മസ്കത്ത്: ഒമാന്റെ സംസ്കാരവും പൈതൃകവും പ്രദർശിപ്പിക്കുന്ന ‘ബ്യൂട്ടിഫുൾ ഒമാൻ’ ഫോട്ടോ പ്രദർശനത്തിന് ദക്ഷിണ കൊറിയയിലെ സിയോളിൽ തുടക്കമായി. ദക്ഷിണ കൊറിയയിലെ ഒമാൻ എംബസി, സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെയും ഒമാനി സൊസൈറ്റി ഫോർ ആർട്സിന്റെയും സഹകരണത്തോടെയാണ് സെജോങ് ആർട്ടിൽ പ്രദർശനം നടത്തുന്നത്.
അഞ്ച് ദിവസം നീളുന്ന പ്രദർശനം ദക്ഷിണ കൊറിയയിലെ ഒമാൻ അംബാസഡർ സക്കരിയ ബിൻ ഹമദ് അൽ സാദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. രാജ്യങ്ങൾക്കിടയിൽ ധാരണയും സൗഹൃദവും വളർത്തുന്നതിൽ സാംസ്കാരികവും കലാപരവുമായ വിനിമയത്തിന് വളരെയധികം പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രദർശനം ഉയർന്ന നിലവാരം പുലർത്തുന്നതാണെന്ന് കൊറിയൻ ടൂറിസം അസോസിയേഷന്റെ ചെയർവുമൺ ചോ തേ-സൂക്ക് പറഞ്ഞു. ഈ പ്രദർശനം ഒമാന്റെ സൗന്ദര്യത്തെ സൃഷ്ടിപരവും പ്രചോദനാത്മകവുമായ രീതിയിൽ പകർത്തുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. 28 പ്രഫഷനൽ ഒമാനി ഫോട്ടോഗ്രാഫർമാരുടെ തെരഞ്ഞെടുത്ത 50 ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. സുൽത്താനേറ്റിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, വൈവിധ്യമാർന്ന പാരമ്പര്യങ്ങൾ മുതൽ ആധികാരിക കലയും പൈതൃകവും വരെയുള്ള ഉജ്ജ്വലമായ കാഴ്ചയാണ് പ്രദർശനം കാണികൾക്ക് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.