മസ്കത്തിലെ അൽഖോർ മസ്ജിദിൽ സുൽത്താൻ ഹൈതം ബിൻ താരിഖും മന്ത്രിമാരും അടക്കമുളള്ളവർ വെള്ളിയാഴ്ച ചെറിയ
പെരുന്നാൾ നമസ്കാരത്തിൽ
മസ്കത്ത്: വിശുദ്ധിയുടെ നിറവിൽ ഒമാനിൽ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. മസ്ജിദുകളും ഈദ്ഗാഹുകളും തക്ബീർ ധ്വനികളാൽ ഭക്തി സാന്ദ്രമായി. പരസ്പരം ആശേഷിച്ചും സ്നേഹ സന്ദേശങ്ങൾ കൈമാറിയുമാണ് വിശ്വാസികൾ പെരുന്നാൾ നമസ്കാരം കഴിഞ്ഞു പിരിഞ്ഞത്. വിവിധ ഇടങ്ങളിൽ ലഘു വിഭവങ്ങളും മധുര പാനീയങ്ങളും വിതരണം ചെയ്തു.
പെരുന്നാൾ ആഘോഷിക്കാൻ ജനങ്ങൾ ജുമുഅക്ക് ശേഷം പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നീങ്ങിത്തുടങ്ങിയതോടെ റോഡുകളിൽ പലയിടത്തും ഗതാഗത തടസ്സം നേരിട്ടു. റോയൽ ഒമാൻ പൊലീസിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മുവാസലാത്ത് പതിവുപോലെ സേവനം നടത്തിയത് സാധാരണക്കാരായ പ്രവാസികൾക്ക് സഹായകരമായി. അനുകൂല കാലവസ്ഥയിലായിരുന്നു ഇത്തവണത്തെ പെരുന്നാൾ നമസ്കാരങ്ങളും ഈദ് ഗാഹുകളും നടന്നത്. ഇത്തവണ പൊതുവെ മേഘാവൃതമായ ആകാശമായതിനാൽ കാര്യമായ ചൂട് അനുഭവപ്പെട്ടിരുന്നില്ല.
മസ്കത്ത് ഗവർണറേറ്റിലെ അൽ ഖോർ മസ്ജിദിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാൾ നമസ്കാരം നിർവഹിച്ചത്. ഔഖാഫ്, മതകാര്യ മന്ത്രി ഡോ.മുഹമ്മദ് ബിൻ സഈദ് അൽ മമാരിയാണ് ഈദ് നമസ്കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകി. ഖുത്ബയിൽ റമദാനും ഖുർആനും പെരുന്നാളും തമ്മിലുള്ള അഗാധ ബന്ധം ഊന്നിപ്പറഞ്ഞു.
രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, സ്റ്റേറ്റ് കൗൺസിലിന്റെ ചെയർമാൻമാർ, സുൽത്താന്റെ സായുധ സേനയുടെയും മറ്റ് സൈനിക, സുരക്ഷാ വിഭാഗങ്ങളുടെയും കമാൻഡർമാർ, ഒമാനിലെ ഇസ്‌ലാമിക രാജ്യങ്ങളുടെ നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, ഉപദേശകർ, ശൈഖുമാർ, വ്യവസായ പ്രമുഖർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഈദ് പ്രാർഥനകൾക്ക് ശേഷം സുൽത്താന് നിരവധിപേർ ആംശസകൾ കൈമാറി. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം സുൽത്താൻ അൽ ആലം പാലസിലേക്ക് യാത്രയായി. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും, അറബ്-ഇസ്‌ലാമിക ലോകത്തിനും സമാധാനവും അനുഗ്രഹവും നിറഞ്ഞ ദിനങ്ങളാകട്ടെയെന്ന് അദ്ദേഹം പ്രാർഥിച്ചു.
മേഖലയിലെ പ്രതിസന്ധികൾ മാറാനും ലോകസമാധാനത്തിനുമായി പള്ളികളിൽ പ്രത്യേക പ്രാർഥനകൾ നടന്നു. വ്രതകാലത്ത് നേടിയെടുത്ത ആത്മീയ ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാൻ ഇമാമുമാർ വിശ്വാസികളെ ഓർമ്മിപ്പിച്ചു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് രാജ്യത്ത് അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി രാജ്യമൊട്ടാകെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളാണ് അരങ്ങേറുന്നത്. ഒമാന്റെ തനതായ പൈതൃക കലകളായ അൽ റസ, അൽ അസി എന്നിവ വിവിധ വിലായാത്തുകളിൽ നടന്നു. വാളുകളും വടികളും ഉപയോഗിച്ച് താളാത്മകമായ ചുവടുകളോടെ പുരുഷന്മാർ അവതരിപ്പിക്കുന്ന റസ നൃത്തം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം ഈദ് അവധിക്കാലത്ത് പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിൽ ഫോക് ലോർ ഷോകൾ, നാടകങ്ങൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. മസ്‌കത്തിലെ അൽ അമിറാത്ത് പാർക്ക് പോലുള്ള പൊതുസ്ഥലങ്ങളിൽ മസ്‌കറ്റ് മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വിനോദ പരിപാടികൾ ഒരുക്കി. പെരുന്നാൾ പ്രമാണിച്ച് മത്ര കോർണിഷും സൂഖും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.