമണം വിതറി ഗൾഫ് മാധ്യമം ‘ദംദം ബിരിയാണി ഫെസ്റ്റി’ന്റെ സെമി ഫൈനൽ അരങ്ങേറി. ഇന്ത്യ, ഒമാൻ,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ അണിനിരന്ന അങ്കത്തിൽ കണ്ണൂർ ബിരിയാണി മുതൽ ഒമാന്റെ രുചിക്കൂട്ടിൽ ഒരുങ്ങിയ ബിരിയാണിവരെയുള്ള ഇനങ്ങൾ വേറിട്ട കാഴ്ചയാണ് ഭക്ഷണ പ്രേമികൾക്ക് സമ്മാനിച്ചത്. ഗൾഫ് മാധ്യമത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘മീ ഫ്രണ്ട്’ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആദ്യ റൗണ്ടിൽ ലഭിച്ച ആയിരക്കണക്കിന് എൻട്രികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 പേരായിരുന്നു മാറ്റുരച്ചിരുന്നത്.
മുഹബത്തിന്റെ മസാല കൂട്ടിൽ വീട്ടിൽ നിന്ന് ഒരുക്കിയ ബിരിയാണിയുമായി മൂന്ന് മണിയോടെ തന്നെ മത്സരാർഥികൾ വേദിയിലേക്ക് എത്തിത്തുടങ്ങിയിരുന്നു. അൽ ഖൂദ് ഫുഡ്ലാൻഡ്സ് റസ്റ്റാറന്റിൽ പ്രത്യേകം തയാറാക്കിയ വേദിയിലാണ് സെമിഫൈനൽ നടന്നത്. രജിസ്ട്രേഷനും നിർദേശങ്ങളും മറ്റും പൂർത്തിയാക്കി 4.30 ഓടെ മത്സരങ്ങൾക്ക് തുടക്കമായി. ഓരോ മത്സരാർഥിയും കൊണ്ടുവന്ന ബിരിയാണിയുടെ പ്രസന്റേഷൻ രുചിയുടെ പുത്തൻ ലോകമായിരുന്നു തുറന്നത്. ഓരോ ഇനവും ഒന്നിനൊന്ന് മെച്ചം പുലർത്തിയതിനാൽ വിധി നടത്താൻ ജഡ്ജിങ് പാനലിന് ഏറെ പാടുപെടേണ്ടി വരികയും ചെയ്തു. പലരും നേരീയ മാർക്കിന്റെ വ്യത്യാസത്തിലാണ് ഗ്രാൻഡ് ഫിനാലെ കാണാതെ പോയത്.മത്സരത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും കൈനിറയെ സമ്മാനങ്ങളും നൽകിയാണ് സംഘാടകർ യാത്രയാക്കിയത്. ‘ദംദം ബിരിയാണി ഫെസ്റ്റ് തികച്ചും വേറിട്ട
ഒരനുഭവമായിരുന്നുവെന്നും അടുത്തവർഷം മികച്ച വിഭവങ്ങളുമായി തങ്ങൾ വീണ്ടും മത്സര രംഗത്തുണ്ടാകുമെന്നും പല മത്സരാർഥികളും പറഞ്ഞു.
സെമി ഫൈനലിൽ നിന്നും തെരഞ്ഞെടുത്ത 15പേർ മെഗാഫൈനലിൽ മാറ്റുരക്കും. 21ന് മസ്കത്ത് ബൗശർ ഫുട്ബാൾ ക്ലബ് സ്റ്റേഡിയത്തിൽ ആണ് ഗ്രാൻഡ് ഫിനാലെ.ലൈവ് കുക്കിങ്ങായിട്ടായിരിക്കും ഗ്രാൻഡ് ഫിനാലെ അരങ്ങേറുക. 'ദംദം ബിരിയാണി ഫെസ്റ്റി’ൽ വിജയികളെ കാത്തിരിക്കുന്നത് നാലായിരം റിയാലിന്റെ സമ്മാനങ്ങളാണ്. പ്രമുഖ പാചക വിദഗ്ധൻ ഷെഫ് സുരേഷ് പിള്ള, പാചക വിദഗ്ധ ആബിദ റഷീദ്, കുടുംബങ്ങളുടെ ഇഷ്ടതാരവും അവതാരകനുമായ രാജ് കലേഷ് തുടങ്ങിയവരടങ്ങുന്ന ജൂറി പാനലാകും അന്തിമ വിജയികളെ തെരഞ്ഞെടുക്കുക. നമ്മുടെ വീട്ടകങ്ങളിലുണ്ടാക്കുന്ന ബിരിയാണിയുടെ രൂചിക്കൂട്ട് ലോകത്തെ അറിയിക്കാനുള്ള സുവർണാവസരമാണ് 'ദംദം ബിരിയാണി ഫെസ്റ്റിലൂടെ കൈവന്നിരിക്കുന്നത്.
മസ്കത്തിന്റെ മഹാരുചി മേളയിൽ വിജയികളാകുന്നവർക്ക് ‘ദംദം സ്റ്റാർ’ പട്ടമാണ് നൽകുക. ഗ്രാൻഡ് ഫിനാലെ നടക്കുന്ന ആഘോഷ രാവിന് മാറ്റുകൂട്ടാനായി ഗായകരായ അക്ബർ ഖാൻ, ദാന റാസിക്ക് എന്നിവരുടെ സംഗീത ബാൻഡുമുണ്ടാകും. കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാവുന്ന ഗെയിം ഷോകൾ,മെഹന്തി ഫെസ്റ്റ്, കിഡ്സ് കോർണറുകൾ, കണ്ണൂർ വിഭവങ്ങളുടെതടക്കമുള്ള ഫുഡ്സ്റ്റാളുകൾ എന്നിങ്ങനെ വൈവിധ്യങ്ങളായ വിനോദ പരിപാടികളും അരങ്ങേറും.
പ്രവേശനം സൗജന്യമാണ്. ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ സൗന്ദര്യ വർധക ഉൽപന്നങ്ങളുടെ ഓൺലൈൻ വിതരണക്കാരായ സൂഖ് റിമ ഡോട്ട് കോം(WWW.SOUQRIMA.COM), ബദർ അൽ സമ ഹോസ്പിറ്റൽ, ഫുഡ്ലാൻഡ്സ് റസ്റ്ററന്റ്, ബിസ്മി ജീരകശാല റൈസ് എന്നിവരും കൈകോർക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.