സി.ഡി..എ.എയുടെയുടെ കീഴിലുള്ള കെ നയൻ ടീം ദോഫാറിൽ
സലാല: ദോഫാർ ഖരീഫ് സീസണിനോടനുബന്ധിച്ചുള്ള സുരക്ഷാ പദ്ധതിയുടെ ഭാഗമായി, ദോഫാർ ഗവർണറേറ്റിലെ ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി തങ്ങളുടെ വാട്ടർ റെസ്ക്യൂ ടീമുകളെ വിന്യസിച്ചു. ഒമാനിലെ ഏറ്റവും തിരക്കേറിയ ടൂറിസം സീസണുകളിലൊന്നായ ഖരീഫിൽ പൊതുജനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും അടിയന്തിര ഘട്ടങ്ങളിൽ അതിവേഗ രക്ഷാപ്രവർത്തനങ്ങൾക്കുമായാണ് അതോറിറ്റിയുടെ ഈ നടപടി.
വാട്ടർ റെസ്ക്യൂ ടീമുകൾ നിരന്തരമായ ഫീൽഡ് നിരീക്ഷണം നടത്തുകയും സന്ദർശകർക്ക് പ്രതിരോധ സുരക്ഷാ നിർദേശങ്ങൾ നൽകുകയും ചെയ്യും. കൂടുതൽ സന്ദർശകർ എത്തുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായ വിന്യാസ പ്ലാൻ അനുസരിച്ചാണ് ടീമുകൾ പ്രവർത്തിക്കുന്നതെന്ന് അൽ സാദയിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് സെന്ററിലെ അസിസ്റ്റന്റ് ഓഫിസർ ക്യാപ്റ്റൻ മുസ്‌ലിം ബിൻ മുഹമ്മദ് അൽ അമ്രി പറഞ്ഞു. അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കപ്പുറം, സന്ദർശകർക്ക് സുരക്ഷാ മാർഗനിർദേശങ്ങൾ നൽകി പൊതുജനങ്ങളിൽ അവബോധം വളർത്താനും വാട്ടർ റെസ്ക്യൂ ടീം പ്രവർത്തിക്കും. അതോടൊപ്പം ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സാഹചര്യങ്ങൾ അവർ നിരന്തരം നിരീക്ഷിക്കുകയും ചെയ്യും.
വിവിധ തരത്തിലുള്ള വെള്ളപ്പൊക്ക-ജലാശയ അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ വൈദഗ്ധ്യമുള്ള, പ്രത്യേക പരിശീലനം ലഭിച്ച ഒമാനി ഉദ്യോഗസ്ഥരാണ് വാട്ടർ റെസ്ക്യൂ ടീമുകളിലുള്ളതെന്ന് ക്യാപ്റ്റൻ അൽ അമ്രി ചൂണ്ടിക്കാട്ടി. അധികൃതർ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും രക്ഷാപ്രവർത്തകരുമായി സഹകരിക്കണമെന്നും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം സന്ദർശകരോട് അഭ്യർഥിച്ചു.
സിഡി.എ.എയുടെയുടെ കീഴിലുള്ള ഏറ്റവും അത്യാധുനികവും സവിശേഷവുമായ ഒരു വിഭാഗമാണ് മൾട്ടി-മീഡിയ സെർച്ച് ടീം അല്ലെങ്കിൽ കെ നയൻ സ്ക്വാഡ്. ദുരന്തമുഖങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും മനുഷ്യർക്ക് കണ്ടെത്താൻ കഴിയാത്ത ഇടങ്ങളിൽ അതിവേഗം തിരച്ചിൽ നടത്താൻ ഈ വിഭാഗം സജ്ജമാണ്. വാദികളിലെ കുത്തൊഴുക്ക്, മരുഭൂമികൾ, പർവത പ്രദേശങ്ങൾ തുടങ്ങിയ ദുർഘടമായ ഭൂപ്രകൃതികളിൽ വഴിതെറ്റുകയോ കാണാതാവുകയോ ചെയ്യുന്നവരെ കണ്ടെത്തുക, ശക്തമായ ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ, കനത്ത മഴ, മണ്ണിടിച്ചിൽ എന്നിവയുണ്ടാകുമ്പോൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ അതിവേഗം കണ്ടെത്തുക, ദുരന്തങ്ങളിൽ പെട്ട് മണ്ണിനടിയിലോ വെള്ളത്തിനടിയിലോ മറഞ്ഞുപോയ മൃതദേഹങ്ങൾ കൃത്യമായി കണ്ടെത്തുക തുടങ്ങിയവയാണ് ഈ സ്ക്വാഡിന്റെ പ്രവർത്തനങ്ങൾ. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കൾ ഈ സ്ക്വാഡിനെ സഹായിക്കാൻ ടീമിലുണ്ട്.
അതോടൊപ്പം, കിലോമീറ്ററുകൾ അകലെ തിരച്ചിൽ നടത്തുന്ന നായ്ക്കളുടെ തത്സമയ ലൊക്കേഷൻ ഹാൻഡ്‌ലർമാർക്ക് ട്രാക്ക് ചെയ്യാൻ ജി.പി.എസ് കോളറുകൾ , ഇടുങ്ങിയ ഗുഹകളിലോ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലോ ഉള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ തത്സമയം ലഭ്യമാക്കുന്ന കെ നയൻ ക്യാമറകൾ, നായ്ക്കൾക്ക് പോകാൻ കഴിയാത്ത വലിയ മലയിടുക്കുകളിലും ചതുപ്പുകളിലും ഡ്രോൺ നിരീക്ഷണം എന്നീ സജ്ജീകരണങ്ങളും സംഘടത്തിലുണ്ട്. ഒമാനി സെർച്ച് ആൻഡ് റെസ്ക്യൂ ടീമിന് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ഇൻസറാഗ് പദവി ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.