അവനീർ കരിയർ ഫെയർ 2024ന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: വിദേശത്ത് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വഴികാട്ടിയായി ‘അവനീർ കരിയർ ഫെയർ 2024’ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിന് (ഒ.സി.ഇ.സി) സമീപമുള്ള ക്രൗൺ പ്ലാസയിൽ തുടക്കമായി.
പ്രവേശന പ്രക്രിയ, സ്കോളർഷിപ്പുകൾ, വിസ കൗൺസിലിങ്, മികച്ച അന്താരാഷ്ട്ര സർവകലാശാലകൾ, കോളജുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെടുന്നതിനുള്ള സവിശേഷ ഇടമാണ് കരിയർ ഫെയറെന്ന് സംഘാടകർ അറിയിച്ചു.
ലോകമെമ്പാടുമുള്ള പ്രശസ്തമായ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിവരങ്ങൾ ഇവിടെനിന്ന് സ്വന്തമാക്കാം. ശനിയാഴ്ച രാവിലെ 10.30 മുതൽ രാത്രി 8.30 വരെയാണ് പ്രവേശന സമയം.
യുനൈറ്റഡ് നേഷൻസ് സെന്റർ ഫോർ സ്പേസ് സയൻസ് ആൻഡ് സ്പേസ് ടെക്നോളജി എജുക്കേഷൻ ഇൻ ദി ഏഷ്യ-പസഫിക് റീജിയണിലെ ഉപദേശക സമിതി അംഗം പ്രഫ. ഡോ. ഉഗുർ ഗുവെൻ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
അവെനീർ കരിയർ ഫെയർ 2024 വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മികച്ച സർവകലാശാലകളുമായും കോളജുകളുമായും ബന്ധപ്പെടാനുള്ള അവസരം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ സർവകലാശാലകളുടെയും കോളജുകളുടെയും രണ്ട് ഡസനിലധികം സ്റ്റാളുകൾ ഇവിടെയുണ്ട്.
എൻജിനീയറിങ്, മെഡിസിൻ, ആർട്സ്, മാനേജ്മെന്റ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്താനും സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കോളർഷിപ്പുകളും വിദ്യാർഥി വായ്പകളും വാഗ്ദാനം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങൾ, കരിയർ ഗൈഡൻസും വിസ കൗൺസലിങ്ങും നൽകുന്ന കമ്പനികളും മേളയിലുണ്ട്.
മണിപ്പാൽ യൂനിവേഴ്സിറ്റി കോളജ് - മലേഷ്യ, ഡൽഹി യൂനിവേഴ്സിറ്റി, ബന്നാറസ് ഹിന്ദു യൂനിവേഴ്സിറ്റി, ബിറ്റ്സ് പിലാനി, അമിറ്റി യൂനിവേഴ്സിറ്റി ദുബൈ, ജെയിൻ യൂനിവേഴ്സിറ്റി -ബംഗളൂരു, സിംബയോസിസ്, എസ്.പി ജെയിൻ സ്കൂൾ ഓഫ് ഗ്ലോബൽ മാനേജ്മെന്റ് എന്നിവയാണ് പങ്കെടുക്കുന്ന പ്രധാന സ്ഥാപനങ്ങൾ.
ഉദ്ഘാടന ദിനത്തിൽ നിരവധി വിദ്യാർഥികളാണ് എത്തിയത്. ശനിയാഴ്ചയും നല്ലൊരു സാന്നിധ്യമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിദ്യാർഥികൾക്ക് ഇത് മികച്ച അവസരമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.