ഒമാൻ താരങ്ങൾ സീബ് സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിനുള്ള ഒമാന്റെ ആഭ്യന്തര പരിശീലന ക്യാമ്പിന് സായാഹ്ന സെഷനോടെ തുടക്കമായി. സീബ് സ്റ്റേഡിയത്തിൽ കോച്ച് റാഷിദ് ജാബിറിന്റെ മേൽനോട്ടത്തിലാണ് പരിശീലനം നടക്കുന്നത്. അഞ്ച് ദിവസങ്ങളിലായി ഇവിടെ ക്യാമ്പ് തുടരും.
കളിക്കാരുടെ ശാരീരികവും സാങ്കേതികവുമായ കഴിവ് വളർത്തുന്നതിലായിരിക്കും ക്യാമ്പ് ശ്രദ്ധ കേന്ദ്രീകരിക്കുക. കളിക്കാരുടെ കണ്ടീഷനിങ്ങും തന്ത്രപരമായ അവബോധവും മികച്ചതാക്കാനാണ് ക്യാമ്പിലൂടെ കോച്ചിങ് സ്റ്റാഫ് ലക്ഷ്യമിടുന്നത്. ഡിസംബർ 21 മുതൽ ജനുവരി മൂന്നുവരെ കുവൈത്തിലാണ് ടൂർണമെന്റിന്റെ 26ാമത് പതിപ്പ് നടക്കുന്നത്. ടൂർണമെന്റിനുള്ള സ്ക്വാഡിനെ കഴിഞ്ഞ ദിവസം റഷീദ് ജാബിർ പ്രഖ്യാപിച്ചിരുന്നു.
പുതുരക്തങ്ങൾക്ക് പ്രധാന്യം നൽകിയുള്ളതാണ് ടീം. ഒമാന്റെ ഒളിമ്പിക്, അണ്ടർ 20 ടീമുകളിൽ നിന്നുള്ള നിരവധി പുതുമുഖങ്ങൾ സ്ക്വാഡിൽ ഉൾപ്പെട്ടിടുണ്ട്. സമീപകാലങ്ങളിൽ താരങ്ങൾ നടത്തിയ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക് യുവതാരങ്ങൾക്ക് വഴി തുറന്നത്. ഈ ക്യാമ്പിലെ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഗൾഫ് കപ്പിനുള്ള ടീമിൽ ഇടം നേടാൻ സാധിക്കും.
ആതിഥേയരായ കുവൈത്ത്, ഖത്തർ, യു.എ.ഇ എന്നിവക്കൊപ്പം ഗ്രൂപ് എയിലാണ് ഒമാൻ. ഗ്രൂപ് ബിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇറാഖിനോടൊപ്പം സൗദി അറേബ്യ, ബഹ്റൈൻ, യമൻ എന്നിവരുമാണുള്ളത്. ഡിസംബർ 21ന് ഉദ്ഘാടന മത്സരത്തിൽ കുവൈത്തിനെതിരെയാണ് ഒമാന്റെ ആദ്യ മത്സരം.
24ന് ഖത്തറിനെതിരെയും 27ന് യു.എ.ഇക്കെതിരെയുമാണ് ഒമാന്റെ ഗ്രൂപ് ഘട്ടത്തിലെ മറ്റു മത്സരങ്ങൾ. കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇറാഖിനോട് കലാശക്കളിയിൽ അടിയറവ് പറയുകയായിരുന്നു. ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമാകാൻ സാധ്യതയില്ല.
ശക്തരുടെ ഗ്രൂപ്പിലാണ് റെഡ് വാരിയേഴ്സ്. അതേസമയം പുതുമുഖങ്ങളിൽ വിശ്വാസമർപ്പിച്ച് പുത്തൻ കുതിപ്പിനൊരുങ്ങുകയാണ് കോച്ച് ജാബിർ റഷീദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.