മസ്‌കത്ത്: ബദർ അൽ സമാ ഗ്രൂപ്പിന്റെ റൂവി ഹോസ്പിറ്റലിൽ അത്യാധുനിക ‘സെന്റർ ഓഫ് എക്സലൻസ് ഇൻ ഓർത്തോപീഡിക്സ്, ജോയിന്റ് റീപ്ലേസ്‌മെന്റ്സ് ആൻഡ് സ്പൈൻ സർജറീസ്’ വിഭാഗത്തിന് തുടക്കമായി. ഖുറം ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന മെഡിക്കൽ വിദ്യാഭ്യാസ പരിപാടിയിലാണ് പുതിയ കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.
മിലിട്ടറി ആൻഡ് സെക്യൂരിറ്റി സർവീസസ് മെഡിക്കൽ ഡയറക്ടർ ജനറലും മെഡിക്കൽ സിറ്റി ആക്ടിങ് ഡയറക്ടർ ജനറലുമായ ബ്രിഗേഡിയർ ഡോ. നാസർ ബിൻ സാലിം അൽ ഹിനായ് മുഖ്യാതിഥിയായി. കേണൽ ഡോ. സലാ അൽ മൻദരി വിശിഷ്ടാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ബദർ അൽ സമാ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർമാർ, എക്സിക്യൂട്ടീവ് ഡയറക്ടർമാർ, മുതിർന്ന ഡോക്ടർമാർ എന്നിവർ സന്നിഹിതരായി.
സ്പോർട്സ് മെഡിസിൻ, ജോയിന്റ് റീപ്ലേസ്‌മെന്റ്, സ്പൈൻ സർജറി, ഓർത്തോപീഡിക് ഓങ്കോളജി, പീഡിയാട്രിക് ഓർത്തോപീഡിക്സ്, ലിംപ് ലെങ്തനിങ്, വൈകല്യങ്ങൾ പരിഹരിക്കൽ തുടങ്ങിയ മേഖലകളിലെ വിദഗഗ്ദരായ ഡോക്ടർമാരുടെ സേവനം പുതിയ കേന്ദ്രത്തിൽ ലഭ്യമാവും. അത്യാധുനിക സർജിക്കൽ സാങ്കേതികവിദ്യകൾ, സമഗ്രമായ പുനരധിവാസ സേവനങ്ങൾ തുടങ്ങിയവയുടെ സഹായത്തോടെ സങ്കീർണമായ അസ്ഥിരോഗ-നട്ടെല്ല് പ്രശ്നങ്ങൾക്ക് ഇവിടെ ചികിത്സ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
സെമിനാറിന്റെ ഭാഗമായി ‘സങ്കീർണ്ണമായ ടി.കെ.ആർ, ടി.എച്ച്.ആർ ശസ്ത്രക്രിയകൾ’ എന്ന വിഷയത്തിൽ ഡോ. അഹമ്മദ് റിസ്‌വാൻ, ‘ഓർത്തോപീഡിക് ഓങ്കോളജിയിലെ നൂതന രീതികൾ’ എന്ന വിഷയത്തിൽ ഡോ. നവനീത് കാമത്ത് എന്നിവർ ക്ലാസെടുത്തു. സ്വകാര്യ ആരോഗ്യമേഖലയിലെ ഇത്തരം അത്യാധുനിക സൗകര്യങ്ങൾ ഒമാനിലെ ചികിത്സാ നിലവാരം ഉയർത്തുമെന്നും, വിദഗ്ദ്ധ ചികിത്സയ്ക്കായി ജനങ്ങൾ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറക്കാൻ ഇത് സഹായിക്കുമെന്നും മുഖ്യാതിഥി ബ്രിഗേഡിയർ ഡോ. നാസർ ബിൻ സാലിം അൽ ഹിനായ് അഭിപ്രായപ്പെട്ടു
ആഗോള നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ഒമാനിലെ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബദർ അൽ സമാ ശ്രമിക്കുന്നതെന്നും ഗ്രൂപ്പ് മാനേജിങ് ഡയറക്ടർമാരായ മിസ്റ്റർ അബ്ദുൾ ലത്തീഫ്, ഡോ. പി. എ. മുഹമ്മദ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഹോസ്പിറ്റലിൽ അത്യാധുനിക ശരീരഭാരം കുറക്കൽ ചികിത്സയായ ഇ.എസ്.ജി ആരംഭിച്ചിരുന്നതായും തൊട്ടടുത്ത ദിവസം തന്നെ കോക്ലിയർ ഇംപ്ലാന്റ് ചികിത്സാ വിഭാഗത്തിന് തുടക്കം കുറിക്കുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഫിറാസത്ത് ഹസൻ, മൊയ്തീൻ ബിലാൽ എന്നിവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.