കീടനാശിനി സാന്നിധ്യം കണ്ടെത്തിയ സൂറിലെ ഫാമുകളിലെ കൃഷിയിടങ്ങളിലൊന്ന്
മസ്കത്ത്: സൂറിലെ ചില ഫാമുകളിലെ പച്ചക്കറി വിളകളിൽ ഉയർന്നതോതിലുള്ള കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് നടപടിയുമായി അധികൃതർ. പച്ച ഉള്ളി, പാഴ്സലി (ഭക്ഷ്യയോഗ്യമായ ഒരുതരം ഇല) വിളകളുടെ സാമ്പിൾ മന്ത്രാലയത്തിന്റെ സെൻട്രൽ ലബോറട്ടറിയിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലത്തിലാണ് ഉയർന്നതോതിലുള്ള കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്.
ഇതേത്തുടർന്നാണ് അധികൃതർ ഫാമുകളിലെത്തി പരിശോധന നടത്തിയതെന്ന് തെക്കൻ ശർഖിയ ഗവർണറേറ്റിലെ അഗ്രികൾചറൽ, ഫിഷറീസ്, വാട്ടർ റിസോഴ്സസ് ഡയറക്ടറേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയ വിളകൾ നശിപ്പിക്കുന്നതിനുള്ള നടപടികളെടുത്തിട്ടുണ്ട്. തൊഴിലാളികൾക്കെതിരെയുള്ള നിയമ നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു. ഗവർണറേറിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് അഗ്രികൾചറൽ, ഫിഷറീസ്, വാട്ടർ റിസോഴ്സ് വിദഗ്ധർ, ടയർ പൊലീസ് ഡിപ്പാർട്മെന്റ്, ഗവർണറേറ്റിലെ ടാസ്ക് യൂനിറ്റ് എന്നിവയുടെ പിന്തുണയോടെയായിരുന്നു ഫാമുകളിലെ പരിശോധന. രാജ്യത്തെ പച്ചക്കറികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ വിവിധങ്ങളായ നടപടികളാണ് അധികൃതർ എടുത്തുകൊണ്ടിരിക്കുന്നത്. നിരോധിതവും തെറ്റായതുമായ കാർഷിക രീതികൾ നിരീക്ഷിക്കാനും ചെറുക്കാനുമായി പരിശോധന സന്ദർശനങ്ങൾ, കാർഷിക വിപുലീകരണം, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയാണ് നടത്തി വരുന്നത്.
ഫാമുകളിൽനിന്നോ വിവിധ വിൽപന കേന്ദ്രങ്ങളിൽനിന്നോ ഉള്ള ഉൽപന്നങ്ങളുടെ സാമ്പിളുകൾ ലബോറട്ടറിയിൽ ഇടക്കിടെ പരിശോധന നടത്താറുമുണ്ട്. മാരക വിഷാംശങ്ങളുള്ളവയും പൊതുജനാരേഗ്യത്തിന്ന് ഹാനികരവുമായ കീടനാശിനികൾ ഒമാനിൽ ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും കാർഷിക, മത്സ്യ, ജല വിഭവ മന്ത്രാലയം നേരത്തെ നിരോധനം പ്രഖ്യാപിച്ചിരുന്നു. ഒമാന്റെ പഴം- പച്ചക്കറികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. കീടനാശിനി നിയമം ശക്തമായി നടപ്പാക്കിയതോടെ ഒമാൻ പച്ചക്കറികളും പഴവർഗങ്ങളും മേഖലയിലെ ഏറ്റവും മികച്ച പച്ചക്കറിയായി ഉയർന്നിട്ടുണ്ട്. ഇതോടെ ഒമാൻ ഉൽപന്നങ്ങൾക്ക് രാജ്യത്തിന് അകത്തും പുറത്തും ആവശ്യക്കാർ വർധിച്ചു. രണ്ടുവർഷം മുമ്പാണ് അധികൃതർ അമിത കീടനാശിനി ഉപയോഗത്തിനെതിരെയും ശരീരത്തിന് ഹാനികരമായ കീടനാശിനികളുടെ ഉപയോഗത്തിനെതിരെയും നടപടികൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.