മസ്കത്ത്: വിദേശികൾക്കായി അടുത്തിടെ ഒമാൻ അവതരിപ്പിച്ച കൾചറൽ വിസയുമായി ബന്ധപ്പെട്ട് വിശദ വിവരങ്ങൾ റോയൽ ഒമാൻ പൊലീസ് പുറപ്പെടുവിച്ചു. പൂർണമായും സംസ്കാരികമായ സന്ദർശനങ്ങൾക്കെത്തുന്ന വിദേശികൾക്കായാണ് ഈ വിസ അനുവദിക്കുക.
എൻട്രി വിസയുടെ സേവനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സാംസ്കാരിക വിനിമയം, കലാപരമായ വികസനം, ബൗദ്ധികപരമായ സഹകരണം എന്നീ ലക്ഷ്യങ്ങൾക്കായി എക്സിക്യൂട്ടിവ് റെഗുലേഷൻസ് ഓഫ് ദി ഫോറിനേഴ്സ് റസിഡൻസി നിയമത്തിൽ ഭേദഗതി വരുത്തിയാണ് (ഉത്തരവ് നമ്പർ 156/2025) കൾചറൽ വിസ നിയമം കൊണ്ടുവന്നിട്ടുള്ളത്. കൾചറൽ വിസകൊണ്ട് ഒമാൻ സർക്കാർ ലക്ഷ്യമിടുന്നതെന്ത്, ഒമാന്റെ ദേശീയതാൽപര്യങ്ങളുമായി കൾചറൽ വിസ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, ഈ കാറ്റഗറിയിലെ വിസക്കായി ആർക്കൊക്കെയാണ് അപേക്ഷിക്കാൻ കഴിയുക, എത്ര കാലത്തേക്കാണ് വിസ അനുവദിക്കുക തുടങ്ങിയ സംശയങ്ങൾക്കുള്ള ദൂരീകരണമായാണ് റോയൽ ഒമാൻ പൊലീസ് വിശദമായ ചട്ടക്കൂട് സംബന്ധിച്ച് കഴിഞ്ഞദിവസം വിശദീകരണം അറിയിച്ചത്.
ആർക്കാണ് വിസ അനുവദിക്കുക?
സാംസ്കാരികമായ ആവശ്യങ്ങൾക്കായി ഒമാനിലേക്ക് വരുന്ന വിദേശികൾക്കുള്ള എൻട്രി പെർമിറ്റാണ് കൾചറൽ വിസയെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കുന്നു. ബന്ധപ്പെട്ട അതോറിറ്റിയുടെ അഭ്യർഥന പരിഗണിച്ചാണ് ഈ വിസ അനുവദിക്കുക. സംസ്കാരിക-കായിക-യുവജന മന്ത്രാലയം, മറ്റ് സാംസ്കാരിക സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ, കൾചറൽ സെന്ററുകൾ എന്നിവ അപേക്ഷകന്റെ ആതിഥേയത്വം ഏറ്റെടുക്കുകയും അവരുടെ ഒമാനിലെ താമസകാലയളവിന്റെ പൂർണ ഉത്തരവാദിത്വം വഹിക്കുകയും വേണം. അതേസമയം, സാംസ്കാരിക ആവശ്യങ്ങൾക്കായി ഒമാനിലെത്തുന്ന വിദേശിയുടെ ജീവിതപങ്കാളിക്കും മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയ അടുത്ത ബന്ധുക്കൾക്കും കൾചറൽ ജോയിനിങ് വിസ അനുവദിക്കാൻ പ്രത്യേക വ്യവസ്ഥയും ഇതിൽ വെച്ചിട്ടുണ്ട്.
കൾചറൽ വിസ സംബന്ധിച്ച ഉത്തരവ് പ്രകാരം, ഒമാൻ സുൽത്താനേറ്റിൽ നടക്കുന്ന വിവിധ സാംസ്കാരികപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ അല്ലെങ്കിൽ അതന്റെ ഭാഗമാവുകയോ ചെയ്യുന്ന വ്യക്തികൾക്കാണ് ഈ വിസ അനുവദിക്കുക. വിസ അനുവദിച്ച തീയതി മുതൽ മൂന്നുമാസം വരെയാണ് ഇതിന് കാലാവധി.
ഈ വിസ എടുക്കുന്നവർക്ക് സംസ്കാരം, കല, പൈതൃകം തുടങ്ങിയവയിൽ അക്കാദമികമായോ ഗവേഷണപരമായോ ഉള്ള സഹകരണം, കലാപരമായ പരിശീലനം, സാഹിത്യസമ്മേളനത്തിലോ ബൗദ്ധികസമ്മേളനത്തിലോ ഫെസ്റ്റിവലുകളിലോ പങ്കെടുക്കുക, സാംസ്കാരികമോ കലാപരമായോ ആയ പരിപാടികളിലോ എക്സിബിഷനുകളിലോ പങ്കെടുക്കുക, സാംസ്കാരികമോ കലാപരമായോ ആയ പരിപാടിയോ എക്സിബിഷനോ സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി താൽക്കാലിക താമസാനുമതിയും കൾചറൽ വിസയിൽ അനുവദിക്കുന്നുണ്ട്.
ഒരു വർഷത്തേക്കുള്ള കൾചറൽ വിസക്ക് 50 ഒമാനി റിയാലാണ് ഫീസ് നിരക്ക്. അഞ്ചുവർഷത്തേക്കാണെങ്കിൽ ഓരോ വർഷവും 50 റിയാൽ വീതവും 10 വർഷത്തേക്കാണെങ്കിൽ ഓരോ വർഷവും 50 റിയാൽ വീതവും നൽകണം.
എന്ത് ആവശ്യത്തിനായാണ് വിസ നീട്ടുന്നതിനായി അപേക്ഷകൻ അപേക്ഷ സമർപ്പിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് വിസ പുതുക്കി നൽകുന്നത് പരിഗണിക്കുക. അനുവദിച്ച വിസ മൂന്നുമാസത്തിനുള്ളിൽ ഉപയോഗപ്പെടുത്തണമെന്നും അല്ലാത്തപക്ഷം അവ അസാധുവാകുമെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.
ലക്ഷ്യം സാംസ്കാരിക വിനിമയം
സാംസ്കാരികരംഗവുമായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് ഒമാനിലേക്ക് കടന്നുവരാൻ ഒമാൻ സർക്കാർ കൃത്യമായ ചട്ടക്കൂട് രൂപപ്പെടുത്തുകയാണ് കൾചറൽ വിസയിലൂടെ ചെയ്തിരിക്കുന്നത്. വിദഗ്ധർ, ഗവേഷകർ, ക്രിയേറ്റേഴ്സ്, അറിവിന്റെയും ആശയങ്ങളുടെയും കൈമാറ്റങ്ങളെ പിന്തുണക്കുന്നവർ തുടങ്ങിയവർ ഒമാനിലേക്ക് കടന്നുവരുന്നതിന് ഒരു ടൂൾ എന്ന നിലക്ക് കൾചറൽ വിസക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് അധികൃതർ ചൂണ്ടിക്കാട്ടി. സാംസ്കാരികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദേശികളുടെ നിയമപരമായ സാന്നിധ്യം ക്രമപ്പെടുത്താനും മേൽനോട്ട ഏജൻസികളുടെ നിർദേശങ്ങൾ പാലിക്കപ്പെടുന്നതിനും ഈ വിസ സഹായകരമാണ്.
ഇതിനുപുറമെ, ഒമാനിലെ ‘കൾച്ചറൽ ടൂറിസം’ സജീവമാക്കുക, ആഗോള സാംസ്കാരികരംഗത്തേക്ക് ഒമാന്റെ പ്രവർത്തനം വിശാലമാക്കുക, ലോകത്തെമ്പാടുമുള്ള രാജ്യങ്ങളുമായി ബൗദ്ധിക-സാംസ്കാരിക ആശയവിനിമയം വർധിപ്പിക്കുക, രാജ്യത്ത് നടക്കുന്ന വിവിധ കലാസാംസ്കാരിക പരിപാടികളിൽ വിദേശികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നിവയും ഈ വിസയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. സാംസ്കാരിക കൈമാറ്റവും സംയുക്ത പരിപാടികളും വഴി ഒമാനി സംസ്കാരം സമ്പുഷ്ടമാക്കുക, വിദേശ കലാകാരൻമാരെയും ഗവേഷകരെയും സാംസ്കാരിക പ്രതിനിധിസംഘങ്ങളെയും ഒമാനിലെ സ്ഥാപനങ്ങൾക്ക് എളുപ്പത്തിൽ ആതിഥേയരാക്കാൻ സാധ്യമാക്കുക, ഒമാൻ കൾചറൽ സ്റ്റ്രാറ്റജി 2040 ന്റെ ലക്ഷ്യങ്ങളുമായി ഇതിനെ ബന്ധിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുക എന്നിവയാണ് കൾചറൽ വിസയുടെ പ്രധാന ഉദ്ദേശ്യങ്ങൾ.
കൾചറൽ വിസയുടെ കാലാവധി നീട്ടുന്നതിനുള്ള വ്യവസ്ഥകൾ എക്സിക്യൂട്ടിവ് റെഗുലേഷൻസ് ഓഫ് ദി ഫോറിനേഴ്സ് റസിഡൻസി നിയമത്തിന്റെ എക്സിക്യൂട്ടിവ് റെഗുലേഷനിലെ മറ്റു വിസകളോട് ബാധകല്ലെന്നും ഈ നിയമങ്ങൾ കൾചറൽ വിസക്കുമാത്രം ബാധകമാണെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.