ബഹ്ല ഫോർട്ട് വിന്റർ ഫെസ്റ്റിവലിൽനിന്ന്
മസ്കത്ത്: ദഖിലിയ ഗവർണറേറ്റിലെ ബഹ്ല ഫോർട്ട് വിന്റർ ഫെസ്റ്റിവൽ വിനോദസഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കുന്നു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിപാടി പൈതൃകത്തെ സംരക്ഷിക്കാനും മറ്റുമാണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി യുവജനങ്ങൾക്കായി ശിൽപശാലകളും നടത്തുന്നുണ്ട്. ഫെസ്റ്റിവൽ ശനിയാഴ്ച സമാപിക്കും. ഉൽപാദനക്ഷമതയുള്ള കുടുംബങ്ങളെ പിന്തുണക്കുന്നതിനൊപ്പം യുവാക്കൾക്കു വിവിധ തൊഴിലവസരങ്ങളുമാണ് ഫെസ്റ്റിവൽ നൽകുന്നത്. ജനുവരി 23ന് ഉന്നത വിദ്യാഭ്യാസ, ഗവേഷണ, നവീകരണ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഡോ. സെയ്ഫ് ബിൻ അബ്ദുല്ല ബിൻ സുലൈമാൻ അൽ ഹദ്ദാബിയുടെ മേൽനോട്ടത്തിലായിരുന്നു ഉദ്ഘാടന പരിപാടികൾ നടന്നത്.
ഒമാൻ വിഷൻ 2040ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണു പുരാവസ്തു, ടൂറിസം സൈറ്റുകളുടെ പ്രവർത്തനത്തിൽ സ്വകാര്യ മേഖലക്ക് പങ്കാളിത്തം നൽകുക എന്നതെന്ന് ബഹ്ല ഫോർട്ട് മാനേജ്മെന്റ് ആൻഡ് ഓപറേഷൻ പ്രോജക്ട് ജനറൽ മാനേജർ എൻജിനീയർ അലി ബിൻ അഹമ്മദ് അൽ ഷാക്സി പറഞ്ഞു. ബഹ്ല കോട്ടയുടെ നടത്തിപ്പും പ്രവർത്തനവുമായി ബന്ധപ്പെട്ട മറസിം ടൂറിസം കമ്പനിയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യകൾ, ഒമാനി ആർക്കിടെക്ചർ ഗവേഷണ കേന്ദ്രം, ഓപൺ തിയറ്റർ, പൊതുജനങ്ങൾക്കും കുട്ടികൾക്കും ഫാമിലി കോർണറുകൾക്കുമായി നടക്കുന്ന പ്രത്യേക പരിശീലന ശിൽപശാലകൾ എന്നിവ പ്രധാന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നതാണ്.
25ഓളം കുടുംബങ്ങൾ തങ്ങളുടെ ഉൽപന്നങ്ങളുമായി ഫെസ്റ്റിവലിനുണ്ട്. ഇവർക്കായി പ്രത്യേകം തയാറാക്കിയ സ്ഥലത്ത് നടത്തുന്ന പ്രദർശനങ്ങൾ കാണാനും ഉൽപന്നങ്ങൾ വാങ്ങാനുമായി നിരവധി ആളുകളാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.