ലോകമെമ്പാടും അനുദിനം ഓൺലൈൻ /ഡിജിറ്റൽ തട്ടിപ്പുകൾ വർധിക്കുകയാണ്. പ്രവാസികളും അല്ലാത്തവരും ഇതിനിരയായി വൻ തുക നഷ്ടപ്പെടുന്നു എന്നുള്ളത് വാസ്തവമാണ്. അതത് രാജ്യങ്ങളിലെ പൊലീസ് അധികാരികളും സെൻട്രൽ ബാങ്കുകളും ധാരാളം മുന്നറിയിപ്പുകൾ നൽകിയിട്ടും ഇത്തരം തട്ടിപ്പുകൾക്ക് ഒരു അറുതിയുമില്ല എന്നത് ഞെട്ടിക്കുന്നതാണ്.
എന്തൊക്കെയാണ് കാരണങ്ങൾ?
നല്ല വിദ്യാഭാസമുള്ളവർ പോലും ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഇരയാകുന്നു. ഡോക്ടർമാർ, എൻജിനീയർമാർ എന്തിനധികം ഈ അടുത്ത സമയത്ത് ഒരു ഉയർന്ന ന്യായാധിപന് പോലും പണം നഷ്ടപ്പെട്ട വിവരം പത്രമാധ്യമങ്ങളിൽ ഉണ്ടായിരുന്നു. എത്രത്തോളം ബുദ്ധിപരമായാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത് എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണിത്. അലക്ഷ്യമായി ഡിജിറ്റൽ ഇടപാടുകൾ നടത്തുക, പരിചയമില്ലാത്തവരെ അമിതമായി വിശ്വസിക്കുക, ഡിജിറ്റൽ ഇടപാടുകളിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യുക തുടങ്ങി നിരവധി കാരണങ്ങൾ ഉണ്ട്.
ഫിഷിങ്, സ്മിഷിങ്, വിഷിങ്..
മേൽപറഞ്ഞ മൂന്ന് കാര്യങ്ങളും സാമ്പത്തിക തട്ടിപ്പുകൾക്ക് വേണ്ടി ഉപയോഗിക്കുന്നു. ഫിഷിങ് ഇ-മെയിൽ വഴി നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയാണ്. തെറ്റായ ലിങ്കുകൾ അയച്ചുതരികയും അതിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ എല്ലാ വിവരങ്ങളും കുറ്റവാളിക്കു കിട്ടുകയും ചെയ്യുന്നു. അല്ലെങ്കിൽ ഫേക്ക് വെബ്സൈറ്റുകൾ വഴി വിവരങ്ങൾ തട്ടിയെടുക്കുന്ന രീതി.
സ്മിഷിങ് എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള എസ്.എം.എസ് അയക്കുകയും നിങ്ങൾ അത് വിശ്വസിച്ചു വിവരങ്ങൾ കൈമാറുകയും ചെയ്യുന്ന രീതി. തെറ്റായിട്ടുള്ള ലിങ്കുകൾ അയച്ചും നിങ്ങളെ കബളിപ്പിക്കുന്നു. വിഷിങ് എന്ന് പറയുന്നത് മേൽപറഞ്ഞ കാര്യങ്ങൾ ഫോൺ വഴി ചെയ്യുന്ന രീതിയാണ്. ഈ മൂന്ന് രീതികളും ഒരേ ഉദ്ദേശത്തോടെയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കുക.
ഡിജിറ്റൽ അറസ്റ്റ്
ധാരാളം ആളുകൾ പറ്റിക്കപ്പെടുന്ന ഒരു മേഖലയാണിത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് ഇടപാടുകൾ, ഹവാല, നിരോധിക്കപ്പെട്ട മറ്റു ഇടപാടുകൾ എന്നിവയിൽ നിങ്ങൾ അകപ്പെട്ടു എന്നുപറഞ്ഞ് സർക്കാർ അധികൃതർ എന്ന വ്യാജേന വളരെ വിദഗ്ധമായി നിങ്ങളുടെ പണം തട്ടുന്ന രീതിയാണിത്. വിശ്വസനീയമായ രീതികൾ അവലംബിച്ച് വൻ തുകകളാണ് ഇത്തരം തട്ടിപ്പുകാർ നടത്തുന്നത്. പൊതുവെ നല്ല സാമ്പത്തികശേഷി ഉള്ളവരെയും മുതിർന്ന പൗരന്മാരെയും ആണ് ഇത്തരക്കാർ നോട്ടമിടുന്നത്. ഇത്തരം മെസേജ് അല്ലെങ്കിൽ ഇ-മെയിൽ വരുമ്പോൾ നിങ്ങളുമായി അടുത്ത് ഇടപെടുന്നവരെ വിവരം അറിയിക്കുക. ഒരു കാരണവശാലും മറച്ചുവെക്കരുത്.
മുൻകരുതലുകൾ
മുകളിൽ പറഞ്ഞതുപോലെ തട്ടിപ്പുകാർ പല രീതിയിൽ ഇരകളെ തേടാറുണ്ട്. ഇതിൽ പെടാതിരിക്കണമെങ്കിൽ നമ്മൾ ജാഗരൂകരായിരിക്കുക എന്നല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല എന്നറിയുക. ‘പ്രീവെൻഷൻ ഈസ് ബെറ്റർ ദാൻ ക്യൂവർ’ എന്നല്ലേ പ്രമാണം.
(തുടരും)
(ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.