മസ്കത്ത്: തൊഴിൽപരമായ പ്രശ്നങ്ങളിൽപെട്ട തമിഴ്നാട് സ്വദേശിക്ക് കോടതി ഇട പെടൽ തുണയായി. തമിഴ്നാട് പെരുങ്ങളത്തൂർ സ്വദേശി ഗോപിയാണ് ബുദ്ധിമുട്ടുകൾ നിറഞ്ഞ രണ്ടുവർഷത്തെ പ്രവാസത്തിന് ഒടുവിൽ നാടണഞ്ഞത്. രണ്ടുവർഷം മുമ്പാണ് ഇബ്രയിലെ നിർമാണ കമ്പനിയിൽ ഗോപി ടൈൽ പണിക്കായി എത്തിയത്. ഗോപിക്കുള്ള വിസ ലഭിച്ച സമയംതന്നെ കമ്പനിയെ ബ്ലാക്ക്ലിസ്റ്റിൽ പെടുത്തിയിരുന്നു. ഇവിടെയെത്തിയ ശേഷമാണ് ബ്ലാക്ക്ലിസ്റ്റിലുള്ളതിനാൽ ലേബർ കാർഡ് എടുക്കാൻ കഴിയില്ലെന്നതടക്കം വിവരങ്ങൾ ഗോപി മനസ്സിലാക്കിയത്.
വിസ തീരാൻ രണ്ടുമാസം ബാക്കിയിരിക്കെ നാട്ടിൽ തിരിച്ചെത്തുന്നത് പ്രയാസകരമായിരിക്കുമെന്ന് മനസ്സിലാക്കിയ ഗോപി, കഴിഞ്ഞ ഡിസംബറിൽ ഇബ്രയിലെ ‘വൺ ഇഞ്ച്’ എന്ന സാമൂഹിക കൂട്ടായ്മയുടെ സഹായം തേടി. ഇവരുടെ നിർദേശ പ്രകാരം എംബസിയിലേക്ക് പരാതി അയച്ചു. എംബസി നിർദേശപ്രകാരം ഇബ്രയിലെ സാമൂഹിക പ്രവർത്തകരായ മോഹൻദാസ് പൊന്നമ്പലവും ബഷീർ കൊച്ചിയും ഗോപിയുടെ സ്പോൺസറുമായി മൂന്നു വട്ടം ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടർന്ന് എംബസി കേസ് ഇബ്ര ലേബർ കോടതിയിലേക്ക് കൈമാറി. വാദം കേട്ട കോടതി 15 ദിവസത്തിനുള്ളിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകി കയറ്റിവിടാൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.