മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്തിന്റെ പ്രവേശന കവാടം അത്യാധുനിക രീതിയിൽ നവീകരിക്കുന്ന വൻകിട വികസന പദ്ധതിയുടെ ഭാഗമായി 2.5 കിലോമീറ്റർ നീളമുള്ള പുതിയ പാതയുടെ നിർമാണം പൂർത്തിയായി. പ്രദേശവാസികൾക്കും സന്ദർശകർക്കും അനുയോജ്യമായ ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കുന്നതിനാണ് ഈ പുതിയ പാത വികസിപ്പിച്ചത്.
ഇതോടൊപ്പം പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഗതാഗത മാർഗങ്ങളായ കാൽനടയാത്രയും സൈക്ലിങ്ങും ഇലക്ട്രിക് ബൈക്ക് ഉപയോഗവും പ്രോത്സാഹിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ലിവ വിലായത്തിന്റെ മുഖച്ഛായ മാറ്റാൻ നടപ്പാക്കുന്ന നാല് കിലോമീറ്റർ നീളമുള്ള വിപുലമായ ലിവ എൻട്രൻസ് ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. നിലവിലുള്ള റോഡുകൾ വീതികൂട്ടുക, റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, കവലകൾ പുനർരൂപകൽപ്പന ചെയ്യുക, ആധുനിക ലൈറ്റിങ് സംവിധാനങ്ങൾ സ്ഥാപിക്കുക, കാൽനടയാത്രക്കാർക്കുള്ള പ്രത്യേക വഴികൾ, സൈക്ലിങ് ട്രാക്കുകൾ, ഹരിത പ്രദേശങ്ങൾ, പൊതു പാർക്കുകൾ എന്നിവ ഒരുക്കൽ ഉൾപ്പെടെയുള്ള വിപുലമായ നവീകരണ പ്രവർത്തനങ്ങളാണ് ഈ പദ്ധതിക്ക് കീഴിൽ വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ റോഡ് ടാറിങ്ങും ശക്തമായ മഴവെള്ള ഓടകളുടെ നിർമ്മാണവും പൂർത്തിയാക്കിയിരുന്നു. നിലവിൽ ഇതിനോടൊപ്പം ലാൻഡ്‌സ്‌കേപ്പിംഗ്, കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, വിനോദ സൗകര്യങ്ങൾ ഒരുക്കൽ എന്നിവയാണ് പുരോഗമിക്കുന്നത്. പ്രവേശന കവാടത്തിന്റെ നവീകരണം പൂർത്തിയാകുന്നതോടെ ലിവ നഗരം കൂടുതൽ മനോഹരവും ആധുനികവുമായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.