ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഈസ് ബിൻ മുഹമ്മദ് അൽ യൂസഫ് അൽജീരിയൻ പ്രസിഡന്റ് അബ്ദുൽ മദ്ജിദ് ടെബ്ബൗണുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: അൽജീരിയയിലെത്തിയ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഈസ് ബിൻ മുഹമ്മദ് അൽ യൂസഫ് പ്രസിഡന്റ് അബ്ദുൽ മദ്ജിദ് ടെബ്ബൗണുമായി കൂടിക്കാഴ്ച നടത്തി. സുൽത്താനേറ്റ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന 56ാമത് അൽജിയേഴ്സ് അന്താരാഷ്ട്ര മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചയിൽ, അൽജീരിയൻ പ്രസിഡന്റിന് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ മന്ത്രി അറിയിച്ചു. കൂടാതെ പ്രസിഡന്റ് ടെബ്ബൂണിനും അൽജീരിയൻ ജനതക്കും പുരോഗതിയും സമൃദ്ധിയും ആശംസിച്ചു. ഒമാന്റെ പങ്കാളിത്തത്തിന് സുൽത്താന് തന്റെ ആശംസകളും നന്ദിയും അറിയിക്കാൻ പ്രസിഡന്റ് മന്ത്രിയോട് ആവശ്യപ്പെട്ടു. ഒമാനും ജനങ്ങൾക്കും പുരോഗതിയും സമൃദ്ധിയും ആശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങൾ യോഗം അവലോകനം ചെയ്തു. അൽജീരിയയിലെ ഒമാൻ അംബാസഡർ സെയ്ഫ് ബിൻ നാസർ അൽ ബദായി, ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ്, മദൈൻ സി.ഇ.ഒ എൻജിനീയർ ദാവൂദ് ബിൻ സലിം അൽ-ഹദബി, ഒ.ടി.ഇ ഗ്രൂപ്പിന്റെയും അൽജീരിയ-ഒമാൻ വളം കമ്പനിയുടെയും ചെയർമാൻ ശൈഖ് സാദ് ബിൻ സുഹൈൽ ബഹ്വാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.