അൽ വുസ്ത ഗവർണറേറ്റിലെ അൽ ജാസിർ തീരത്ത് ചത്ത നിലയിൽ കാണപ്പെട്ട തിമിംഗലം
മസ്കത്ത്: ഒമാൻ തീരത്ത് അപൂർവ അറേബ്യൻ കടൽ കൂനൻ തിമിംഗലം ചത്ത് കരക്കടിഞ്ഞു. അൽ വുസ്ത ഗവർണറേറ്റിലെ അൽ ജാസിർ തീരത്ത് കഴിഞ്ഞ ദിവസമാണ് തിമിഗംലം ചത്ത നിലയിൽ കാണപ്പെട്ടത്. വാലി ഓഫീസ്, റോയൽ ഒമാൻ പൊലീസ്, കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം എന്നിവയുൾപ്പെടെ വിവിധ അധികാരികൾ ഏകോപിപ്പിച്ച നടപടികൾ എടുത്തിട്ടുണ്ട്. തിമിംഗംലത്തിന്റെ മരണകാരണം കണ്ടെത്താനായി രീതിശാസ്ത്രപരവും ശാസ്ത്രീയവുമായ രീതിയിൽ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
പ്രദേശത്തിന്റെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതി കാരണം, പ്രക്രിയ ഫലപ്രദമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫ്യൂചർ സീസ് കമ്പനിയുടെ സഹായത്തോടെ അവശ്യ ഡാറ്റയും സാമ്പിളുകളും ശേഖരിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. അറേബ്യൻ കടൽ കൂനൻ തിമിംഗലത്തെ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവിയായി ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേചറിന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമാന്റെ കടലിൽ വസിക്കുന്ന 20 തിമിംഗല ഇനങ്ങളിൽ ഒന്നാണിത്. അന്വേഷണം പൂർത്തിയായിക്കഴിഞ്ഞാൽ, തിമിംഗലത്തെ ഉചിതമായ സ്ഥലത്ത് സംസ്കരിക്കും.
ഇത്തരം സംഭവങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിൽ സഹകരിച്ചതിന് പങ്കെടുക്കുന്ന ഏജൻസികൾക്കും പ്രാദേശിക സമൂഹത്തിനും പരിസ്ഥിതി അതോറിറ്റിക്കും നന്ദി അറിയിച്ചു. അറേബ്യൻ കൂനൻ തിമിംഗലങ്ങൾ മറ്റു തിമിംഗലങ്ങളിൽ നിന്ന് ഏറെ വ്യത്യസ്ഥമാണ്. രൂപം, നിറം എന്നിവയും വ്യത്യസ്ഥമാണ്. ഇവയുടെ വാലിൽ ഒരു മറുകുണ്ടാവും. ഇവ വലിയ രീതിയിൽ വംശനാശ ഭീഷണി നേരിടുകയാണ്. ഏറെ അപൂർവമായ ഇത്തരം തിമിംഗലം 100 എണ്ണത്തെ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.