നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കേബ്ൾ കാർ പദ്ധതി
മസ്കത്ത്: മത്രയുടെ വിനോദസഞ്ചാരമേഖലയുടെ തലവര മാറ്റിവരക്കുന്ന പുതിയ കേബ്ൾ കാർ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. മത്രയിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി കഴിഞ്ഞദിവസം നടത്തിയ ഫീൽഡ് സന്ദർശനത്തിൽ പ്രധാനപ്പെട്ടതായിരുന്നു കേബിൾ കാർ പദ്ധതി. 12 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നാണ് കരുതുന്നത്.
മത്രയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കുന്ന ആകാശസഞ്ചാരയാത്രയാണ് പ്രധാന ആകർഷണം. മത്ര മത്സ്യമാർക്കറ്റിന് സമീപമുള്ള സ്റ്റേഷനിൽ നിന്നാണ് കേബിൾ കാർ സർവിസ് ആരംഭിക്കുക. ഇവിടെനിന്ന് വിനോദസഞ്ചാരികളെ മലമുകളിലുള്ള രണ്ടാം സ്റ്റേഷനിലേക്ക് കൊണ്ടുപോവും. ഇവിടെ ഇറങ്ങുന്ന സന്ദർശകർക്ക് വിശ്രമിക്കാനും ഫ്ലവർ പാർക്ക് സന്ദർശിക്കാനും കഴിയും. കേബ്ൾ കാർ സർവിസുകൾക്ക് മൂന്ന് സ്റ്റേഷനുകൾ ഉണ്ടാകും. മത്ര മത്സ്യ മാർക്കറ്റിന് സമീപമാണ് ഒന്നാം സ്റ്റേഷൻ. റിയാൻ പാർക്കിന് പിന്നിലുള്ള മലമുകളിലായിരിക്കും രണ്ടാം സ്റ്റേഷൻ. ഇവിടെ മത്രയുടെ കടൽത്തീരം മുഴുവൻ സുന്ദരമായി കാണാം. ഫ്ലവർ പാർക്കാണ് മൂന്നാം േസ്റ്റഷൻ.
സ്റ്റേഷനുകളിൽ നിരവധി സൗകര്യങ്ങളുണ്ടായിരിക്കുമെന്ന് പദ്ധതി നിർമാതാക്കൾ പറയുന്നു. സ്റ്റേഷനുകൾ കുടുബങ്ങൾക്ക് പൂർണമായി ഉല്ലസിക്കൻ പറ്റുന്ന രീതിയിലായിരിക്കും സജ്ജമാക്കുക. പൂന്തോട്ടം, കുട്ടികൾക്കുള്ള അമ്യൂസ്മെന്റ് പാർക്ക് എന്നിവയാണ് മലമുകളിലെ സ്റ്റേഷനിൽ ഉണ്ടാവുക. ഫ്ലവർ പാർക്കിൽ റസ്റ്റാറൻുകളും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളുടെ പ്രദർശന ശാലകളും ഉണ്ടാവും.
കടുംചൂട്കാലത്തടക്കം എല്ലാ സമയത്തും വിനോദസഞ്ചാരികൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് പദ്ധതി. എല്ലാ സീസണിലും അനുയോജ്യമായ താപനിലയായിരിക്കും കേബ്ൾ കാറുകളിൽ ഉണ്ടാവുക. മൂന്ന് സ്റ്റേഷനുകളും പിന്നീട് നിരവധി പദ്ധതികൾ നടപ്പാക്കും. രണ്ടാം ഘട്ടത്തിൽ മത്സ്യ മാർക്കറ്റിന് സമീപമുള്ള സബീൻ സ്റ്റേഷനിൽ മനോഹരമായ പൂന്തോട്ടം നിർമിക്കും. ഫ്ലവർ പാർക്കിൽ രണ്ടാംഘട്ടമായി ഡാൻസിങ് ഫൗണ്ടൻ നിർമിക്കും.
പർവതമുകളിലെ സ്റ്റേഷനിൽ സ്വിസ് ഭക്ഷ്യവിഭവങ്ങളുടെ തെരുവ് നിർമിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതായിരിക്കും ഈ തെരുവ്. സ്വിസ് കമ്പനിയായ ബാർതോലെറ്റാണ് കേബ്ൾ കാറുകൾ രൂപകൽപന ചെയ്യുന്നത്. കമ്പനിക്ക് ആഗോളാടിസ്ഥാനത്തിൽ 300 ലധികം കേബ്ൾ കാർ പദ്ധതികളുണ്ട്. പോർച്ച് കാറുകൾക്ക് രൂപകൽപന നൽകുന്ന അതേ സ്റ്റുഡിയോയെയാണ് കേബ്ൾ കാറുകളുടെ രൂപകൽപനയും ഏൽപിച്ചിരിക്കുന്നത്. എട്ട് സീറ്റുകളുള്ള കാറുകൾക്കൊപ്പം നാല് സീറ്റുകളുള്ള വി.ഐ.പി കാറുകളും ഉണ്ടാവും. മൊത്തം എട്ട് കാറുകൾ സർവിസ് നടത്തും. കൂടാതെ പ്രത്യേക ആവശ്യങ്ങൾക്കായി രണ്ട് വി.ഐ.പി കാറുകളും ഉണ്ടാവും.
രണ്ട് റൂട്ടുകളിലായാണ് സർവിസുകൾ. മത്സ്യമാർക്കറ്റിന് സമീപത്തെ സ്റ്റേഷനിൽ നിന്ന് പർവതമുകളിലെ സ്റ്റേഷനിലേക്കായിരിക്കും ആദ്യത്തെ റുട്ട്. രണ്ടാമെത്ത റൂട്ട് പർവതമുകളിലെ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ഫ്ലവർ പാർക്കിൽ അവസാനിക്കും. ഈ രണ്ട് റൂട്ടുകൾക്കും ഇടയിലെ ഇന്റർ ചെയിഞ്ച് സ്റ്റേഷനായിരിക്കും പർവതമുകളിലെ സ്റ്റേഷൻ. പദ്ധതിയുടെ 35 ശതമാനം പൂർത്തിയായിക്കഴിഞ്ഞു. പ്രദേശത്ത് ബഹുനില കാർ പാർക്ക് സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.