മസ്കത്ത്: ഉപഭോക്താക്കളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി വിദേശകാര്യ മന്ത്രാലയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തപാൽ ഔട്ട്‌ലെറ്റുകളിൽ അറ്റസ്റ്റേഷൻ സേവനങ്ങൾ തുടങ്ങുന്നു. ആദ്യഘട്ടത്തിൽ മസ്‌കത്ത് ഗവർണറേറ്റിലെ എയർപോർട്ട് ഹൈറ്റിലുള്ള ഒമാൻ പോസ്റ്റ് ആസ്ഥാനത്താണ് അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുക. ഗവർണറേറ്റുകളിലെ എല്ലാ ഒമാൻ തപാൽ ശാഖകളിലേക്കും ക്രമേണ സേവനം വ്യാപിപ്പിക്കും.
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, കോർപറേറ്റ് പ്രോജക്ട് പ്ലാനുകളുടെ സർട്ടിഫിക്കറ്റുകൾ, മരണ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയാണ് അറ്റസ്റ്റേഷൻ സേവനങ്ങളിൽ ഉൾപ്പെടുന്നത്. അറ്റസ്റ്റേഷൻ ഓഫിസിന്റെ ആസ്ഥാനം സന്ദർശിക്കുന്ന സ്വദേശികളുടെയും താമസക്കാരുടെയും ബുദ്ധിമുട്ട് ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് വിദേശകാര്യ മന്ത്രാലയം സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളുടെ സാക്ഷ്യപ്പെടുത്തൽ ഒമാൻ പോസ്റ്റ് വഴി ചെയ്യാൻ സൗകര്യമൊരുക്കിയിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ നാസർ അൽ-വാഹൈബി പറഞ്ഞു.
ഒമാന്‍റെ ദൂരെദിക്കുകളിൽനിന്നും യാത്ര ചെയ്തായിരുന്നു മലയാളികൾ അടക്കമുള്ള പലരും രേഖകൾ അറ്റസ്റ്റേഷൻ ചെയ്തുകൊണ്ടിരിക്കുന്നത്.
അല്ലെങ്കിൽ ടാക്സി ഡ്രൈവർമാരോ ഇത്തരം ഡോക്യുമെന്റഷൻ നടത്തുന്ന ഏജന്റുമാരോ ആണ് ചെയ്തുകൊടുത്തിരുന്നത്. അതുകൊണ്ടുതന്നെ അറ്റസ്റ്റേഷൻ ചാർജുകൾക്കുപുറമെ അമിതമായ കാശും നൽകേണ്ടിവരാറുണ്ട്.
എന്നാൽ, പുതിയ സംവിധാനം മറ്റു ഗവർണറേറ്റുകളിൽകൂടി വ്യാപിക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.