മസ്കത്ത്: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഒമാൻ സർക്കാർ നിയന്ത്രണത്തിലുള്ള മുവാസലാത്ത് കമ്പനി മസ്കത്ത്-സലാല ബസ് സർവിസ് നിർത്തിവെച്ചു. ശനിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്കാണ് റൂട്ട് 100 ബസ് സർവിസ് റദ്ദാക്കിയിരിക്കുന്നത്. ദിവസവും നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന റൂട്ടാണിത്. കോവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് കഴിഞ്ഞദിവസം സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ദോഫാർ ഗവർണറേറ്റിൽ സമ്പൂർണ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ കമ്മിറ്റി തീരുമാനിച്ചിരുന്നു. ദോഫാറിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിച്ചതും െഎ.സി.യുവിലെ സൗകര്യം അപര്യാപ്തമാകുമെന്ന ആശങ്ക ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്. സുപ്രീംകമ്മിറ്റി ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബൂസൈദിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥതിഗതികൾ വിലയിരുത്തുന്നുണ്ട്. മഹാമാരിയുടെ വ്യാപനവും ഭാവിയിൽ സ്വീകരിക്കേണ്ട നടപടികളുമായി ബന്ധപ്പെട്ടതുമായ വിവിധ വിഷയങ്ങൾ യോഗം ചർച്ചചെയ്തു.
സാഹചര്യം സങ്കീർണമായാൽ സമ്പൂർണ ലോക്ഡൗൺ പരിഗണിക്കേണ്ടിവരുമെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. സർക്കാർ ജനങ്ങൾക്ക് നൽകിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.കടകളിലും മാളുകളിലും കൂട്ടംകൂടി നിൽകുക, മാസ്ക് ധരിക്കാതിരിക്കുക, കർഫ്യൂ സമയങ്ങളിൽ പുറത്തിറങ്ങുക തുടങ്ങിയ കാര്യങ്ങളിൽ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചത്.
മസ്കത്ത്: കോവിഡ് നിയന്ത്രിക്കുന്നതിനായി രാത്രികാല സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രദേശവാസികൾ.മഹാമാരിയെ തടഞ്ഞുനിർത്താൻ സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണക്കുന്നതായി അവർ പറയുന്നു. ശനിയാഴ്ച വൈകീട്ട് ആറുമുതൽ ആരംഭിച്ച കർഫ്യൂവിൽ പ്രദേശത്ത് കടകളും സ്ഥാപനങ്ങളും അടച്ചും വാഹനങ്ങൾ പുറത്തിറക്കാതെയും ജനങ്ങൾ സഹകരിച്ചു.
ഗവർണറേറ്റിലെ പോസിറ്റിവ് കേസുകളുടെയും മരണങ്ങളുടെയും വർധനയും ഐ.സി.യുവിലെ രോഗികളുടെ എണ്ണം കൂടിയതുമാണ് സുപ്രീം കമ്മിറ്റി സമ്പൂർണ രാത്രികാല ലോക്ഡൗൺ പ്രഖ്യാപിക്കാൻ ഇടയാക്കിയത്. പകർച്ചവ്യാധിയിൽനിന്ന് സമൂഹത്തെ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികളുമായി സഹകരിക്കണമെന്ന് കഴിഞ്ഞ ദിവസം സർക്കാർ ആവശ്യെപ്പട്ടിരുന്നു. സലാല തലസ്ഥാനമായ ദോഫാർ ഒമാനിലെ ഏറ്റവും വലിയ ഗവർണറേറ്റാണ്.
മസ്കത്ത്: സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ആവശ്യത്തിന് വെൻറിലേറ്ററുകളില്ലെന്ന സമൂഹ മാധ്യമ പ്രചാരണം ആരോഗ്യ മന്ത്രാലയം തള്ളി. പ്രദേശത്ത് മഹാമാരിയുടെ ഏത് സാഹചര്യത്തെയും നേരിടാൻ സർക്കാർ സന്നദ്ധമാണെന്നും സലാലയിെല ആശുപത്രികളിൽ കൂടുതൽ സജ്ജീകരണങ്ങളൊരുക്കിയതായും മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
നേരത്തേ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെൻറിലേറ്ററുകൾ നിറഞ്ഞതായി സമൂഹ മാധ്യമങ്ങളിലും ഒാൺലൈൻ മാധ്യമങ്ങളിലും വാർത്ത പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രാലയം വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. അതേസമയം, രോഗികളുടെ എണ്ണം വർധിച്ചതായി ആശുപത്രിയിലെ ഡോക്ടർ നാസർ ബിൻ അമർ അൽ അവെദ് പറഞ്ഞു. രോഗികളുടെ വർധന ആശങ്കയുണ്ടാക്കുന്നതാണെന്നും ജനങ്ങൾ മുൻകരുതൽ നിർദേശങ്ങൾ ശക്തമായി പാലിച്ചാൽ മാത്രമേ പിടിച്ചു നിർത്താൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.