ഒമാൻ ഫുട്ബാൾ താരങ്ങളുടെ പരിശീലന ക്യാമ്പിൽനിന്ന്
മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിന് മുന്നോടിയായി ഒമാൻ യമനുമായി സൗഹൃദ മത്സരം കളിക്കും. ഡിസംബർ 16ന് സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ ആണ് കളി. ടൂർണമെന്റിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച കോച്ച് റഷീദ് ജാബിർ ഇവർക്കായി അഞ്ചു ദിവസത്തെ പരിശീലനം മസ്കത്തിൽ നൽകുകയും ചെയ്തിരുന്നു.
പുതുരക്തങ്ങൾക്ക് പ്രധാന്യം നൽകിയുള്ള സ്ക്വാഡിൽ ഒമാന്റെ ഒളിമ്പിക്, അണ്ടർ 20 ടീമുകളിൽ നിന്നുള്ള നിരവധി പുതുമുഖങ്ങൾ ആയിരുന്നു ഉൾപ്പെട്ടിരുന്നത്. സമീപകാലങ്ങളിൽ താരങ്ങൾ നടത്തിയ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക് യുവതാരങ്ങൾക്ക് വഴി തുറന്നത്.
കളിക്കാരുടെ ശാരീരികവും സാങ്കേതികവുമായ കഴിവ് വളർത്തുന്നതിലായിരുന്നു ക്യാമ്പ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് ഗൾഫ് കപ്പിനുള്ള ടീമിൽ ഇടം നേടാൻ സാധിച്ചേക്കും. കളിക്കാരുടെ കണ്ടീഷനിങ്ങും തന്ത്രപരമായ അവബോധവും മികച്ചതാക്കാനായിരുന്നു ക്യാമ്പിലൂടെ ലക്ഷ്യമിട്ടിരുന്നത്.
അറേബ്യൻ ഗൾഫ് കപ്പിൽ ആതിഥേയരായ കുവൈത്ത്, ഖത്തർ, യു.എ.ഇ എന്നിവക്കൊപ്പം ഗ്രൂപ് എയിലാണ് ഒമാൻ. ഗ്രൂപ് ബിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇറാഖിനോടൊപ്പം സൗദി അറേബ്യ, ബഹ്റൈൻ, യമൻ എന്നിവരുമാണുള്ളത്. ഡിസംബർ 21ന് ഉദ്ഘാടന മത്സരത്തിൽ കുവൈത്തിനെതിരെ ഒമാന്റെ ആദ്യ മത്സരം നടക്കും. 24ന് ഖത്തറിനെതിരെയും 27ന് യു.എ.ഇക്കെതിരെയുമാണ് ഒമാന്റെ ഗ്രൂപ് ഘട്ട മത്സരങ്ങൾ വരുന്നത്. കഴിഞ്ഞ വർഷം കൈവിട്ടുപോയ അറേബ്യൻ ഗൾഫ് കപ്പ് തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ഒമാൻ. മികച്ച കളി പുറത്തെടുത്തിരുന്നുവെങ്കിലും അന്ന് ഇറാഖിനോട് അടിയറവ് പറയുകയായിരുന്നു.
ബസ്റ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയിൽ 3-2നാണ് പൊരുതി തോറ്റത്. ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമാകാൻ സാധ്യതയില്ല. അതേസമയം, തങ്ങളുടേതായ ദിവസങ്ങളിൽ ആരെയും അട്ടിമറിക്കാൻ കെൽപ്പുള്ളവരാണ് റെഡ്വാരിയേഴ്സ്. അതുകൊണ്ടുതന്നെ ടീം അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ആരാധകർ.
ജവാദ് അൽ അസി, അദ്നാൻ അൽ മുഷെഫ്രി, മൊതാസിം അൽ വഹൈബി (അൽ സീബ്), യൂസഫ് അൽ ഷബീബി, മാജിദ് അൽ ഫാർസി, ഗസ്സാൻ അൽ മസ്റൂരി, സഈദ് അൽ സലാമി (അൽ ഷബാബ്), യാസർ അൽ ബലൂഷി, ഫഹദ് അൽ മുഖൈനി (സൂർ), അബ്ദുൽ ഹാഫിദ് അൽ മുഖൈനി, മമൂൻ അൽ ഒറൈമി, സലിം അൽ ദാവൂദി, യൂസഫ് ഗിലാനി (സൂർ), ഓദി അൽ മൻവാരി, മുഹന്നദ് അൽ സാദി (അൽ സലാം), ഹുദൈഫ അൽ മമാരി (അൽ റുസ്താഖ്), അബ്ദുൽ റഹ്മാൻ അൽ യാഖൂബി, മുതീ അൽ സാദി (ഇബ്രി), അബ്ദുല്ല അൽ മുഖൈനി (അൽ താലിയ), മുഹമ്മദ് മുസ്തഹീൽ (സലാല), മൈതാം അൽ അജ്മി (അൽ ഇത്തിഹാദ്), സലിം അൽ അബ്ദുൽ സലാം (സഹം), അബ്ദുല്ല അൽ മഅമ്സാരി (യു.എ.ഇ ഹത്ത എഫ്.സി), അൽ ഫറജ് അൽ കിയുമി (അൽ ഖാബൂറ), അഹദ് അൽ മഷേഖി (അൽ നഹ്ദ), നിബ്രാസ് അൽ മഷാരി (മസ്കത്ത്), അലി അൽ ബലൂഷി (ഒമാൻ ക്ലബ്) എന്നിവരാണ് 27 അംഗ സ്ക്വാഡിൽ ഉൾപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.