സലാലയിലെ അൽ മഅ്മൂറ-റസാത്ത് ഇരട്ടപ്പാത
സലാല: സലാല വിലായത്തിലെ അൽ മഅ്മൂറ-റസാത്ത് ഇരട്ടപ്പാത പദ്ധതിയുടെ ചില ഭാഗങ്ങൾ ഗതാഗതത്തിനായി തുറന്നുനൽകി. ദോഫാർ മേഖലയിൽ നടക്കുന്ന നഗര-വിനോദസഞ്ചാര വികസനത്തിന് അനുസൃതമായി, സലാല നഗരത്തിന്റെ കിഴക്കൻ മേഖലയിലെ പ്രധാന റോഡ് ശൃംഖല നവീകരിക്കുക, ഗതാഗതക്ഷമത വർധിപ്പിക്കുക, അൽ മഅ്മൂറ റൗണ്ട് എബൗട്ടിനെയും റസാത്ത് റൗണ്ട് എബൗട്ടിനെയും ബന്ധിപ്പിക്കുന്ന പാതയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ദോഫാർ നഗരസഭ പ്രൊജക്ട്സ് ആൻഡ് ടെക്നിക്കൽ അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല മുഹമ്മദ് ബാഇൻ പറഞ്ഞു.
40 ലക്ഷത്തിലധികം ഒമാനി റിയാൽ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നിലവിലുള്ള പാതക്ക് സമാന്തരമായി ഏതാണ്ട് 5.5 കിലോമീറ്റർ നീളത്തിലാണ് പുതിയ ഇരട്ടപ്പാത നിർമ്മിക്കുന്നത്. ഇരുവശങ്ങളിലേക്കും രണ്ട് വരികൾ വീതമുള്ള റോഡിൽ ഉൾവശങ്ങളിലും പുറംവശങ്ങളിലും റോഡ് ഷോൾഡറുകളും, കൃത്യമായ വീതിയുള്ള സെൻട്രൽ മീഡിയനും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഇതുവരെ പൂർത്തിയായ റോഡിന്റെ ചില ഭാഗങ്ങളാണ് ഇപ്പോൾ ഗതാഗതത്തിനായി തുറന്നുകൊടുത്തത്. നിശ്ചയിച്ച സമയപരിധിയേക്കാൾ വേഗത്തിലാണ് നിലവിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പദ്ധതി 2027 സെപ്തംബറോടെ പൂർണമായും പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.