അദീബ് അഹമ്മദ് വീണ്ടും ഫിക്കി അറബ് കൗൺസിൽ ചെയർമാൻ

മസ്കത്ത്: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) അറബ് കൗൺസിൽ ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ വീണ്ടും തെരഞ്ഞെടുത്തു.

2025- 26 കാലയളവിലേക്കാണ് വീണ്ടും നിയമനം നൽകിയത്. ഫിക്കിയുടെ അറബ് കൗൺസിൽ ചെയർമാനായി 2023ൽ നിയമിതനായ അദീബ് അഹമ്മദ് പ്രവർത്തന കാലയളവിൽ ഇന്ത്യയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ ശക്തമാകുന്നതിന് വേണ്ടി പ്രധാന പങ്ക് വഹിച്ചിരുന്നു.

ഫിക്കി അറബ് കൗൺസിൽ ചെയർമാൻ എന്ന നിലിയിൽ അദീബ് അഹമ്മദ് ഫിക്കിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും തുടരും. അതോടെ ഫിക്കിയുടെ ദേശീയ, അന്തർദേശീയ തലങ്ങളിലുള്ള സംഘടനയുടെ വിശാലമായ നയരൂപീകരണത്തിനും അദ്ദേഹത്തിന് പങ്കാളിത്തം വഹിക്കാനാകും.

ഇന്ത്യ-മിഡിൽ ഈസ്റ്റ് ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് ഫിക്കി അറബ് കൗൺസിൽ നിർണായക പങ്കാണ് വഹിക്കുന്നത്. അദ്ദേഹത്തിന്റെ കാലയളവിൽ ദുബൈ എക്സ്പോ സിറ്റിയുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചത് മികച്ച നേട്ടയമായിരുന്നു. അത് വഴി ഏഷ്യ- പസഫിക് സിറ്റീസ് സമ്മിറ്റ് (എ.പി.സി.എസ്) 2025 ഉൾപ്പെടെയുള്ള പ്രധാന പരിപാടികളിൽ ദീർഘകാല സഹകരണത്തിന് വഴിയൊരുക്കി.

രാജസ്ഥാൻ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നിക്ഷേപ കേന്ദ്രീകൃത പ്രതിനിധി സംഘങ്ങളെ യു.എ.ഇ ആസ്ഥാനമായുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായി സഹകരിപ്പിക്കാനും ഫിക്കി അറബ് കൗൺസിൽ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. കൂടാതെ ദുബായിൽ ഫിക്കിയുടെ ഓഫിസ് ആരംഭിച്ചതും അദീബ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള നേട്ടമാണ്.

വരും വർഷങ്ങളിൽ യുവ സംരംഭകർക്കും, അവരുടെ സ്റ്റാർട്ടപ്പുകൾക്കും കൂടുതൽ അവസരം ഒരുക്കുവാനും, അതോടൊപ്പം ഇന്ത്യയുലെ ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് ജി.സി.സി വിപണിയിലേക്ക് പ്രവേശനം സാധ്യമാക്കുകയുമാണ് ലക്ഷ്യമെന്ന് അദീബ് അഹമ്മദ് അറിയിച്ചു. കൂടാതെ മിഡിൽ ഈസ്റ്റിലെ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികളും ആസൂത്രണം ചെയ്യുമെന്നും അദീബ് അഹമ്മദ് കൂട്ടിച്ചേർത്തു.

യു.എ.ഇ, ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് എം.ഡി ആണ് അദീബ് അഹമ്മദ്. ഇത് കൂടാതെ ആഡംബര ഹോസ്പിറ്റാലിറ്റി കമ്പനിയായ ട്വന്റി 14 ഹോൾഡിങ്സിനും അദ്ദേഹം നേതൃത്വം നൽകുന്നു.

Tags:    
News Summary - Adeeb Ahmed re-elected as FICCI Arab Council Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.