മത്ര: 45 വർഷക്കാലത്തെ പ്രവാസം അവസാനിപ്പിച്ച് തലശ്ശേരി നിട്ടൂര്‍ സ്വദേശിയായ പരിയാട്ട് അബൂബക്കര്‍ ഒമാനിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്നു. ദീര്‍ഘകാലം മത്ര ബലദിയ പാര്‍ക്കിലും കോര്‍ണിഷിലുമായി കേന്ദീകരിച്ച് പ്രവാസ ജീവിതം നയിച്ച്, പല ജോലികളില്‍ മുഴുകിയ ശേഷം കഴിഞ്ഞ 26 വര്‍ഷം റുവിയിലുള്ള ‘ഹാപ്പിസെന്‍ററി’ലെ സേവനത്തിന് ശേഷം വളരെ ഹാപ്പിയായാണ് അബൂബക്കർ നാട്ടിലേക്ക് മടങ്ങുന്നത്.
1981ല്‍ അന്നത്തെ മുംബെയില്‍ നിന്നും വിമാനമാർഗമാണ് അബൂബക്കർ മസ്കത്തിലെത്തിയത്. തുടക്കത്തില്‍ വാഹനങ്ങളോടിച്ച് മിഠായി, പച്ചക്കറി തുടങ്ങിയവയുടെ കച്ചവടമായിരുന്നു. അങ്ങിനെ ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചതിനാല്‍ ഒമാനിലെ ജനങ്ങളെയും സംസ്കൃതിയെയും അടുത്തറിയാന്‍ സാധിച്ചതായും അതേറെ സംതൃപ്തി നൽകിയതായും അദ്ദേഹം പറഞ്ഞു. ആ മേഖലയിൽ സ്വദേശി വല്‍ക്കരണം വന്നതോടെ ഉപജീവനത്തിനായി മറ്റു വഴികളിലേക്ക് തിരിഞ്ഞു. 45വര്‍ഷത്തെ പ്രവാസം കൊണ്ട് വീടുവെക്കാനും മൂന്ന് മക്കളെ പഠിപ്പിക്കുകയും വിവാഹം കഴിച്ച് അയക്കാനുമൊക്കെ സാധിച്ചതില്‍ ഈ നാടിനോടും ഇവിടത്തെ ജനങ്ങളോടും ഏറെ കടപ്പാടുണ്ടെന്ന് അബൂബക്കർ പറഞ്ഞു. ഒരുപാട് നല്ല സുഹൃത്തുക്കളെയും സമ്പാദിക്കാന്‍ പറ്റി എന്നതും വലിയ നേട്ടമായി കാണുന്നു.
തന്റേതല്ലാത്ത കാരണങ്ങളാല്‍ ഒരു തെറ്റിദ്ധാരണയുടെ പുറത്ത് 10 മാസം ഒമാനില്‍ ജയില്‍ ജീവിതം അനുഭവിക്കേണ്ടി വന്നതാണ് ഏക ദുരനുഭവം. രണ്ട് വര്‍ഷത്തേക്ക് ശിക്ഷ ലഭിച്ച തനിക്ക് തന്‍റെ നിരപരാധിത്യം ബോധ്യപ്പെട്ടതോടെ കോടതി ശിക്ഷാ ഇളവ് നല്‍കുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യകരമായ കാരണങ്ങളാണ് ശിഷ്ടജീവിതം നാട്ടിലാക്കാമെന്ന തീരുമാനത്തിലെത്തിച്ചേരാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.