മസ്കത്ത്: ഊർജ,ധാതു മേഖലകളിലെ സ്വദേശിവത്കരണത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ചേർന്ന ശൂറാ കൗൺസിൽ ചർച്ച ചെയ്തു. തൊഴിൽ, ഒമാനൈസേഷൻ സംരംഭങ്ങൾ നിരീക്ഷിക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായി, ശൂറാ കൗൺസിലിന്റെ യുവജന, മനുഷ്യവിഭവശേഷി കമ്മിറ്റി ഊർജ, ധാതു മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി മുഹ്സിൻ ഹമദ് അൽ ഹദ്റമിയെ ആതിഥേയത്വം വഹിച്ചു.
ഊർജ, ധാതു മേഖലകളിൽ ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിനും ഒമാനൈസേഷൻ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രങ്ങൾ അവലോകനം ചെയ്യുന്നതിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്. കമ്മിറ്റി മേധാവി യൂനുസ് അലി അൽ മന്ദാരി അധ്യക്ഷത വഹിച്ച സെഷനിൽ നിരവധി കമ്മിറ്റി അംഗങ്ങളും മന്ത്രാലയ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഒമാൻ വിഷൻ 2040ന് അനുസൃതമായി ഒമാനി പ്രതിഭകളെ സുപ്രധാന മേഖലകളിലേക്ക് സംയോജിപ്പിക്കുന്നതിനും ഫലപ്രദമായ തൊഴിൽ നയങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിലവിലെ സംരംഭങ്ങളെക്കുറിച്ചായിരുന്നു ചർച്ചകൾ.ഒമാനൈസേഷനെ പിന്തുണക്കുന്നതിലും, തൊഴിലുടമകൾ, തൊഴിൽ വിപണി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിലും മന്ത്രാലയത്തിന്റെ പ്രതിബദ്ധതയെക്കുറിച്ച് അൽ ഹദ്റമി യോഗത്തിൽ വിശദീകരിച്ചു. എണ്ണ, വാതക കമ്പനികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ അദ്ദേഹം വിശദീകരിച്ചു. എണ്ണ, വാതക മേഖലയിലെ ഓപറേറ്റിങ് കമ്പനികളിലും കരാർ, സേവന കമ്പനികളിലും ഒമാനൈസേഷൻ നിരക്ക് വർധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെക്കുറിച്ച് ഒരു മന്ത്രാലയ വിദഗ്ധൻ കമ്മിറ്റിയെ വിശദീകരിച്ചു. ദേശീയ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആശയങ്ങളും അനുഭവങ്ങളും കൈമാറുന്നതിനുള്ള ഒരു പ്രധാന വേദിയായി പ്രവർത്തിക്കുന്ന ‘ഊർജ മേഖലയിലെ മനുഷ്യവിഭവശേഷി ഫോറം എന്നതിന്റെ അവലോകനവും നടന്നു. ഫോറത്തിന്റെ പ്രധാന തീമുകളും പങ്കെടുക്കുന്ന കമ്പനികളുടെ എണ്ണവും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.