സാഹസിക ടൂറിസം: സഞ്ചാരികളെ മാടിവിളിച്ച് ഒമാൻ

മസ്കത്ത്: രാജ്യത്തെ സാഹസിക ടൂറിസത്തിന്‍റെ വികസനത്തിനായി പൈതൃക, ടൂറിസം മന്ത്രാലയം. സാഹസിക വിനോദ സഞ്ചാര പ്രവർത്തനങ്ങളെ ആകർഷിക്കാനായുള്ള പദ്ധതികളാണ് അധികൃതർ ഒരുക്കിക്കൊണ്ടിരിക്കുന്നത്. 'ഒമ്രാനു'മായി സഹകരിച്ച് ഒമാൻ ടൂറിസം മീറ്റിന്റെ ആദ്യ പതിപ്പ് സെപ്റ്റംബർ 27, 28 തീയതികളിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കും.

സംഘാടകർ, ഡെവലപ്പർമാർ, ഗവേഷകർ, സാഹസിക വിനോദസഞ്ചാരത്തിൽ താൽപര്യമുള്ളവർ എന്നിവരെ കാണാനുള്ള മികച്ച അവസരമായിരിക്കും ഒമാൻ ടൂറിസം മീറ്റ്. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് സാഹസിക വിനോദസഞ്ചാരം വികസിപ്പിക്കുന്നതിന് പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ടൂറിസം ഡെവലപ്‌മെന്റ് ജനറൽ ഡയറക്ടറേറ്റിലെ ടൂറിസം ഉൽപന്ന വികസന ഡയറക്ടർ ദാവൂദ് ബിൻ സുലൈമാൻ അൽ റാഷിദി പറഞ്ഞു. തൊഴിലാളികൾക്കും പങ്കെടുക്കുന്നവർക്കും സുരക്ഷയും മറ്റും നൽകും. സുൽത്താനേറ്റിൽ സാഹസിക വിനോദസഞ്ചാരത്തിന് നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂട് തയാറാക്കിയാണ് ഇത് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സാഹസിക വിനോദങ്ങൾക്കായി സുൽത്താനേറ്റിനെ ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിന് മന്ത്രാലയം ന്യൂസിലൻഡുമായി ചേർന്ന് പ്രവർത്തിക്കും. സാഹസിക ടൂറിസം സംഘടിപ്പിക്കുക, രക്ഷാപ്രവർത്തനം, പ്രഥമശുശ്രൂഷ, ആംബുലൻസ് സേവനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ന്യൂസിലൻഡിനുള്ള അനുഭവത്തിൽ നിന്ന് പ്രയോജനം നേടാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റാഷിദി പറഞ്ഞു. ഒമ്രാനുമായി സഹകരിച്ച് മന്ത്രാലയം മുസന്ദത്തിലെ ഹൈക്കിങ് ട്രാക്കുകൾ വികസിപ്പിക്കുന്നതിന് ധനസഹായം നൽകിയിട്ടുണ്ട്. സാഹസികരുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടി വരുന്ന പ്രകൃതിദത്ത സൈറ്റുകൾ, ഗുഹകൾ, വാദികൾ എന്നിവയുടെ പട്ടിക തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും റാഷിദി പറഞ്ഞു. ആഗോള സാഹസിക ടൂറിസം വിപണി 2021ൽ 282.1 ശതകോടി യു.എസ് ഡോളറായി വളർന്നുവെന്ന് ഏറ്റവും പുതിയ ആഗോള സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. 2022മുതൽ 2030 വരെ 15.2 ശതമാനം വാർഷിക വളർച്ച നിരക്കിൽ വികസിക്കുമെന്നാണ് കരുതുന്നത്. 

Tags:    
News Summary - Adventure tourism: Oman beckons tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.