ബദർ അൽ സമ റോയൽ ആശുപത്രിയുടെ യു.എസ്.എയിലെ ജോയിന്റ് കമ്മീഷൻ ഇന്റർനാഷണൽ അക്രഡിറ്റേഷൻ സമർപ്പണ ചടങ്ങിൽനിന്ന്

ബദർ അൽ സമ റോയൽ ആശുപത്രിക്ക് യു.എസ്.എയുടെ ജെ.സി.ഐഅംഗീകാരം

മസ്കത്ത്: യു.എസ്.എയിലെ ജോയിന്റ് കമ്മീഷൻ ഇന്റർനാഷണൽ (ജെ.സി.ഐ) അക്രഡിറ്റേഷൻ സ്വന്തമാക്കി ബദർ അൽ സമ റോയൽ ആശുപത്രി. ആരോഗ്യ സംരക്ഷണ മികവിന്റെ മാനദണ്ഡമായി ആഗോളതലത്തിൽ കണക്കാക്കപ്പെടുന്ന ഈ അംഗീകാരം ആശുപത്രിയുടെ പ്രവർത്തനത്തിന്റെ ആദ്യ വർഷത്തിൽ തന്നെ ​നേടാൻ കഴിഞ്ഞു എന്നുള്ളത് ശ്രദ്ധേയമാക്കുന്നുവെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. മികച്ച രോഗി പരിചരണം നൽകുന്നതിനും രോഗി സുരക്ഷയിൽ ഉയർന്ന നിലവാരം പുലർത്തുന്നതിനുമുള്ള ബദർ അൽ സമ റോയൽ ആശുപത്രിയുടെ അചഞ്ചലമായ സമർപ്പണമാണിത് ഇത് എടുത്ത് കാണിക്കുന്നത്. ജെ.സി.ഐയുടെ സ്ഥാപിത മാനദണ്ഡങ്ങൾ പാലിച്ച് ആശുപത്രി സർവേയിൽ മികച്ച പ്രകടനമാണ് കാഴ്വെച്ചത്. പുതുതായി പരിഷ്കരിച്ചതും കൂടുതൽ കർശനവുമായ എട്ടാം പതിപ്പ് ജെ.സി.ഐ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ആശുപത്രിയെ വിലയിരുത്തിയത്. ജെ.സി.ഐ സർവേയർമാരായ ഡോ. പട്രീഷ്യ മേരി ഒ ഷിയ, ഹെൽജ് എറിക്ക സ്പ്രിഗോൺ എന്നിവരാണ് സർവേ നടത്തിയത്. അക്രഡിറ്റേഷൻ പ്രക്രിയയുടെ സമാപന ചടങ്ങിൽ, അക്രഡിറ്റേഷൻ പ്രക്രിയയിലുടനീളം എല്ലാ പങ്കാളികളും പ്രകടിപ്പിച്ച ആതിഥ്യം, ടീം വർക്ക്, പ്രഫഷണലിസം എന്നിവയെ പ്രശംസിക്കുകയും ചെയ്തു. പ്രവർത്തനത്തിന്റെ ആദ്യ വർഷത്തിൽതന്നെ ബദർ അൽ സമ റോയൽ ഹോസ്പിറ്റലിന് പരിചരണത്തിലും രോഗി സുരക്ഷയിലും മികച്ച നിലവാരം പുലർത്തുന്നതിനുള്ള ജോയിന്റ് കമ്മീഷൻ ഇന്റർനാഷണൽ (ജെ.സി.ഐ) അക്രഡിറ്റേഷൻ ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ബാദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫും ഡോ. ​​പി എ മുഹമ്മദും പറഞ്ഞു. ഞങ്ങൾ നൽകുന്ന ഓരോ സേവനവും ആരോഗ്യ സംരക്ഷണ നിലവാരത്തിലെ ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡോക്ടർമാർ, പാരാമെഡിക്കുകൾ, അനുബന്ധ ആരോഗ്യ വിദഗ്ധർ എന്നിവരുൾപ്പെടെയുള്ള ഞങ്ങളുടെ മെഡിക്കൽ ടീമുകൾ കർശനമായ പ്രോട്ടോക്കോളുകളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ഇരുവരും വ്യക്തമാക്കി.

ഈ അംഗീകാരം ഞങ്ങളുടെ ആരോഗ്യ സേവനങ്ങളുടെ നിലവാരം ഉയർത്തുകയും ഗുണനിലവാരമുള്ള രോഗി പരിചരണത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് ബദർ അൽ സമ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ മൊയ്ദൻ ബിലാലും ഫിറാസത്ത് ഹസ്സനും പറഞ്ഞു.

വിവിധ കാലങ്ങളിലായി ജെ.സി.ഐ -യു.എസ്.എ, എ.സി.എച്ച്.എസ്.ഐ - ആസ്‌ട്രേലിയ, പി.എസ്.എഫ്.എച്ച്.ഐ - ഡബ്ല്യു.എച്ച്.ഒ തുടങ്ങിയ അന്താരാഷ്ട്ര ഗുണനിലവാര അക്രഡിറ്റേഷനുകൾ ബദറുൽ സമഗ്രൂപ്പ് ഒഫ് ഹോസ്പിറ്റൽസ് സ്വന്തമാക്കിയിട്ടുണ്ട്.

ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ആറ് ആശുപത്രികൾക്ക് ഓസ്‌ട്രേലിയൻ കൗൺസിൽ ഓൺ ഹെൽത്ത്കെയർ സ്റ്റാൻഡേർഡ്സ് ഇന്റർനാഷണലിന്റെ (എ.സി.എച്ച്.എസ്.ഐ) അംഗീകാരമുണ്ട്. ആരോഗ്യ സംരക്ഷണ സംഘടനകളെ മികച്ച രീതികൾ പിന്തുടരാനും ഉത്തരവാദിത്തത്തോടെ തുടരാനും രോഗികളുടെ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് തെളിയിക്കപ്പെട്ട രീതികൾ ഉപയോഗിക്കാനും ജെ.സി.ഐ സഹായിക്കുന്നുവെന്ന് ബദർ അൽ സമയിലെ സി.ഒ.ഒയും ക്വാളിറ്റി പ്രൊജക്റ്റ് മേധാവിയുമായ ജേക്കബ് ഉമ്മൻ പറഞ്ഞു.ഈ നേട്ടം നമ്മുടെ ഗുണനിലവാര സംസ്‌കാരത്തെയും രോഗി സുരക്ഷയെയും ഉയർന്ന നിലവാരം പുലർത്തുന്നതിനുള്ള ഞങ്ങളുടെ ജീവനക്കാരുടെ സമർപ്പണത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ചടങ്ങിൽ സംസാരിച്ച ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ സി.ഇ.ഒ പി.ടി. സമീർ പറഞ്ഞു.

ബദർ അൽ സമ റോയൽ ഹോസ്പിറ്റലിന്റെ ബ്രാഞ്ച് മാനേജർ രാജേഷ് കുമാർ, മെഡിക്കൽ ഡയറക്ടർ ഡോ. ബെന്നി പനക്കൽ, ഗുണനിലവാര മാനേജർ ഡോ. ജെയിംസ് കുമാർ പള്ളിവാതുക്കൽ എന്നിവർ ചേർന്നാണ് ഗുണനിലവാര അക്രഡിറ്റേഷൻ സർവേക്ക് നേതൃത്വം നൽകിയത്.



Tags:    
News Summary - Badr Al Sama Royal Hospital receives JCI accreditation from the USA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.