കഴിഞ്ഞ വർഷം 25 ശതമാനമാണ് വർധിച്ചത്മസ്കത്ത്: ഒമാനിൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം ഉയരുന്നു. 2019നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 25 ശതമാനത്തിെൻറ വർധന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഉണ്ടായതായി എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ ബിൻ ഹബീബ് അൽ ഖുറൈഷി പറഞ്ഞു. സൈബർ കുറ്റവാളികൾ സ്വകാര്യ വിവരങ്ങൾ കൈവശപ്പെടുത്തുന്നതിനാൽ പലരും പരാതിപ്പെടാൻ മടിക്കുന്ന സാഹചര്യങ്ങളുണ്ടെന്നും ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു.
സൈബർ കുറ്റവാളികൾ തട്ടിപ്പിന് വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നുണ്ട്. വാട്സ്ആപ്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകൾ വഴിയുള്ള ധാരാളം കുറ്റകൃത്യങ്ങളെ കുറിച്ച പരാതികൾ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിെൻറ പരിഗണനയിലുണ്ട്. വലിയ ലാഭവിഹിതം വാഗ്ദാനംചെയ്യുന്ന തട്ടിപ്പ് കമ്പനികൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി വലവിരിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ടുകഴിയുേമ്പാൾ മാത്രമാണ് വ്യാജ കമ്പനികളുടെ തട്ടിപ്പിൽ വീണതായി പലർക്കും മനസ്സിലാക്കാൻ സാധിക്കുകയെന്നും അൽ ഖുറൈഷി പറഞ്ഞു. കറൻസിയിലും എണ്ണയിലും സ്റ്റോക് എക്സ്ചേഞ്ചിലുമെല്ലാം കച്ചവടം നടത്തി കുറഞ്ഞകാലംകൊണ്ട് സമ്പന്നരായവരെ പരസ്യങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് ഇവരുടെ തട്ടിപ്പ് രീതി. നിരവധി സൈബർ കുറ്റവാളികളെ ആർ.ഒ.പി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബ്രിഗേഡിയർ അൽ ഖുറൈഷി പറഞ്ഞു. പല കുറ്റവാളികളും രാജ്യത്തിന് പുറത്താണുള്ളത്. തട്ടിപ്പിന് ഇരകളാക്കപ്പെടുന്നവർക്ക് പ്രതികളുടെ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളല്ലാതെ മറ്റൊന്നും അറിവുണ്ടാകണമെന്നില്ല.
ഇത്തരം കേസുകളിൽ ഇൻറർപോളുമായി ചേർന്നാണ് കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കാറുള്ളത്. ഇൻറർപോളുമായും ഇൻറർനാഷനൽ അറബ് പൊലീസുമായും കുറ്റാന്വേഷണ വിഭാഗം നിരന്തര സമ്പർക്കം പുലർത്തിവരുന്നുണ്ട്. ഇവരിൽനിന്ന് കുറ്റകൃത്യങ്ങളെ കുറിച്ചും കുറ്റകൃത്യ രീതികളെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കുന്നുണ്ട്.
പുതിയ രീതിയിലുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് അറിവ് നൽകുേമ്പാൾ അതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ജനങ്ങൾക്ക് വേണ്ട മുന്നറിയിപ്പുകൾ നൽകിവരുകയും ചെയ്യുന്നുണ്ടെന്നും ബ്രിഗേഡിയർ ജമാൽ അൽ ഖുറൈഷി പറഞ്ഞു.
എല്ലാ പ്രായക്കാരെയും സൈബർ കുറ്റവാളികൾ ലക്ഷ്യമിടുന്നുണ്ടെന്നും ബ്രിഗേഡിയർ പറഞ്ഞു. കൗമാരപ്രായക്കാരാണ് കുറ്റവാളികളുടെ വലയിൽപെടാൻ എളുപ്പം. അതിനാൽ രക്ഷിതാക്കൾക്ക് കുട്ടികൾ എന്താണ് ഇൻറർനെറ്റിൽ ചെയ്യുന്നത് എന്ന അവബോധം ഉണ്ടായിരിക്കണം.
സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആരോടും പങ്കുവെക്കാതിരിക്കുകയാണ് കുറ്റകൃത്യങ്ങളിൽനിന്ന് രക്ഷപ്പെടാൻ പ്രാഥമികമായി ചെയ്യേണ്ട കാര്യം. ഒാൺലൈൻ ഷോപ്പിങ് നടത്തുേമ്പാൾ സുരക്ഷ ഉറപ്പാക്കണം. വലിയ തുക ലാഭവാഗ്ദാനം നൽകുന്ന നിക്ഷേപപദ്ധതികളെ സൂക്ഷ്മമായി വിലയിരുത്തണമെന്നും ബ്രിഗേഡിയർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.