മസ്കത്ത്: പൈതൃക വിനോദസഞ്ചാര മന്ത്രാലയം നടത്തുന്ന അജ്വ അൽ അഷ്ഖറ ഫെസ്റ്റിവലിന് ബുധനാഴ്ച തുടക്കമാകും. ജൂലൈ 24 വരെ നടത്തുന്ന ഫെസ്റ്റിവൽ തെക്കൻ ശർഖിയ ഗവർണറുടെ ഓഫിസുമായി സഹകരിച്ചാണ് ഒരുക്കിയിരിക്കുന്നത്. അഷ്ഖറ പാർക്കിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പൈതൃക-ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി രക്ഷാകർതൃത്വം വഹിക്കും. തെക്കൻ ശർഖിയ ഗവർണർ ഡോ. യഹ്യ ബദർ മാലിക് അൽ മവാലി സംബന്ധിക്കും. വിവിധ സാമ്പത്തിക, സാമൂഹിക ലക്ഷ്യങ്ങൾ കൈവരിക്കാൻ ലക്ഷ്യമിട്ട് വിനോദ, പ്രോത്സാഹന, സാംസ്കാരിക പരിപാടികൾ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തുമെന്ന് സംഘാടക സമിതി ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹുമൈദ് അൽ ഗബ്ഷി അറിയിച്ചു.
വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുക, ആഭ്യന്തര വിനോദസഞ്ചാരത്തെ പിന്തുണക്കുക തുടങ്ങിയവയാണ് ഉത്സവത്തിന്റെ പ്രാഥമിക ലക്ഷ്യം. ഗവർണറേറ്റിലെ പുരാവസ്തു-സാംസ്കാരിക സ്ഥലങ്ങൾ സന്ദർശകർക്ക് പ്രദർശിപ്പിക്കുന്നതിനുള്ള അവസരമായി ഈ ഫെസ്റ്റിവൽ മാറുമെന്ന് അദ്ദേഹം പറഞ്ഞു. അൽ കാമിൽ വ അൽ വാഫി, റാസൽ ഹദ്ദ്, സൂർ എന്നിവിടങ്ങളിലെ വിലായത്തുകളിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഫെസ്റ്റിവലിന്റെ പ്രവർത്തനങ്ങൾ ഉണ്ടായിരിക്കുമെന്ന് മവാലി പറഞ്ഞു. പൈതൃക കോർണറും പ്രദർശനവും ഉൾപ്പെടെയുള്ള വിനോദ പരിപാടികൾ ഫെസ്റ്റിന്റെ സവിശേഷതയാണ്. ഗെയിമുകൾ, ബീച്ച് ഗെയിമുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ പാർക്ക് തിയറ്ററിൽ നടക്കും. പട്ടംപറത്തൽ ഫെസ്റ്റിന്റെ പ്രധാന പരിപാടികളിലൊന്നാണ്. ഒമാനിലെ നിരവധി അറബ് കമ്യൂണിറ്റി ക്ലബുകൾ പരിപാടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.