ദാർസൈത്തിലെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടിത്തം കെടുത്താനുള്ള സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗത്തിന്റെ ശ്രമം
മസ്കത്ത്: തലസ്ഥാന നഗരിയിലെ മത്ര വിലായത്തിലെ ദാർസൈത്തിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. തീ നിയന്ത്രണവിധേയമാക്കിയെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു. കെട്ടിടത്തിൽനിന്ന് നാലുപേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി.
ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് ഇവരെ പുറത്തെത്തിക്കുകയായിരുന്നു. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സി.ഡി.എ.എ അധികൃതർ അറിയിച്ചു.
തീ ആളിപ്പടർന്നതോടെ സമീപത്തെ കടകൾ അടക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. നഗരത്തിൽ കറുത്ത പുക ഉയർന്നത് സമീപവാസികളെയും കച്ചവടക്കാരെയും ആശങ്കയിലാക്കി. കെട്ടിടത്തിന് സമീപത്ത് കൂട്ടംകൂടിനിന്നവരെയും റോയൽ ഒമാൻ പൊലീസ് ഇവിടെനിന്നും മാറ്റി.
നിരവധി സാധനങ്ങൾ കത്തിനശിച്ചിട്ടുണ്ട്. വൻ നാശനഷ്ടമാണ് കണക്കാക്കുന്നത്. മണിക്കൂറുകളോളം പുക ഉയർന്നുകൊണ്ടേയിരുന്നു. തൊട്ടടുത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മസ്കത്ത് യൂനിറ്റ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗത്തിലെ അഗ്നിശമന സേനാംഗങ്ങളുടെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.
ക്രെയിൻ അടക്കമുള്ള സജ്ജീകരണങ്ങൾ ഉപയോഗിച്ചാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.