ഒമാൻ ഫുട്ബാൾ ടീം അംഗങ്ങൾ
മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് ഒമാൻ വെള്ളിയാഴ്ച ഇറങ്ങും. കുവൈത്തിലെ ജാബിർ അൽ മുബാറക് അൽ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ യു.എ.ഇയാണ് എതിരാളികൾ. ഒമാൻ സമയം വൈകീട്ട് 6.30നാണ് മത്സരം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ശക്തരായ ഖത്തറിനെ 2-1ന് പരാജയപ്പെടുത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോച്ച് റഷീദ് ജാബിറിന്റെ പോരാളികൾ ബൂട്ട്കെട്ടന്നത്.
ഇന്ന് സമനില ലഭിച്ചാൽ നേടാനായാൽ വാരിയേഴ്സിന് അവസാന നാലിൽ ഉൾപ്പെടാനാകും. നിലവിൽ ഒരുജയവും ഒരുസമനിലയുമടക്കം നാലുപോയന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ഒമാൻ.
അതേസമയം, യു.എ.ഇക്ക് സെമിസാധ്യത അൽപ്പമങ്കിലും നിലനിർത്തണമെങ്കിൽ വൻമാർജനിൽ ജയിക്കേണ്ടത് അനിവാര്യമാണ്. കണക്കിലെ കളികളെ ആശ്രയിക്കാൻ നിൽക്കാതെ മികച്ച വിജയവുമായി ഗ്രൂപ് ചാമ്പ്യൻമാരായി സെമിയിൽ കടക്കാനാകും ഒമാൻ ശ്രമിക്കുക. കഴിഞ്ഞ കളിയിലെ ടീമിനെത്തന്നെ നിലനിർത്താനാണ് സാധ്യത. ചിലയുവതാരങ്ങൾക്കും അവസരം നൽകിയേക്കും.
കുവൈത്തനെതിരെയുള്ള മത്സരത്തിൽനിന്നും തികച്ചും വ്യത്യസ്തമായൊരു ഒമാനി ടീമിനെയായിരുന്നു ഖത്തറിനെതിരെ കണ്ടിരുന്നത്. പന്തടക്കത്തിലും മുന്നേറ്റത്തിലും മികച്ച് നിന്നു. കഴിഞ്ഞ കളിയിലെപോലെ മുന്നേറ്റനിര കരുത്ത്കാണിക്കുകയാണെങ്കിൽ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ആരാധകരും കണക്ക് കൂട്ടുന്നത്.
കഴിഞ്ഞ വിജയത്തിന്റെ ആലസ്യത്തിൽ മുഴുകാതെ മികച്ച ആത്മവിശ്വാസത്തോടെ മത്സരത്തെ അഭിമുഖീകരിക്കണമെന്നാണ് കോച്ച് റഷീദ് ജാബിർ കളിക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. യു.എ.ഇയുമായുള്ള മത്സരങ്ങള്‍ എപ്പോഴും സവിശേഷവും പ്രചോദിപ്പിക്കുന്നതുമാണ്. റഫറിങില്‍ ചില പിഴവുകള്‍ ഉണ്ട്. ഇത് ഗെയിമിന്റെ ഭാഗമാണ്.
വരുന്ന മത്സരങ്ങളുടെ ഗതിയെ ബാധിക്കുന്ന പിഴവുകളോ തീരുമാനങ്ങളോ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതെന്നും റഷീദ് ജാബിര്‍ പറഞ്ഞു. യു.എ.ഇക്കെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് ഒമാൻ താരം അബ്ദു റഹ്മാന് അല്‍ മുശൈഫിരി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.