മസ്കത്ത് അന്തരാഷ്ട്ര പുസ്തക മേളയിൽനിന്നുള്ള കാഴ്ച
മസ്കത്ത്: മസ്കത്ത് അന്തരാഷ്ട്ര പുസ്തക മേളയിൽ വൻ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി. പുസ്തകോത്സവ നഗരിയിലേക്ക് കുട്ടികളും മുതിർന്നവരും കുടുംബ സമേതം എത്താൻ തുടങ്ങിയതോടെ നല്ലതിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.1992 ലാണ് ആദ്യമായി മസ്കത്ത് പുസ്തകോത്സവം ആരംഭിച്ചത്.
എന്നാൽ ഈ വർഷം ഏറ്റവും വലിയ പുസ്തകോത്സവമായാണ് അറിയപ്പെടുന്നത്. 35 രാജ്യങ്ങളിൽനിന്നായി 674 പുസ്തകാലയങ്ങൾ പങ്കെടുക്കുന്നുണ്ട്. ഇതിൽ 640 പുസ്തകാലയങ്ങളും നേരിട്ടാണ് പങ്കെടുക്കുന്നത്. 34 പ്രസാധനലായങ്ങൾ നേരിട്ടല്ലാതെ പ്രദേശിക ഏജൻസികൾ വഴിയും മേളയുടെ ഭാഗമാകുന്നു. 6,81,041 തലക്കെട്ടിലുള്ള പുസ്തകങ്ങൾ വിൽപനക്കെത്തിയിട്ടുണ്ട്. ഇതിൽ 4,67,413 പുസ്തകങ്ങൾ അറബി തലക്കെട്ടുകളിലുള്ളവയും ബാക്കി 2,13,610 വിദേശ ഭാഷകളിൽ ഉള്ളവയുമാണ്.
സാഹിത്യ പുസ്തകങ്ങളാണ് മേളയിൽ നിറഞ്ഞുനിന്നത്. 27,464 പുസ്തകങ്ങൾ ഒമാനി എഴുത്തുകാരുടേതാണ്. പുസ്തകോത്സവത്തിൽ എത്തിയ 52,205 പുസ്തകങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പുറതിറങ്ങിയവയാണ്. അടുത്ത ശനിയാഴ്ചയാണ് പുസ്തകോത്സവത്തിന് തിരശ്ശീല വീഴുന്നത്. പുസ്തകോത്സവത്തേടനുബന്ധിച്ച് നിരവധി സാംസ്കാരിക പരിപാടികളും നടക്കുന്നുണ്ട്. കുട്ടികൾക്കുള്ള ചിത്ര രചന മത്സരം മുതൽ ശിൽപശാലകൾ വരെ ഇതിൽ ഉൾപ്പെടും.
പുസ്തകം എഴുത്ത് കാരുടെ കൈയൊപ്പോടെയുള്ള പുസ്തക വിൽപന, സാഹിത്യ ചർച്ച വേദികൾ, എല്ലാ വിഭാഗക്കാർക്കും ആസ്വദിക്കാൻ പറ്റിയ രീതിയലുള്ള സാംസ്കാരിക പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടും. ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ , വ്യാഴം ദിവസങ്ങൾ വിദ്യാർഥികൾക്ക് മാത്രമായി നിജപ്പെടുത്തിയതിനാൽ വെള്ളി, ശനി ദിവസങ്ങളിലാണ് പൊതുജനങ്ങൾ അടിച്ചുകയറുക, അതിനാൽ ഈ ദിവസങ്ങളിൽ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. മലയാളം പുസ്തകങ്ങൾ വിൽപനക്കെത്തുന്ന അൽ ബാജിലും ഡി.സി ബുക്സിലും കൂടുതൽ സന്ദർശകർ എത്തുന്നുണ്ട്. പുതിയ പുസ്തകങ്ങൾ നല്ലപോലെ വിറ്റഴിയുന്നതായും ബുക്സ്റ്റാളുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് സമ്മാനിച്ച സൂറത്തുൽ ഫാത്തിഹ ആലേഖനം ചെയ്ത വെള്ളി പാത്രങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ വൈവിധ്യമാർന്ന സാംസ്കാരിക-മ്യൂസിയം പ്രവർത്തനങ്ങളുമായി ദേശീയ മ്യൂസിയവും. മ്യൂസിയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളുടെ പ്രദർശനവും അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ വസ്തുക്കളുടെ അപൂർവ ശേഖരവും നിരവധി കലാപരവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ ദേശീയ മ്യൂസിയത്തന്റെ പവിലിയൻ
ദേശീയ മ്യൂസിയത്തിന്റെ കോണിലെത്തുന്ന സന്ദർശകർക്ക് സുൽത്താൻ ഖാബൂസിന്റെ രണ്ട് അപൂർവ ശേഖരങ്ങൾ കാണാനുള്ള അവസരം ലഭിക്കും. പ്രമുഖ പണ്ഡിതനായ സയ്യിദ് അബ്ദുൽ സലാം അൽ അസ്മർ അൽ ഫൈതുരി അൽ തരാബുൽസിയുടെ മകൻ മുഹമ്മദ് ബിൻ അലി ഹൈസ് രചിച്ച വിശുദ്ധ ഖുർആനിന്റെ ഒരു പകർപ്പാണ് ആദ്യത്തേത്. തുകൽ, മഷി, കടലാസിൽ സ്വർണ്ണം എന്നിവ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. രണ്ടാമത്തെ ശേഖരത്തിൽ സൂറത്തുൽ ഫാത്തിഹ ആലേഖനം ചെയ്ത രണ്ട് വെള്ളി പാത്രങ്ങളും അള്ളാഹു എന്ന പദവും ഉൾപ്പെടുന്നു. 2008ൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് സമ്മാനിച്ചതാണിത്.
ഒമാനി പൈതൃകത്തെക്കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിനായി, കുട്ടികൾക്കായി രൂപകൽപന ചെയ്ത മ്യൂസിയത്തന്റെ ശേഖരങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി ആർട്ട് വർക്ക് ഷോപ്പുകൾ നാഷണൽ മ്യൂസിയത്തിന്റെ ലേണിങ് സെന്റർ വാഗ്ദാനം ചെയ്യുന്നു. സാംസ്കാരിക വേദികളിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനും മ്യൂസിയത്തിന്റെ സന്ദേശം സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് എത്തിക്കുന്ന പ്രമുഖ സ്ഥാപനമെന്ന സ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ നാഷനൽ മ്യൂസിയത്തിന്റെ പങ്കാളിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.