മസ്കത്ത്: ഒമാനിൽനിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള കാർഗോ നിരക്ക് വർധിപ്പിച്ച എയർ ഇന്ത്യയുടെ നടപടിക്കെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം പുകയുന്നു. ഇത്തരം നടപടി പ്രവാസി വിരുദ്ധവും മനുഷ്യത്വ രഹിതവുമാണെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടി. 160 റിയാലിൽനിന്ന് 210 റിയാലായാണ് ഉയർത്തിയിരിക്കുന്നത്. ഇതിന് പുറമെ ജി.എസ്.എ ചാർജായി 50 റിയാൽ കൂടി നൽകുന്നതോടെ നിരക്ക് 260 റിയാൽ ആയി ഉയരും. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ‘ഗൾഫ് മാധ്യമം’ വാർത്ത പ്രദ്ധീകരിച്ചിരുന്നു. എയർ ഇന്ത്യ കാർഗോ നിരക്ക് ഉയർത്തിയതോടെ ഒമാനിൽനിന്ന് മൃതദേഹം കേരളത്തിലെത്തിക്കാൻ ചുരുങ്ങിയത് 1.32 ലക്ഷം രൂപക്ക് മുകളിൽ ചെലവ് വരും. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഉയർത്തിയ നിരക്ക് പിൻവലിക്കാൻ നടപടിയുണ്ടാകണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
(അഹമ്മദ് റഈസ്, പ്രസിഡന്റ് മസ്കത്ത് കെ.എം.സി.സി)
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചാർജ് വർധിപ്പിച്ച എയർ ഇന്ത്യയുടെ നടപടിക്കെതിരെ മസ്കത്ത് കെ.എം.സി.സി പ്രതിഷേധിച്ചു. ഇത് പ്രവാസികളോടുള്ള തികഞ്ഞ അവഗണനയും നിഷേധാത്മക നിലപാടുമാണ്. നിലവിലെ ചാർജ് തന്നെ പ്രവാസികൾക്ക് ഭാരമായിരിക്കുന്ന സാഹചര്യത്തിൽ അധിക തുക ഈടാക്കാനുള്ള നീക്കത്തിൽനിന്ന് എയർ ഇന്ത്യ പിന്മാറണമെന്നും കേന്ദ്ര -സംസ്ഥാന സർക്കാറുകൾ ഈ വിഷയത്തിൽ ഇടപെടണം.
(മുഹമ്മദ് റാസിഖ് ഹാജി, ജനറൽ സെക്രട്ടറി ഐ.സി.എഫ് ഒമാൻ)
മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള കാര്‍ഗോ നിരക്കുയര്‍ത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് നടപടി സാധാരണക്കാരായ പ്രവാസികള്‍ക്ക് ദുരിതമുണ്ടാക്കുന്നതാണ്. തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് കമ്പനികളില്‍ സാമ്പത്തിക പിന്തുണ ലഭിക്കാതിരിക്കുന്ന ഘട്ടത്തില്‍ സാമൂഹിക സംഘടനകളാണ് പലപ്പോഴും ചെലവ് വഹിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഇത്തരത്തില്‍ വലിയ തുക നല്കി ഐ.സി.എഫിന് കീഴില്‍ തന്നെ നിരവധി മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിച്ചിട്ടുണ്ട്. കാര്‍ഗോ നിരക്കുയര്ത്തിയിരിക്കുന്നതു വഴി അമിതഭാരമാണ് വന്നുചേരുന്നത്. അവധിക്കാലത്തുള്‍പ്പെടെ അമിത ടിക്കറ്റ് നിരക്ക് ഈടാക്കി പ്രവാസികളെ ദുരിതത്തിലാക്കുന്നതിന് പുറമെയാണിത്. എയര്‍ ഇന്ത്യ നടപടിക്കെതിരെ പ്രവാസികളുടെ കൂട്ടായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.
പ്രവാസലോകത്ത് മരണമടയുന്നവരുടെ മൃതദേഹം കൊണ്ടുപോകാനുള്ള കാർഗോ നിരക്ക് ഉയർത്തിയത് മനുഷ്യത്വ വിരുദ്ധവും ന്യായീകരിക്കാൻ കഴിയാത്തതുമാണ്. വർധിപ്പിച്ച തുക പിൻവലിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണം. ഇല്ലെങ്കിൽ പ്രവാസലോകത്തെ വിവിധ സംഘടനകളുമായി സഹകരിച്ച് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകും. കേരളത്തിന്റെ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികൾ എന്ന് പറയുകയും അവരുടെ വിഷയത്തിൽ മുഖം തിരിഞ്ഞുനിൽക്കുന്ന സമീപനവുമാണ് ഭരണവർഗം സ്വീകരിക്കുന്നത്.
ബലിപെരുന്നാൾ അടുത്തതോടെ പ്രവാസലോകത്തിന് ശക്തമായ പ്രഹരമാണ് എയർലൈൻ കമ്പനികൾ നൽകുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പ്രവാസികളോട് കാണിക്കുന്നത് തികഞ്ഞ അവഗണനയാണ്. കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് നാട്ടിൽ പോകുക എന്നത് സ്വപ്നത്തിൽ മാത്രമായി അവശേഷിക്കുകയാണ്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാനമന്ത്രിക്കും കേരളത്തിൽനിന്നുള്ള മുഴുവൻ എം.പിമാർക്കും കത്തയച്ചിട്ടുണ്ട്.
(അർഷാദ് പെരിങ്ങാല, വൈസ് പ്രസിഡന്റ് പ്രവാസി വെൽഫെയർ ഒമാൻ)
പ്രവാസികൾ രാജ്യത്തിന്റെ പൗരന്മാരാണ്, ആളോഹരി വരുമാനത്തിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചുകൊണ്ട് രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെതന്നെ താങ്ങിനിർത്തുന്നവരാണവർ. വിമാനക്കമ്പനികൾ നിലനിൽക്കുന്നതുതന്നെ പ്രവാസികളുടെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും പിൻബലത്തിലാണ്. എന്നാൽ, നാളിതുവരെ പ്രവാസികളെ എല്ലാ അവസരത്തിലും ചൂഷണം ചെയ്യുന്ന സമീപനമാണ് വിമാനക്കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. അവധിസമയങ്ങളിൽ ഭീമമായ യാത്രനിരക്ക് നൽകിയാണ് ഇപ്പോഴും പ്രവാസികൾ നാടണയാറുള്ളത്. ഈ വിഷയങ്ങളിൽ വിമാനക്കമ്പനികളെ നിയന്ത്രിക്കുന്നതിനു അധികാരികൾക്ക് കഴിയുന്നില്ല. ഇപ്പോൾ മരിക്കുന്ന പ്രവാസികളുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള കാർഗോ നിരക്ക് വർധിപ്പിച്ച് കടുത്ത അനീതിയും ക്രൂരതയും വീണ്ടും ആവർത്തിക്കുകയാണ്.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഈ വിഷയത്തിൽ അടിയന്തര ഇടപെടൽനടത്തി പ്രവാസികൾക്ക് ഈ നിരക്കുവർധന പിൻവലിക്കണമെന്നും ആവശ്യമായ നിയമ നിർമാണം ഈ വിഷയത്തിൽ ചെയ്യണമെന്ന് പ്രവാസി വെൽഫെയർ ഒമാൻ ആവശ്യപ്പെടുന്നു.
(നിധീഷ് മാണി, വൈസ് പ്രസിഡന്റ് സേവ് ഒ.ഐ.സി.സി)
ഒമാനിൽനിന്ന് നാട്ടിലേക്ക് മൃതദേഹങ്ങൾ അയക്കാനുള്ള കാർഗോനിരക്ക് ഉയർത്തിയ എയർ ഇന്ത്യയുടെ നടപടി അങ്ങേയറ്റം ധാർഷ്ട്യം നിറഞ്ഞതും പ്രതിഷേധാർഹവുമാണ്. വിദേശങ്ങളിൽ ജോലിചെയ്ത് തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള പ്രയാണത്തിൽ ഇടക്കുവെച്ച് ജീവൻ നഷ്ടപ്പെടുന്ന പാവപ്പെട്ട പ്രവാസികളോടുള്ള നിന്ദയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഈ നിരക്കുവർധന. ജീവിച്ചിരിക്കുമ്പോൾ ഏറ്റവും ഉയർന്നനിരക്ക് നൽകി യാത്രചെയ്യാൻ വിധിക്കപ്പെട്ടവന്റെ അന്ത്യയാത്രയിലും വിലപേശുന്ന ഹീനതന്ത്രമാണിത്.
സൗജന്യമായി മൃതദേഹങ്ങൾ നാട്ടിലേക്കയക്കാനുള്ള സാഹചര്യത്തിനായി ആവശ്യപ്പെടുന്ന പാവം പ്രവാസികളുടെ ദീർഘകാല മുറവിളിക്ക് ഇതാണോ അധികാരികളെ നിങ്ങളുടെ മറുപടി. എല്ലാ പ്രവാസികളും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും വേണം. മനുഷ്യജീവന് പുല്ലുവില കൽപിക്കുന്ന ഇന്ത്യയുടെ അധികാരിവർഗത്തിന് അൽപം മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ ഈ നിരക്കുവർധന പിൻവലിക്കാൻ തയാറാകണം.
പ്രവാസലോകത്ത് മരണമടയുന്നവരുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള കാർഗോ ചാർജ് കുത്തനെ വർധിപ്പിച്ച എയർ ഇന്ത്യയുടെ നിലപാടിൽ കൈരളി ഒമാൻ ശക്തമായി പ്രതിഷേധിക്കുന്നു. സീസണിലും അല്ലാതെയും എയർ ടിക്കറ്റ് ചാർജിൽ വലിയ കൊള്ള നടക്കുന്ന സാഹചര്യം നിലനിൽക്കവെയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിലും എയർ ഇന്ത്യയുടെ പ്രവാസിവിരുദ്ധ നിലപാടുകൾ കൂടുതൽ ജനവിരുദ്ധമാകുന്നത്.
കോവിഡിന് ശേഷവും സാമ്പത്തികമായി തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിൽ തുടരുന്ന നിസ്സഹായരായ പ്രവാസികൾക്ക് ഇത്തരം അനീതികൾ അന്യനാട്ടിലിരുന്ന് നിശ്ശബ്ദം അനുഭവിച്ചുതീർക്കാൻ മാത്രമാണ് വിധി. പ്രവാസികൾക്കുവേണ്ടി അവരുടെ നാട്ടിലുള്ള ബന്ധുക്കൾ പ്രക്ഷോഭരംഗത്തേക്ക് ഇറങ്ങുക മാത്രമാണ് പോംവഴി. എല്ലാ വിഭാഗം ജനങ്ങളെയും ദ്രോഹിക്കുകയെന്ന നയത്തിൽനിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള കാർഗോ ചാർജ് വർധന എയർ ഇന്ത്യ ഉടനെതന്നെ പിൻവലിക്കണമെന്നും കൈരളി ഒമാൻ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.