മുവാസലാത്ത് ബസും കാറും  കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

മസ്കത്ത്: മുവാസലാത്ത് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അല്‍ ഖൂദ് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലക്ക് സമീപം ശനിയാഴ്ച രാവിലെയായിരുന്നു അപകടം. 
ആറാം നമ്പര്‍ റൂട്ടില്‍ (അല്‍ഖൂദ് -സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല-ബുര്‍ജ് അല്‍ സഹ്വ) ഓടുന്ന ബസാണ് അപകടത്തില്‍പെട്ടത്. മറ്റൊരു വാഹനത്തെ മറികടന്നുവന്ന കാര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് ബസില്‍ ഘടിപ്പിച്ച വിഡിയോ കാമറയിലെ ദൃശ്യങ്ങള്‍ കാണിക്കുന്നതെന്ന് മുവാസലാത്ത് അധികൃതര്‍ അറിയിച്ചു. 
ബസ് കൃത്യമായ ലൈനില്‍തന്നെയായിരുന്നു. അപകടമൊഴിവാക്കാന്‍ ബസ് ഡ്രൈവര്‍ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിശേഷം തകര്‍ന്ന കാറിലെ ഡ്രൈവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടതായാണ് സൂചന. 
ഇയാള്‍ ഏത് രാജ്യക്കാരനാണെന്നത് വ്യക്തമല്ല. ബസിന്‍െറ ഇടതുഭാഗം അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. അപകടത്തിന്‍െറ ആഘാതത്തില്‍ ഏതാനും യാത്രക്കാര്‍ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ആര്‍.ഒ.പി അന്വേഷണം നടക്കുകയാണെന്നും മുവാസലാത്ത് അധികൃതര്‍ അറിയിച്ചു.
 ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മുവാസലാത്ത് ബസ് മരണകാരണമായ അപകടത്തില്‍പെടുന്നത്. കഴിഞ്ഞ ഫെബ്രുവരി 13ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി ഇറങ്ങുന്നതിനിടെ അബായ വാതിലില്‍ കുരുങ്ങി ബസിനടിയില്‍പെട്ട് മരണപ്പെട്ടിരുന്നു. 
സര്‍വകലാശാല വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ കരാര്‍ അടിസ്ഥാനത്തില്‍ സര്‍വിസ് നടത്തുന്ന ബസിലാണ് അന്ന് അപകടമുണ്ടായത്. 
 

Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.