representational image

അക്കേഷ്യ പൂത്തു; ഖുറിയാത്ത് ഡാം പരസരത്ത് ഇനി പൂമ്പാറ്റക്കാലം

മസ്കത്ത്: അക്കേഷ്യ മരം പൂത്തതോടെ ഖുറിയാത്തിൽ വ്യാപകമായി പൂമ്പാറ്റകളെ കണ്ട് തുടങ്ങി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കണ്ടു വരുന്ന ബഹു വർണ പൂമ്പാറ്റകളെയാണ് ഇവിടെ കണ്ടുവരുന്നത്. പൂമ്പാറ്റകളെ അടുത്തറിയാനും നിരീക്ഷിക്കാനും നിരവധി പ്രകൃതി സ്നേഹികളും പരിസ്ഥിതി പ്രവർത്തകരും ഖുറിയാത്തിൽ എത്തുന്നുണ്ട്. ഖുറിയാത്ത് ഡാം പരസരത്തും സിങ്ക് ഹോൾ സമീപത്തുമൊക്കെ പൂമ്പാറ്റകളെ കാണാം. എല്ലാ വർഷവും ധാരാളം പൂമ്പാറ്റകൾ സീസണിൽ ഖുറിയാത്തിൽ കണ്ട് വരാറുണ്ടെന്ന് പ്രകൃതി നിരീക്ഷകർ പറയുന്നു. ഇവയുടെ ഒത്തുചേരൽ നമ്മെ ബോധ്യപ്പെടുത്തുന്നത് വൃക്ഷങ്ങൾ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയാണ്. അതിനാൽ ഈ അവസരം പ്രകൃതി സംരക്ഷണ ബോധവത്കരണത്തിനാണ് ഉപയോഗിക്കേണ്ടത്. മരങ്ങൾവെച്ചു പിടിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് പ്രകൃതി സംരക്ഷണത്തിന്‍റെ ഒന്നാമത്തെ നടപടിയെന്നും ഇവർ പറയുന്നു.

നിലവിൽ ഒമാനിൽ 500 ലധികം തരം പൂമ്പാറ്റകളെയാണ് കണ്ടെത്തിയിട്ടുള്ളത്. കൂടുതൽ ഇനം പൂമ്പാറ്റകളെ കണ്ടെത്താനുള്ള ഗവേഷണങ്ങൾ അധികൃതർ തുടരുകയാണ്. മലയാളത്തിൽ കരീര വെളുമ്പൻ എന്ന പേരിൽ അറിയപ്പെടുന്ന പൂമ്പാറ്റക്ക് കേപർ വൈറ്റ് എന്നും പേരുണ്ട്. ആഫ്രിക്ക, ഈജിപ്ത്, അറേബ്യൻ ഉപഭൂഖണ്ഡം, ഇന്ത്യൻ എന്നിവിടങ്ങളിലാണ് ഇവ വ്യാപകമായി കണ്ടുവരുന്നത്. ഇവ ഒമാനിൽ സ്ഥിരമായി കാണുന്നവയുമാണ്. ഇവയുടെ ചിറകുകൾ സുന്ദരമായിരിക്കും. ചിറകുകളുടെ അറ്റങ്ങളിൽ മനോഹരമായ കറുപ്പ് വരകളുമുണ്ടായിരിക്കും. സൂര്യോദയം മുതൽ അസ്തമയത്തിന് തൊട്ട് മുമ്പ് വരെ ഇവ സജീവമായിരിക്കും. ഇവ കൂട്ടമായി കൊമ്പുകൾ തോറും പാറിക്കളിക്കുന്ന ഇവയെ സുന്ദരമായ നിറങ്ങൾ കാരണം പെട്ടെന്ന് കണ്ടെത്താനാവും. തവിട്ട്, വെള്ള, കറുപ്പ് നിറങ്ങളുള്ള ചിറകുകളിലും കാണാവുന്നതാണ്.

ഖുറിയാത്തിൽ വ്യാപകമായി കാണുന്ന അക്കേഷ്യ മരങ്ങളാണ് പൂമ്പാറ്റകളുടെ ഇഷ്ട ഇടം. സമതലങ്ങളിലും താഴ്വരകളിലും ഇവ വ്യാപകമായി വളരുന്നു. ഒട്ടകങ്ങളും മറ്റ് മൃഗങ്ങളും ഇവയുടെ ഇല ഭക്ഷിക്കാറുണ്ട്. അക്കേഷ്യ മരം ഏറെ ഉറപ്പുള്ളതായതിനാൽ ട്രക്കുകളുടെ ബോഡി നിർമിക്കാനും മറ്റും ഉപയോഗിക്കുന്നുണ്ട്. തേനീച്ച വളർത്തുകാർക്കും മരം ഏറെ പ്രിയപ്പെട്ടതാണ്. ധാരാളം തേൻ ലഭിക്കാൻ അക്കേഷ്യ മരം സഹായകമാവാറുണ്ട്. ഇതിന്റെ മഞ്ഞപ്പൂക്കൾ നിരവധി കുഞ്ഞ് ജീവികൾക്ക് ആവാസം ഒരുക്കുന്നുണ്ട്.

Tags:    
News Summary - Acacia blossoms; Butterfly season in the vicinity of Qurriat Dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.